Monday, August 23, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ- 3
ഒന്നാം അദ്ധ്യായം- “കേരളം കൊല്ലവർഷാരംഭത്തില്‍ “ ഇങ്ങനെ തുടങ്ങുന്നു “കൊല്ലം ഒന്നാം ശതകം കേരളത്തിന്റെ സുവർണ്ണ യുഗമായിരുന്നു. പ്രജാക്ഷേമ തൽ‌പ്പരരായ കുലശേഖരന്മാരുടെ ഭരണത്തിൽ രാജ്യം ഐശ്വര്യദേവതയുടെ കേളീരംഗമായി പരിലസിച്ചു. സാംസ്കാരികമായും സാമ്പത്തികമായും അതിപ്രാചീനകാലം മുതൽ കേരളം ഉന്നതമായ സ്ഥാനം സമാര്‍ജ്ജിച്ചിരുന്നു." മനോഹരമായ ആരംഭം.

എന്തുകൊണ്ട് അങ്ങനെ കരുതാം? പുസ്തകം തുടരുന്നു “ശങ്കരാചാര്യർ, കുലശേഖര അഴ്‌വാര്‍, ചേരമാന്‍ പെരുമാള്‍ നായനാർ തുടങ്ങി അനേകം ദിവ്യജ്യോതിസുകള്‍ ഒന്നിച്ച് ആ കാലഘട്ടത്തിൽ ഉദയം ചെയ്തത് യാദൃശ്ചികമെന്നു കരുതാൻ നിവൃത്തിയില്ല.‘ ഹിന്ദുമത പ്രചാരകനും വേദാന്തിയുമായ ശങ്കരന്‍, പിന്നെ സ്വന്തം രാജ്യം നിലനിർത്തുന്നതിലേക്കല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് മുന്‍ -പിന്‍ കാല പുസ്തകങ്ങളിൽ സാഹിതീ തൽ‌പ്പരർ എന്നല്ലാതെ വിശേഷാല്‍ രേഖയൊന്നുമില്ലാത്ത രണ്ട് രാജാക്കന്മാർ എന്നിവർ ജീവിച്ചിരുന്നെന്നതാണ് കേരളത്തെ ലോകോന്നത രാജ്യമാക്കാൻ ഇളംകുളത്തെ പ്രചോദിപ്പിക്കുന്നത്. ഈ “ദിവ്യതേജസ്സുകളെ” വിട്ടിട്ട് നമുക്ക് മുന്നോട്ട് പോകാം.

മസ്ലീന്‍ തുണിയുടെ ഉല്പത്തി കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം എന്ന് ഇളംകുളം നിരീക്ഷിക്കുന്നു. (പേജ് 34). പരുത്തിക്കൃഷിക്ക് യോഗ്യമല്ലാത്ത ഭൂപ്രദേശമാണ് കേരളത്തിന്റെ എന്ന് തോന്നിയതിനാലും കാകതീയ, ബംഗാള്‍ പ്രദേശങ്ങളാണ് മസ്ലീന്റെ ഉറവിടം എന്ന് സ്കൂള്‍ കാല ഓർമ്മ ഉള്ളതിനാലും Indian textiles: past and present By G. K. Ghosh, Shukla Ghosh ഗൂഗിള്‍ ബുക്സില്‍ നോക്കി. ഇരുപതാം നൂറ്റാണ്ടിലാണ് കേരളത്തിൽ മസ്ലീൻ നിർമ്മിക്കാനുള്ള വിഫലശ്രമമൊന്ന് നടത്തിയെന്നല്ലാതെ നമ്മുടെ തുണി നിർമ്മാണത്തെപ്പറ്റി ആ പുസ്തകത്തിലും ഒന്നും കാണുന്നില്ല.സഞ്ചാരികളും മറ്റു ചരിത്രകാരൻ‌മാരും കാണാത്ത ഈ കേരളാ മസ്ലീന്‍ നെയ്യുക വഴി ഇളംകുളം കേരളത്തിന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിയിക്കാനാണ്‌ ശ്രമിക്കുന്നത് (പേജ് 35). ചരിത്രപുസ്തകങ്ങളില്‍ കാണാഞ്ഞ് അങ്ങാടികളുടെ ദീർഘവിവരണങ്ങളുള്ള ഉണ്ണുനെലിയാദി സന്ദേശങ്ങളിലും തിരക്കി. ചീനപ്പാത്രം മുതല്‍ മാന്‍‌തോല്‍ വരെ കണ്ടു, മസ്ലീ‍നില്ല.മുത്തും പവിഴവും ഇവിടെ നിന്നു കയറ്റി അയച്ചിരുന്നു എന്നും കാണുന്നു. അതിനെക്കുറിച്ചും വിവരമൊന്നും എനിക്കു കിട്ടിയില്ല. ശ്രീധരമേനോന്റെ പുസ്തകത്തില്‍ പരുത്തി വില്‍ക്കുകയും സില്‍ക്ക് വാങ്ങുകയും ചെയ്യുന്നെന്നല്ലാതെ മസ്ലീന്റെ കാര്യം പറയുന്നില്ല.


രണ്ടാം ചേരകാലത്ത് “നാട്ടിലെങ്ങും ഐശ്വര്യം കളിയാടിയിയിരുന്നു"- രാജശേഖരൻ സ്ഥാണുരവി, രാമവർമ്മ, കോതരവി, ഇന്ദുക്കോത രവി വർമ്മ എന്നിവരുടെ കാലത്തെപ്പറ്റിയാണ്. എന്തടിസ്ഥാനത്തില്‍ എന്ന് പറയുന്നേയില്ല. നാടുവാഴികൾക്ക് കാര്യമായ അധികാരമൊന്നുമില്ല നാട്ടുക്കൂട്ടം എന്ന ജനകീയ പഞ്ചായത്തുകൾ ആയിരുന്നു ഭരണം നടത്തിയിയിരുന്നത് എന്നത് ക്ഷേത്രങ്ങളുടെ പരമാധികാര സ്വഭാവം, പ്രത്യേകിച്ച് മൂഴിക്കുളം കച്ചം പോലെ ഭീകരശിക്ഷാനിയമങ്ങൾ എന്നിവയെക്കുറിച്ച് ഇളംകുളത്തിനു ധാരണയുണ്ടായിരുന്നിട്ടും അവയ്ക്കു വിപരീതമായ പ്രസ്താവനയാണ്. ഇത്തരം ക്ഷേത്രക്കമിറ്റികള്‍ കൊല്ലാരംഭകാലത്തു തന്നെ ഏതാണ്ട് പൂര്‍ണ്ണമായും നമ്പൂതിരിമാര്‍ക്കു മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നതെന്ന് ഇളംകുളം മറ്റൊരു പുസ്തകത്തില്‍ (മലയാളഭാഷയുടെ വികാസ പരിണാമങ്ങള്‍ പേജ് 41) പറയുന്നുണ്ട്. "ശൂദ്രന്‍ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനമാണ്‌ " എന്ന് നിരീക്ഷിച്ച ആചാര്യന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ന്യൂനപക്ഷം പോന്ന നമ്പൂതിരികളുടെ കമ്മിറ്റികള്‍ സമൂഹത്തെ നിയന്ത്രിച്ചിരുന്നു എന്ന് സമ്മതിക്കുന്നതിനു പകരം ഇളംകുളത്തിനു കുലശേഖരന്മാരുടെ ഭരണത്തെയും ഗ്രാമണികള്‍ നിയന്ത്രിച്ചിരുന്നു എന്ന് ഊഹിക്കാൻ ന്യായമുണ്ട് പക്ഷേ വേണ്ടത്ര രേഖയില്ലത്രേ. (പേജ് 37-38).


അങ്ങനെ കയറ്റുമതിച്ചരക്കും നിയമവാഴ്ചയും കഴിഞ്ഞു. അടുത്തത് സാംസ്കാരികം.

“ സ്പെയിനിൽ അറബ് രാഷ്ട്രമായ കതൂര്‍ബാ പോലെ ചുരുക്കം ചില രാജ്യങ്ങളേ അന്നു കേരളത്തെക്കാൾ സാംസ്കാരികമായി പുരോഗമിച്ചിരുന്നുള്ളൂ“ (പേജ് 38). രാജ്യത്തിന്റ് നാനാഭാഗത്തും ഹിന്ദു ബുദ്ധ പാഠശാലകളും കലാശാലകളും ഉണ്ടായിരുന്നു ബുദ്ധമതക്കാർ അവിടെ വൈദ്യവും ഹിന്ദുമതക്കാർ വേദം, തർക്കം, വ്യാകരണം, ജ്യോതിശാസ്ത്രം എന്നിവയും പഠിപ്പിച്ചിരുന്നു എന്ന് തുടർന്നു പ്രസ്താവിക്കുന്നു. കലാശാകളെക്കുറിച്ച് വിശദമായ ഒരദ്ധ്യായം ഈ പുസ്തകത്തിൽ ഉണ്ട്, ദീർ‌ഘമായ ചർച്ച അവിടെയാകാം. ഇവിടെ ഒരു പ്രാധമിക വിശകലനം നടത്തിപ്പോകാം.


രാജ്യത്തെങ്ങും ബുദ്ധമത പാഠശാലകൾ ഉണ്ടായിരുന്നു ( ഒമ്പത് പത്ത് നൂറ്റാണ്ടിൽ) എന്നു പറയുന്ന ഇളംകുളം പേജ് 46-47കളില്‍ പറയുന്നത് നോക്കുക. ആറ് ഏഴ് എട്ട് നൂറ്റാണ്ടുകളിൽ ബുദ്ധസന്യാസികളെ പിടികൂടി പല്ല് പറിക്കുക, സന്യാസിനികളെ വേശ്യളാക്കി വിടുക, അവരെ അങ്ങനെ ചിത്രീകരിച്ച് കാവ്യങ്ങളും പ്രഹസനങ്ങളും എഴുതുക, പിടിച്ച് കഴുവേറ്റുക, ബുദ്ധപ്രതിമകളും വിഹാരങ്ങളും തച്ചു തകർത്ത് അവരെ കാട്ടിലേക്കാറ്റിപ്പാ‍യിക്കുക തുടങ്ങിയ ഭീകര നടപടികൾ കേരളത്തിൽ അരങ്ങേറിക്കഴിഞ്ഞെന്നാണ്. എന്നിട്ട് അടുത്ത നൂറ്റാണ്ടുകളുടെ കഥയിൽ കേരളത്തിലെ ബുദ്ധ പാഠശാലകളുടെ വലിപ്പവും പറയുന്നു. "രാജ്യമെങ്ങും" പോയിട്ട് ഒരെണ്ണത്തിന്റെ പോലും പേര്‍ എവിടെയും കാണുന്നുമില്ലഇനി “ഹിന്ദു” ശാലകളുടെ കാര്യം നോക്കാം- പേജ് 149 ലേക്ക് മറിച്ചാൽ “ശൂദ്രനു വിദ്യക്കധികാരമില്ല, അവൻ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനം പോലെ നികൃഷ്ടനാണ് “.. എന്നു തുടങ്ങി ശൂദ്രൻ വേദം ഉച്ചരിച്ചാല്‍ നാക്കു മുറിക്കണം, വിദ്യാഭ്യാസം നടത്തിയാൽ ശരീരം തന്നെ മുറിക്കണം എന്നു വരെ പോകുന്ന ശങ്കരാചാര്യവചനങ്ങള്‍ ഇളംകുളം തന്നെ ഉദ്ധരിച്ചിരിക്കുന്നു. ഹിന്ദുശാലകളില്‍ ബ്രാഹ്മണര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. പ്രിവിലേജ്ഡ് ആയ ചിലര്‍ താമസിച്ചു പഠിക്കുന്നെന്ന് ഇളംകുളം അവകാശപ്പെടുന്ന ചില ബ്രാഹ്മണ ശാലകളുടെ ബലത്തിലാണ്‌ കര്‍തൂബയ്ക്ക് കിടപിടിക്കുന്ന അഭ്യസ്ഥവിദ്യരുടെ കേരളം നിര്‍മ്മിച്ചുകളഞ്ഞത്!തൊട്ടു താഴെ ശില്പകലയിലെ കേരളത്തിന്റെ ഔന്നത്യ പ്രസ്ഥാവന കാണുന്നു. പ്രശസ്ത ക്ഷേത്രങ്ങളെല്ലാം അക്കാലത്ത് നിര്‍മ്മിച്ചു എന്നതാണ്‌ ആധാരം- ഇവയില്‍ ഇന്നു കാണുന്ന ശില്പകല പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണോ എന്ന അന്വേഷണം പോലുമില്ല. അതു പോകട്ടെ- മെകോങ്ങ് നദീതടത്തിലും ആങ്ങ്‌കോര്‌വത്തിലും ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാല്‍ പോയവരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉണ്ടെന്ന് "ഊഹിക്കണം" പോലും!. എങ്ങനെ ഊഹിക്കണം ? അവിടത്തെ ക്ഷേത്രങ്ങളില്‍ വ്യക്തമായും ചോള- ഗുര്‍ജ്ജര ശില്പമാതൃകകള്‍ ഉള്ളത് പണ്ടേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ചോളന്റെ പടയോട്ടവും ഗുജറാത്തികളുടെ കുടിയേറ്റവും നടന്ന കാലത്തിനു ശേഷം പണിതവ എന്ന നിലയില്‍ അതില്‍ അതിശയിപ്പിക്കുന്ന ഒന്നുമില്ല താനും.   ( ഇളം കുളം പറയുന്നതു പത്താം നൂറ്റാണ്ടിലെ കാലം, ആങ്ങ്കോര്‍ വത്ത് പതിമൂന്നാം നൂറ്റാണ്ടില്‍ പണിതതും). കേരള ക്ഷേത്രനിര്‍മ്മാണ രീതിയുടെ ഛായ പോലും ഇപ്പറയുന്ന ഖമ്ര് ക്ഷേത്രങ്ങള്‍ക്കില്ലെന്ന് ആര്‍ക്കിയോളജിയിലും പരിചയമുള്ള ഇളംകുളത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.(സമയ പരിമിതി മൂലം ഒന്നാം അധ്യായത്തെക്കുറിച്ചുള്ള ഈ  പഠനത്തിന്റെ   ബാക്കി അടുത്ത പോസ്റ്റിലേക്ക് നീട്ടിവയ്ക്കുന്നു)

Sunday, August 22, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ-2
പുസ്തകത്തിന്റെ ആമുഖം

മറ്റു രാജ്യങ്ങളുടെ ചരിത്രകാരന്മാരുടേതുപോലെയല്ല, നമ്മുടെ നാടിന്റെ ചരിത്രം എഴുതുന്നത് ചരിതകാരന്മാരല്ല ഭാഷാപണ്ഡിതന്മാരാണ്  എന്നതിനാല്‍   കേരളചരിത്രപുസ്തകങ്ങള്‍ ചരിത്രഗവേഷണത്തിനെക്കാള്‍ ഐതിഹ്യങ്ങളിലും ഊഹാപോഹങ്ങളിലും ഊന്നിയാണ്, മറ്റുരാജ്യങ്ങളെ നോക്കൂ മഹാഭാഷാജ്ഞാനികള്‍ ആയ ദേശിവിനായകം പിള്ളയും സോമസുന്ദരഭാരതിയും മറ്റും എഴുതുന്നതിനെക്കാൾ മാനിക്കപ്പെടുന്നത് കെ ഏ നീലകൺ‌ഠശാസ്ത്രി ആദിയായ ചരിത്രജ്ഞാനികളുടെ അഭിപ്രായങ്ങൾക്കാണ് എന്ന പ്രസ്താവനയോടെയാണ് ആമുഖംതുടങ്ങുന്നത് (നമ്മുടെ രാജ്യം, തമിഴ് രാജ്യം എന്നിവയിൽ കല്ലുകടിക്കേണ്ടതില്ല. ഐക്യ ഇന്ത്യയുടെ ജനനശേഷവും നമ്മള്‍ ഏറ്ക്കാലം പാണ്ടിരാജ്യമെന്നും മലയാളരാജ്യമെന്നും സംസാരഭാഷയിലെങ്കിലും ശീലം മൂലം പ്രയോഗിച്ചു പോന്നിട്ടുണ്ട്)

വളരെ ശരിയായ ഒരു നിരീക്ഷണമാണ് ഇത്. വെറും ഐതിഹ്യങ്ങൾ മാത്രമായ കേരളോത്പത്തിയും കേരളമാഹാത്മ്യവും, പിന്നെ കൊട്ടാരം വൈദ്യനും രാജഭക്തനും എഴുതിയ ചരിത്രപുസ്തകങ്ങൾ, അടിസ്ഥാനപരമായി ചരിത്ര ഗവേഷണ വൈഭവമൊന്നും സിദ്ധിച്ചിട്ടില്ലാത്തവർ തുടങ്ങിയവർ എഴുതി നാശകോശമാക്കിയതാണ് കേരളചരിത്രം, നീലകൺ‌ഠശാസ്ത്രിയെപ്പോലെ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊഫഷണൽ ചരിത്രകാരനെപ്പോലെയുള്ളവർ കേരളചരിത്രത്തെ സമീപിക്കേണ്ടത് അത്യാവശ്യമാണ്- നിർ‌വികാരം, നിഷ്പക്ഷം എഴുതുന്ന വിദഗ്ദ്ധരെയേ നമുക്കു വേണ്ടൂ.

പക്ഷേ കൌതുകത്തോടെ അടുത്ത പേജിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് ഉള്ളൂരിന്റെ ലേഖനങ്ങളിലെ മഹാബദ്ധങ്ങൾ താൻ തിരുത്താൻ ശ്രമിച്ചെന്നും ഉള്ളൂർ അത് നിരാകരിച്ചെന്നുമാണ്. പേജ് പതിനൊന്ന് മുതല്‍ അവതാരിക അവസാനിക്കുന്ന പേജ് ഇരുപത്തഞ്ചു വരെ അതായത് ആദ്യഖണ്ഡികകൾ ഒഴികെ അവതാഇകയുടെ എൺപത്തഞ്ച് ശതമാനത്തോളം ഉള്ളൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് അവതാരികയിലൂടെ ഇളംകുളം ചെയ്യുന്നത്. (ചില പേജുകൾ ഫോട്ടോയെടുത്ത് അടുത്ത പോസ്റ്റായി ഇടുന്നതാണ്‌.)


13-08-1953 എന്നാണ് അവതാരികയുടെ തീയതി കാണുന്നത്- ഉള്ളൂര്‍ മരിച്ചു കഴിഞ്ഞിട്ട് ഈ ആക്ഷേപങ്ങള്‍ ഒരു പുസ്തകത്തിന്റെ ആമുഖമായി എഴുതുന്നത് എന്തിനെന്ന് ആലോചിച്ചപ്പോഴാണ്‌ ആദ്യ ഭാഗത്തിന്റ് വ്യംഗ്യാര്‍ത്ഥം തനിക്കു മുന്നേയുള്ളവരെല്ലാം - പ്രത്യേകിച്ച് ഉള്ളൂര്‍ ആദിയായവര്‍ സോമസുന്ദരഭാരതിയെ‌പ്പോലെയുള്ളവരും താന്‍ കേരളത്തിന്റെ ‌ നീലകണ്‍‌ഠശാസ്ത്രിയും എന്ന് ഇളംകുളം പ്രഖ്യാപിക്കുന്നതുപോലെയാണ് തോന്നിയത്. [രണ്ടാം പതിപ്പിൽ (1957) ഈ അവതാരിക പരുഷമായിപ്പോയതില്‍ താന്‍ ക്ഷമചോദിക്കുന്നെന്നും മൂന്നാം പതിപ്പിൽ (1963)ചരിത്രഗവേഷകന്മാരുടെ അഭിപ്രായം സാഹിത്യപണ്ഡിതർ എഴുതുന്നതിനു കീഴേയാകുന്ന അവസ്ഥയ്ക്ക് മാറ്റം വന്നെന്നും ഇളംകുളം അടിക്കുറിപ്പുകളില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. ]

ക്ഷുഭിതനായും സ്വയം സ്ഥാപിക്കാൻ ശമിച്ചും എഴുതിയതെങ്കിലും ഇളംകുളം  നിർ‌വ‌ചി‌ച്ച പ്രൊഫഷണലിസത്തിന്റെയും വിഷയ‌വൈദ‌ഗ്ദ്ധ്യത്തിന്റെയും മാനദണ്ഡങ്ങളോട് ഏറെക്കുറെ ഞാനും യോജിക്കുന്നു. അതിനാൽ അതേ അളവുകോൽ കൊണ്ട് നമുക്ക് ഈ പുസ്തകത്തെ അളക്കാം.
അവതാരിക
കെ പി പിള്ള  എഴുതിയ അവതാരികയില്‍ ( സ്കാന്‍ പേജ് നോക്കുക) അതിശയോക്തി കലര്‍ന്ന ഇളംകുളത്തിന്റെ ചില നിഗമനങ്ങളെപ്പറ്റി വിമര്‍ശനമുണ്ടെങ്കിലും ഇതുവരെ ഇല്ലാത്ത വിധം കേരള ചരിത്രത്തിലെ മങ്ങിയ നാളുകളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ആദ്യ ശ്രമം അഭിനന്ദനീയമാണെന്ന അഭിപ്രായമാണുള്ളത്. ഈ നാളുകളെ പഠിക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍ കണ്ടെത്തുകയും വെളിച്ചത്തെത്തിക്കുകയും ചെയ്ത ട്രാവര്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസിന്റെ അഞ്ചു വോള്യങ്ങളും സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സും നീലക‌ണ്ഠ ശാസ്ത്രിയുടെ മിക്ക പുസ്തകങ്ങളും ഇറങ്ങിക്കഴിഞ്ഞ കാലത്താണ്‌ ഇളംകുളം ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ (പലകാലമായി രചിച്ചത് എന്നു മാത്രമല്ല ആധുനിക കാലത്തെ മറ്റേത് ചരിത്രകാരനേയും പോലെ ട്രാവന്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസും സൗത്ത് ഇന്ത്യന്‍ ഇന്‍‌സ്ക്രിപ്ഷന്‍സമ്മാണ്‌ ഇളംകുളത്തിന്റെ ഗവേഷണത്തിനെയും അസംസ്കൃത വസ്തുക്കളിലും ആധാരങ്ങളിലും മഹാഭൂരിപക്ഷവും എന്ന നിലയില്‍ ആദ്യശ്രമമെന്ന പരാമര്‍ശം അസ്ഥാനത്താണ്‌, എന്നിരുന്നാലും കൊട്ടാരം വൈദ്യരും ആശ്രിതരും ഒക്കെ എഴുതി വച്ച ചരിത്രങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചരിത്രകാരന്മാരുടെ ആദ്യ തലമുറയില്‍ തന്നെ പെട്ടയാള്‍ എന്ന നിലയ്ക്ക് വിവരങ്ങളുടെ അലഭ്യതയോ മറ്റോ മൂലം ഉണ്ടാകാവുന്ന പിഴവുകള്‍ പുസ്തകത്തിന്റെ ന്യൂനതയായി കാണാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഇളംകുളവും ഇടതും!

എന്തുകൊണ്ട് ഇളംകുളത്തിന്റെ അനുമാനങ്ങളെ വിമര്‍ശന വിധേയമാക്കുന്നു? കഴിഞ്ഞ രണ്ട് മാസം കൊണ്ട് പലരുടേതായി മൂന്നുനാലു മെയില്‍ വന്നു. അതില്‍ മിക്കതും ഇളം‌കുളം എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പെട്ടെന്ന് അനഭിമതനായി എന്ന് അന്വേഷിക്കുന്നതും ഒരെണ്ണം എന്താണ്‌ എനിക്ക് ഇളംകുളത്തോട് ഉള്ള വിരോധം എന്ന് അന്വേഷിക്കുന്നതുമാണ്‌.

കമ്യൂണിസത്തിന്റെ സാമ്പത്തിക ശാസ്ത്ര തത്വങ്ങളോടല്ലാതെ രാഷ്ട്രീയ ചട്ടക്കൂടിനോട് യോജിപ്പില്ലാത്ത ഒരു ഇടതുപക്ഷക്കാരന്‍ ആണ്‌ ഞാന്‍. ആത്യന്തികമായി, ഞാന്‍ എഴുതുന്നത് എന്റെ വീക്ഷണമാണ്‌, ഇടതുപക്ഷത്തിന്റേതല്ല, മറ്റൊന്നിന്റേതുമല്ല. അതവിടെ നില്‍ക്കട്ടെ.

ഇടതുപക്ഷത്തിനു വരോധമുണ്ടാവേണ്ട ഒരാളാണോ ഇളംകുളം? എനിക്കു തോന്നുന്നില്ല അങ്ങനെ. ഈയിടെ പുനര്‍‌വായിച്ച രണ്ടു പുസ്തകങ്ങളിലും സോഷ്യോ പൊളിറ്റിക്കല്‍ പ്രതിഭാസങ്ങളെ വിശകലനം ചെയ്യാന്‍ മറ്റാരെക്കാളും കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് ഏംഗല്‍സിനെയും മാര്‍ക്സിനെയുമാണ്‌. വിയോജിക്കുന്ന ഭാഗങ്ങളില്‍ പോലും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ ഏംഗല്‍സിന്റെ ഒരു വീക്ഷണം യോജിക്കുന്നില്ലെങ്കിലും പൊതു ലോക തത്വമെന്ന നിലയില്‍ അതിനെ അംഗീകരിക്കുന്നു എന്ന നിലയിലാണ്‌ എഴുത്ത്. രാഷ്ട്രീയ വീക്ഷണത്തില്‍ ഇളംകുളം കമ്യൂണിസത്തോട് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട് രാഷ്ട്രീയപരമായ എതിര്‍പ്പൊന്നും ഒരു കമ്യൂണിസ്റ്റുകാരന്‌ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ എനിക്കൊന്നുമില്ല. ചരിത്രം രാഷ്ട്രീയ ചായ്‌വുകളോടെയോ ഇല്ലാതെയോ സമീപിച്ചാലും അതിലെ സംഭവവികാസങ്ങള്‍ മാറുന്നില്ല. നോക്കിക്കാണുന്ന രീതിയേ മാറുന്നുള്ളൂ. സത്യം സത്യമായി തന്നെ ശേഷിക്കേണ്ടതുണ്ട്.

ആ സത്യത്തെ മാറ്റിമറിക്കുന്ന തരം അനുമാനങ്ങള്‍ ഇളംകുളത്തിന്റെ പുസ്തകങ്ങളില്‍ കാണുന്നുണ്ടെന്നതാണ്‌ എന്റെ പ്രശ്നം. അത് അറിവില്ലായ്മ മൂലം സംഭവിച്ചതാണെങ്കില്‍ തിരുത്തപ്പെടേണ്ടതുണ്ട്. അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. അത് ചെയ്യാനാണ്‌ ഈ ഉദ്യമം. ഈ വിഷയത്തിലേക്ക് ആകസ്മികമായി എത്തിപ്പെട്ടതാണെങ്കിലും ഗൗവരപൂര്‍‌വം തന്നെ ഈ സീരീസ് എഴുതുന്നതിന്റെ കാരണവും അതാണ്‌.

ചേരസാമ്രാജ്യമെന്ന ഭരണവ്യവസ്ഥയുടെ കാര്യവും അത് കേരളത്തിലുണ്ടാക്കിയെന്ന് ഇളംകുളം അവകാശപ്പെടുന്ന വത്യാസങ്ങളും ചേരുന്ന കാര്യങ്ങളോടാണ്‌ എന്റെ വിയോജിപ്പാകെ. ഇതുകൊണ്ട് എനിക്കു ചോളപക്ഷത്തോടടോ പാണ്ഡ്യപക്ഷത്തോടോ എന്തെങ്കിലും മമതയുണ്ടെന്ന് കരുതുന്നവര്‍ രാഷ്ട്രീയോദ്ദേശം ഈ ഉദ്യമത്തില്‍ കണ്ടവരെപ്പോലെ തെറ്റിദ്ധരിക്കപ്പെടുന്നു. ആയിരം വര്‍ഷം മുന്നേയുണ്ടായിരുന്ന രാജഭരണ സം‌വിധാനം- അത് തെന്നിന്ത്യയിലെന്നല്ല ലോകത്താകമാനം ഏതാണ്ട് തുല്യമായിരുന്നു. കേരളവും പാണ്ടിയും ചോളവും എല്ലാം വെറും തമിഴ് നാടായിരുന്നു അക്കാലം- ഈ മൂന്നു പരമ്പരയിലെ രാജാക്കന്മാരെ "തമിഴ് നാട്ടു മൂവേന്തര്‍." (ലീലാതിലകത്തിലെ കൂന്തല്‍ വാദം കാണുക) എന്നായിരുന്നു പരാമര്‍ശം പോലും എന്നതിനാല്‍ പ്രത്യേകിച്ച് സ്വദേശാഭിമാനത്തിന്റെ സാംഗത്യം പോലും വരുന്നില്ല. എന്നാല്‍ അതുകൊണ്ട് അസത്യവും സത്യവും തമ്മില്‍ ഭേദമില്ലെന്നും ആകുന്നില്ല.

ചേരന്‍ ഭരിച്ചാലും ചോളന്‍ ഭരിച്ചാലും പാണ്ഡ്യന്‍ ഭരിച്ചാലും ആയിരം വര്‍ഷം മുന്നേ എന്തെങ്കിലും വലിയ വത്യാസം കേരളത്തിലെ ജീവിതരീതിക്ക് ഉണ്ടായിരിക്കും എന്ന് ഞാന്‍ കരുതുന്നില്ലെന്ന് സാരം. കളഭ്രന്മാരുടെ ഭരണത്തിനു കീഴിലെ കേരളവും മധുരൈ സുല്‍ത്താന്മാര്‍ക്ക് കപ്പം കൊടുക്കുന്ന കേരളവും പെരുമാള്‍ വാഴ്ചയും എല്ലാം രാജവാഴ്ച്ചകള്‍ മാത്രമായിരുന്നു. പെണ്ണരശും കുടിയരശും എല്ലാം എനിക്ക് അങ്ങനെ തന്നെ. എന്നിരുന്നാലും ആരു എങ്ങനെ ഭരിച്ചു എത്രകാലം എന്നത് ചരിത്രമാണ്‌, ആ ചരിത്രത്തിന്റെ സത്യം എനിക്കറിയേണ്ടതുണ്ട്. ആ സത്യം അല്ലാത്തതുകൊണ്ടാണ്‌ പരശുരാമദത്തമായ കേരളത്തിന്റെ കഥയും ഇക്‌ഷ്വാകു വംശത്തില്‍ പിറന്ന രാജാക്കന്മാരുടെ കഥയും തള്ളിക്കളയേണ്ടി വരുന്നത്. ഇളംകുളം എഴുതിയതും സത്യമാണോ എന്ന അന്വേഷണത്തിന്റെ പിന്നിലും അത്രയേ ഉള്ളൂ. അദ്ദേഹം ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുള്ളയാള്‍ ആയിരുന്നാലും എനിക്കൊന്നുമില്ല.

Monday, August 9, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ-1മുന്‍ കുറിപ്പുകളില്‍ സൂചിപ്പിച്ചതുപോലെ കേരളചരിത്രത്തിലേക്ക് ഇളംകുളത്തിന്റെ പ്രത്യേക സംഭാവനയായി കരുതിപ്പോരുന്നത് രണ്ടാം ചേര ‘സാമ്രാജ്യവും’ അത് ചോളരോട് നടത്തിയ നൂറ്റാണ്ട് യുദ്ധം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളെ അടിമുടി മാറ്റിമറിച്ചുകളഞ്ഞെന്ന സിദ്ധാന്തവുമാണ്.

ഏറ്റവും വിശദമായി ഈ കാലത്തെ ഇളംകുളം അവതരിപ്പിക്കുന്ന പുസ്തകമാണ് “കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍”. 1953ല്‍ ആണ് ഈ പുസ്തകം ആദ്യപതിപ്പ് പസിദ്ധീകരിക്കുന്നത്. അമ്പത്തിയേഴു വർഷങ്ങൾക്കു ശേഷം ഇതിനെ പഠിക്കുമ്പോള്‍ ന്യായമായും പുരാവസ്തുഗവേഷണവും ചരിത്രപഠനവും ഇത്രകണ്ട് വിപുലമായിരുന്നില്ലാത്ത കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്ന സൌജന്യം നല്‍കിവേണം എന്തു വിലയിരുത്തലും നടത്താന്‍. പരന്ന വായനയും ഗവേഷണകൌതുകവും ഭാഷാപാണ്ഡിത്യവുമുള്ള ആളെന്ന് ഇളംകുളത്തിനെ പലപുസ്തകങ്ങളിലൂടെയും മനസ്സിലാക്കുന്നെങ്കിലും അദ്ദേഹത്തിന്റ് കാലത്തിനു ശേഷം മാത്രം ലഭ്യമായ വിവരങ്ങള്‍ കൊണ്ട് ഈ പുസ്തകത്തനെ വിലയിരുത്താതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഈ പുസ്തകം പ്രതിപാദിക്കുന്ന കാര്യങ്ങളിലേക്ക് ട്രാവൻ‌കൂര്‍ ആർക്കിയോളജി സീരീസ്, സൌത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ്, ഇളംകുളത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്ത തെന്നിന്ത്യന്‍ ചരിത്രകാരന്‍ നീലകണ്ഠ ശാസ്ത്രിയുടെ പുസ്തകങ്ങന്‍, അമ്പതുകളില്‍ ചരിത്രത്തില്‍ സാമാന്യ താല്‍‌പ്പര്യമുണ്ടായിരുന്നവര്ക്ക് ലഭ്യമായ വിവരങ്ങള്‍ എന്നിവ മാത്രമേ ഈ പുസ്തകം വിലയിരുത്താൻ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ. അതേ സമയം എന്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടു എന്ന് പരാമര്‍ശമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ശേഷകാല ചരിത്രകാരന്മാര്‍ക്ക് എന്തെങ്കിലും തെളിവു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

പുസ്തകം കോപ്പിറൈറ്റുകള്‍ ബാധകമായ ഒന്നാണെന്ന് തോന്നുന്നതിനാല്‍ മൊത്തത്തില്‍ ഇവിടെ ഇടുക നിയമവിരുദ്ധമാകും എന്നതിനാല്‍ അങ്ങിങ്ങ് ചില സാമ്പിള്‍ പേജുകള്‍ മാത്രമേ കൊടുക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. എന്നാല്‍ കണ്ടെന്റിനെക്കുറിച്ച് ആര്‍ക്കെങ്കിലും ചോദ്യങ്ങളുണ്ടായാല്‍ ആ ഭാഗത്തിന്റെ സ്കാന്‍ ഇവിടെ കൊടുക്കാന്‍ ഉദ്ദേശിക്കുന്നു, ഇത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് കരുതുന്നില്ല.