Tuesday, October 25, 2011

കര്‍ട്ടന്‍ റൈസര്‍

ഗ്രാന്‍ഡ് & പ്രിന്‍സ്, ആരാധന & അര്‍ച്ചന , കുമാര്‍, കൃഷ്ണ, സുധി, പ്രിയ, എസ്. എം പി. പിന്നെ അന്നേ പൂട്ടിക്കിടക്കുന്ന ടെര്‍മിനസ് തീയറ്റര്‍. അവസാനം തുറന്ന പ്രണവം. ഇത്രയുമായിരുന്നു കൊല്ലത്തെ തീയറ്ററുകള്‍




ഇതില്‍ കൃഷ്ണ, സുധി എന്നിവ ഓഡിറ്റോറിയങ്ങളായി. കുമാര്‍ ഇന്നില്ലെന്ന് തോന്നുന്നു. പ്രിയ മുത്തൂറ്റ് ധന്യ ആണ്‌. ടെര്‍മിനസ് നിന്ന സ്ഥലത്താണ്‌ ഇന്ന് ബീച്ച് ഓര്‍ക്കിഡ് ഹോട്ടല്‍. മറ്റുള്ളവയെല്ലാം ഇപ്പോഴുമുണ്ട്. അന്നത്തെപ്പോലെ.



ബാക്കിയൊക്കെ അന്നത്തെപ്പോലെ തന്നെ ഇരുപതു കൊല്ലം കഴിഞ്ഞിട്ടും. സൗണ്ട് സിസ്റ്റം ഡി റ്റി എസ് ആക്കി എന്നതൊഴികെ. മറ്റൊരു വത്യാസം അവസാനം നാട്ടില്‍ സിനിമ കാണുന്ന കാലത്ത് ശ്രദ്ധിച്ചത് "കര്‍ട്ടന്‍ റൈസര്‍" എന്ന ചടങ്ങ് ഇപ്പോള്‍ കൊല്ലത്ത് തീയറ്ററുകളില്‍ ഇല്ല. കര്‍ട്ടനുകള്‍ ഉയര്‍ന്നു തന്നെ കാണുന്നു.



സിനിമ തുടങ്ങുന്നതിനു മുന്നേ സ്ക്രീനിനു മുകളിലെ കര്‍ട്ടന്‍ ഉയര്‍ത്തുന്നത് അല്പ്പം വിസ്തരിച്ചായിരുന്നു പണ്ട്. ഏതോ സരസന്‍ ഇട്ട പേരാകണം കര്‍ട്ടന്‍ റൈസര്‍ എന്നത്. അതൊരു അംഗീകരിക്കപ്പെട്ട പേരായിത്തീര്‍ന്നു.



നല്ല തിരക്കുള്ള ദിവസമോ സിനിമ തുടങ്ങാന്‍ താമസിച്ച് ജനം കൂവിക്കൊണ്ടിരിക്കുമ്പോഴോ ആണെങ്കില്‍ കര്‍ട്ടന്‍ റൈസറിനൊരു കയ്യടി കൊടുക്കും. അല്ലാത്ത ദിവസങ്ങളില്‍ വെറുതേ നോക്കിയിരിക്കും.



നാടകത്തിന്റെ സ്റ്റേജ് കര്‍ട്ടന്‍ പോലെയായിരുന്നു തീയറ്ററുകളുടേതും. ഉയര്‍ത്തുന്നത് വൈദ്യുത മോട്ടോര്‍ കപ്പി കൊണ്ടാണെന്ന് മാത്രം. കര്‍ട്ടന്‍ പൊങ്ങുമ്പോഴുള്ള സംഗീതം ഓരോ തീയറ്ററുകളുടെയും സിഗ്നേച്ചര്‍ ആണ്‌. ഇവയുടെ സ്റ്റൈല്‍ പരസ്പരം കോപ്പിയടിച്ചിരുന്നെന്നു തോന്നുന്നു, കൊല്ലത്തെ എല്ലാ തീയറ്ററുകളുടെയും കര്‍ട്ടന്‍ മ്യൂസിക്ക് എഴുപതുകളിലെ പോപ്പ് മ്യൂസിക്ക് ആയിരുന്നു.



പല തീയറ്ററുകളും അവരുടേതായ ക്രിയേറ്റിവിറ്റി ഉപയോഗിച്ചിരുന്നു. സുധി തീയറ്ററിന്റെ കര്‍ട്ടന്‍ ഉയരുമ്പോള്‍ അതിന്റെ വെയിറ്റില്‍ തൂക്കിയ കുഞ്ചലങ്ങള്‍ നൃത്തം ചെയ്യും. പ്രിയ തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്കിനനുസരിച്ച് റൂഫ് ലൈറ്റുകള്‍ മിന്നുകയും അണയുകയും ചെയ്യും. അര്‍ച്ചന തീയറ്ററിന്റെ കര്‍ട്ടന്‍ ഇരുവശത്തേക്കുമാണ്‌ മാറുന്നത്.



ആയിടെ ഒരു തീയറ്റര്‍ തുടങ്ങിയ പുതു രീതി എല്ലാവരും വേഗം അനുകരിച്ചു തുടങ്ങി- കര്‍ട്ടന്‍ ഉയരാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്ലൈഡ് ഷോയും ആരംഭിക്കും. ആദ്യത്തെ സ്ലൈഡുകള്‍ "Welcome", "No smoking" , "Photophone sound & projection in this theatre" തുടങ്ങിയവയൊക്കെ കര്‍ട്ടനു മുകളിലായിരിക്കും, സ്ലൈഡ് ഷോ പകുതി കഴിയുമ്പോഴേക്ക് സ്ക്രീനില്‍ പതിഞ്ഞു തുടങ്ങും. പരസ്യങ്ങള്‍ അവസാനമാണ്‌, അത് സ്ക്രീനില്‍ തന്നെ കാണിക്കും.



കര്‍ട്ടന്‍ റൈസര്‍ അവസാനിക്കുന്നതോടെ റൂഫ് ലൈറ്റുകള്‍ അണയും. ന്യൂസ് റീലോ പരസ്യമോ സിനിമ തന്നെയോ തുടങ്ങുകയായി.



കര്‍ട്ടന്‍ മ്യൂസിക്ക് ഇഷ്ടപ്പെട്ട് ആ പാട്ടുകാരുടെ പാട്ട് വാങ്ങിയിട്ടുണ്ട് രണ്ടു തവണ. സുധി തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്ക് കേട്ട് ഇഷ്ടപ്പെട്ടു, പക്ഷേ അതില്‍ നിന്ന് we are the robots എന്നല്ലാതെ വരികള്‍ മനസ്സിലാവുന്നില്ല. എന്തരോ വരട്ട്, ഹൗസ് ഓഫ് മ്യൂസിക്ക് എന്ന പാട്ടുകടയില്‍ ചെന്നു കയറി. "ആശാനേ ഈ we are the robots എന്ന പാട്ടുള്ള ആല്‍ബം ഇല്ലേ, അതേതാണ്‌?"



കടക്കാരന്‍ തിരിഞ്ഞ് അകത്തേക്ക് ഒരു വിളി "സുരേന്ദ്രാ, ആ craft werk ന്റെ man machine സ്റ്റോക്കുണ്ടോടേ?" അങ്ങനെ അതിനു പരിഹാരമായി. ഈയിടെ യൂ ട്യൂബില്‍ ദത്തനു we are the robots കാണിച്ചുകൊടുത്തു. അവനും അത് ഇഷ്ടമായി.



രണ്ടാമത്തെ പാട്ടില്‍ അല്പ്പം കുഴഞ്ഞു. ആഫ്രോ പോപ്പ് ആണ്‌. എന്തു ഭാഷയോ വരികളോ. ഒരു പിടിയും ഇല്ല. ഒടുക്കം തീയറ്ററില്‍ ടിക്കറ്റ് കളക്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആളോട് തന്നെ ചോദിച്ചു. ഓപ്പറേറ്ററോട് ചോദിച്ചിട്ട് ഇന്റര്‍‌വെല്‍ ആകുമ്പോള്‍ പറയാം എന്ന് പുള്ളി പറഞ്ഞെങ്കിലും ഇന്റര്‍‌വെല്ലിനു കണ്ടപ്പോള്‍ കൈ മലര്‍ത്തി. ഓപ്പറേറ്റര്‍ക്കും അറിയില്ലത്രേ. കാസറ്റിന്റെ കവറില്‍ പേരില്ലേന്ന് ചോദിച്ചപ്പോള്‍ കോപ്പി ചെയ്തതാണ്‌. കുറേ കാലം ആ പാട്ട് എവിടെയെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു നടന്നു. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൊച്ചിയില്‍ വച്ച് ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലില്‍ ഈ പാട്ട് ഇട്ടിരിക്കുന്നു. നേരേ പോയി അന്വേഷിച്ചു. അങ്ങനെ കൊച്ചിയില്‍ നിന്ന് Osibisaയുടെ Ojah Awake വാങ്ങി.



കോളേജ് കാലം ഒക്കെ കഴിഞ്ഞ് തീയറ്റര്‍ നിരങ്ങല്‍ കുറഞ്ഞ ശേഷമാണ്‌ കെ. രവീന്ദ്രനാഥന്‍ നായരുടെ പ്രണവം തീയറ്റര്‍ തുറക്കുന്നത്. പുള്ളി തന്നെ നിര്‍മ്മിച്ച വിധേയന്‍ ആണ്‌ അവിടെ കണ്ട ആദ്യത്തെ സിനിമയും. കെട്ടും മട്ടും മറ്റു തീയറ്ററുകളില്‍ നിന്ന് വത്യസ്ഥമായ ആ തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്കും എഴുപതിലെ പോപ്പ് ആയിരുന്നില്ല, പഞ്ചവാദ്യമായിരുന്നു.



No comments:

Post a Comment