Tuesday, October 25, 2011

കര്‍ട്ടന്‍ റൈസര്‍

ഗ്രാന്‍ഡ് & പ്രിന്‍സ്, ആരാധന & അര്‍ച്ചന , കുമാര്‍, കൃഷ്ണ, സുധി, പ്രിയ, എസ്. എം പി. പിന്നെ അന്നേ പൂട്ടിക്കിടക്കുന്ന ടെര്‍മിനസ് തീയറ്റര്‍. അവസാനം തുറന്ന പ്രണവം. ഇത്രയുമായിരുന്നു കൊല്ലത്തെ തീയറ്ററുകള്‍




ഇതില്‍ കൃഷ്ണ, സുധി എന്നിവ ഓഡിറ്റോറിയങ്ങളായി. കുമാര്‍ ഇന്നില്ലെന്ന് തോന്നുന്നു. പ്രിയ മുത്തൂറ്റ് ധന്യ ആണ്‌. ടെര്‍മിനസ് നിന്ന സ്ഥലത്താണ്‌ ഇന്ന് ബീച്ച് ഓര്‍ക്കിഡ് ഹോട്ടല്‍. മറ്റുള്ളവയെല്ലാം ഇപ്പോഴുമുണ്ട്. അന്നത്തെപ്പോലെ.



ബാക്കിയൊക്കെ അന്നത്തെപ്പോലെ തന്നെ ഇരുപതു കൊല്ലം കഴിഞ്ഞിട്ടും. സൗണ്ട് സിസ്റ്റം ഡി റ്റി എസ് ആക്കി എന്നതൊഴികെ. മറ്റൊരു വത്യാസം അവസാനം നാട്ടില്‍ സിനിമ കാണുന്ന കാലത്ത് ശ്രദ്ധിച്ചത് "കര്‍ട്ടന്‍ റൈസര്‍" എന്ന ചടങ്ങ് ഇപ്പോള്‍ കൊല്ലത്ത് തീയറ്ററുകളില്‍ ഇല്ല. കര്‍ട്ടനുകള്‍ ഉയര്‍ന്നു തന്നെ കാണുന്നു.



സിനിമ തുടങ്ങുന്നതിനു മുന്നേ സ്ക്രീനിനു മുകളിലെ കര്‍ട്ടന്‍ ഉയര്‍ത്തുന്നത് അല്പ്പം വിസ്തരിച്ചായിരുന്നു പണ്ട്. ഏതോ സരസന്‍ ഇട്ട പേരാകണം കര്‍ട്ടന്‍ റൈസര്‍ എന്നത്. അതൊരു അംഗീകരിക്കപ്പെട്ട പേരായിത്തീര്‍ന്നു.



നല്ല തിരക്കുള്ള ദിവസമോ സിനിമ തുടങ്ങാന്‍ താമസിച്ച് ജനം കൂവിക്കൊണ്ടിരിക്കുമ്പോഴോ ആണെങ്കില്‍ കര്‍ട്ടന്‍ റൈസറിനൊരു കയ്യടി കൊടുക്കും. അല്ലാത്ത ദിവസങ്ങളില്‍ വെറുതേ നോക്കിയിരിക്കും.



നാടകത്തിന്റെ സ്റ്റേജ് കര്‍ട്ടന്‍ പോലെയായിരുന്നു തീയറ്ററുകളുടേതും. ഉയര്‍ത്തുന്നത് വൈദ്യുത മോട്ടോര്‍ കപ്പി കൊണ്ടാണെന്ന് മാത്രം. കര്‍ട്ടന്‍ പൊങ്ങുമ്പോഴുള്ള സംഗീതം ഓരോ തീയറ്ററുകളുടെയും സിഗ്നേച്ചര്‍ ആണ്‌. ഇവയുടെ സ്റ്റൈല്‍ പരസ്പരം കോപ്പിയടിച്ചിരുന്നെന്നു തോന്നുന്നു, കൊല്ലത്തെ എല്ലാ തീയറ്ററുകളുടെയും കര്‍ട്ടന്‍ മ്യൂസിക്ക് എഴുപതുകളിലെ പോപ്പ് മ്യൂസിക്ക് ആയിരുന്നു.



പല തീയറ്ററുകളും അവരുടേതായ ക്രിയേറ്റിവിറ്റി ഉപയോഗിച്ചിരുന്നു. സുധി തീയറ്ററിന്റെ കര്‍ട്ടന്‍ ഉയരുമ്പോള്‍ അതിന്റെ വെയിറ്റില്‍ തൂക്കിയ കുഞ്ചലങ്ങള്‍ നൃത്തം ചെയ്യും. പ്രിയ തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്കിനനുസരിച്ച് റൂഫ് ലൈറ്റുകള്‍ മിന്നുകയും അണയുകയും ചെയ്യും. അര്‍ച്ചന തീയറ്ററിന്റെ കര്‍ട്ടന്‍ ഇരുവശത്തേക്കുമാണ്‌ മാറുന്നത്.



ആയിടെ ഒരു തീയറ്റര്‍ തുടങ്ങിയ പുതു രീതി എല്ലാവരും വേഗം അനുകരിച്ചു തുടങ്ങി- കര്‍ട്ടന്‍ ഉയരാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്ലൈഡ് ഷോയും ആരംഭിക്കും. ആദ്യത്തെ സ്ലൈഡുകള്‍ "Welcome", "No smoking" , "Photophone sound & projection in this theatre" തുടങ്ങിയവയൊക്കെ കര്‍ട്ടനു മുകളിലായിരിക്കും, സ്ലൈഡ് ഷോ പകുതി കഴിയുമ്പോഴേക്ക് സ്ക്രീനില്‍ പതിഞ്ഞു തുടങ്ങും. പരസ്യങ്ങള്‍ അവസാനമാണ്‌, അത് സ്ക്രീനില്‍ തന്നെ കാണിക്കും.



കര്‍ട്ടന്‍ റൈസര്‍ അവസാനിക്കുന്നതോടെ റൂഫ് ലൈറ്റുകള്‍ അണയും. ന്യൂസ് റീലോ പരസ്യമോ സിനിമ തന്നെയോ തുടങ്ങുകയായി.



കര്‍ട്ടന്‍ മ്യൂസിക്ക് ഇഷ്ടപ്പെട്ട് ആ പാട്ടുകാരുടെ പാട്ട് വാങ്ങിയിട്ടുണ്ട് രണ്ടു തവണ. സുധി തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്ക് കേട്ട് ഇഷ്ടപ്പെട്ടു, പക്ഷേ അതില്‍ നിന്ന് we are the robots എന്നല്ലാതെ വരികള്‍ മനസ്സിലാവുന്നില്ല. എന്തരോ വരട്ട്, ഹൗസ് ഓഫ് മ്യൂസിക്ക് എന്ന പാട്ടുകടയില്‍ ചെന്നു കയറി. "ആശാനേ ഈ we are the robots എന്ന പാട്ടുള്ള ആല്‍ബം ഇല്ലേ, അതേതാണ്‌?"



കടക്കാരന്‍ തിരിഞ്ഞ് അകത്തേക്ക് ഒരു വിളി "സുരേന്ദ്രാ, ആ craft werk ന്റെ man machine സ്റ്റോക്കുണ്ടോടേ?" അങ്ങനെ അതിനു പരിഹാരമായി. ഈയിടെ യൂ ട്യൂബില്‍ ദത്തനു we are the robots കാണിച്ചുകൊടുത്തു. അവനും അത് ഇഷ്ടമായി.



രണ്ടാമത്തെ പാട്ടില്‍ അല്പ്പം കുഴഞ്ഞു. ആഫ്രോ പോപ്പ് ആണ്‌. എന്തു ഭാഷയോ വരികളോ. ഒരു പിടിയും ഇല്ല. ഒടുക്കം തീയറ്ററില്‍ ടിക്കറ്റ് കളക്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആളോട് തന്നെ ചോദിച്ചു. ഓപ്പറേറ്ററോട് ചോദിച്ചിട്ട് ഇന്റര്‍‌വെല്‍ ആകുമ്പോള്‍ പറയാം എന്ന് പുള്ളി പറഞ്ഞെങ്കിലും ഇന്റര്‍‌വെല്ലിനു കണ്ടപ്പോള്‍ കൈ മലര്‍ത്തി. ഓപ്പറേറ്റര്‍ക്കും അറിയില്ലത്രേ. കാസറ്റിന്റെ കവറില്‍ പേരില്ലേന്ന് ചോദിച്ചപ്പോള്‍ കോപ്പി ചെയ്തതാണ്‌. കുറേ കാലം ആ പാട്ട് എവിടെയെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു നടന്നു. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൊച്ചിയില്‍ വച്ച് ഭക്ഷണം കഴിക്കാന്‍ പോയ ഹോട്ടലില്‍ ഈ പാട്ട് ഇട്ടിരിക്കുന്നു. നേരേ പോയി അന്വേഷിച്ചു. അങ്ങനെ കൊച്ചിയില്‍ നിന്ന് Osibisaയുടെ Ojah Awake വാങ്ങി.



കോളേജ് കാലം ഒക്കെ കഴിഞ്ഞ് തീയറ്റര്‍ നിരങ്ങല്‍ കുറഞ്ഞ ശേഷമാണ്‌ കെ. രവീന്ദ്രനാഥന്‍ നായരുടെ പ്രണവം തീയറ്റര്‍ തുറക്കുന്നത്. പുള്ളി തന്നെ നിര്‍മ്മിച്ച വിധേയന്‍ ആണ്‌ അവിടെ കണ്ട ആദ്യത്തെ സിനിമയും. കെട്ടും മട്ടും മറ്റു തീയറ്ററുകളില്‍ നിന്ന് വത്യസ്ഥമായ ആ തീയറ്ററിന്റെ കര്‍ട്ടന്‍ മ്യൂസിക്കും എഴുപതിലെ പോപ്പ് ആയിരുന്നില്ല, പഞ്ചവാദ്യമായിരുന്നു.



Saturday, April 30, 2011

pH Level



ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ pH ലെവല്‍ എന്നാല്‍ ദ്രാവകങ്ങളുടെ അസിഡിറ്റി എത്രമാത്രം ഉണ്ടെന്നതാണ്‌. ദ്രാവകങ്ങളിലെ ഹൈഡ്രോണിയം അയോണ്‍ മോളാര് ‍കോണ്സളണ്ട്രേഷന്റെ അളവില്‍ നിന്നും കണക്കുകൂട്ടി എടുക്കുന്ന അളവാണ്‌ പി എച്ച് റീഡിങ്ങ്. http://en.wikipedia.org/wiki/PH എന്നയിടത്ത് pHനെക്കുറിച്ച് വിശദമായി വായിക്കാം.

0 മുതല്‍ 14 വരെ ആണ്‌ ദ്രാവകത്തിന്റെ പി എച്ച് ലെവല്‍. റീഡിങ്ങ് ഏഴിനു താഴെ വരുന്ന ദ്രാവകങ്ങളെ അസിഡിക്ക് എന്നും ഏഴിനു പുറത്തു വരുന്ന ദ്രാവകങ്ങളെ ആല്ക്ക ലൈന്‍ എന്നും ഏഴില്‍ നില്ക്കു ന്ന ദ്രാവകങ്ങളെ ന്യൂട്രല്‍ എന്നും പറയും.

അക്വേറിയത്തില്‍ പി എച്ച് ലെവലിന്റെ പ്രാധാന്യം എന്താണ്‌?

മീനുകള്‍ അത് ഇവോള്വ് ചെയ്ത സ്ഥലത്തെ പി എച്ച് ലെവലില്‍ ജീവിക്കാന്‍ ആണ്‌ പ്രാപ്തരായിരിക്കന്നത്. ഒരു മീനിനെ നമ്മുടെ ടാങ്കില്‍ ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആ മീനിനു യോജ്യമായ പി എച്ച് ആണോ വെള്ളത്തില്‍ എന്നും മറ്റുകാര്യങ്ങള്ക്കൊ പ്പം കണക്കിലെടുത്താണ്‌.

ഉദാഹരണം: ഡിസ്കസ് മീനുകള്‍ അസിഡിക്ക് വെള്ളം (4 to 6) വേണ്ടവയാണ്‌. ടാങ്ക് അസിഡിക്ക് ആയി നിര്ത്താ ന്‍ കഴിയില്ലെങ്കില്‍ അവയ്ക്ക് ബുദ്ധിമുട്ടാകും. ഇവയ്ക്ക് ഒപ്പം ഇടേണ്ട മീനുകള്‍ ഒന്നുകില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ അസിഡിക്ക് വെള്ളത്തില്‍ ഉള്ളവ ആയിരിക്കണം അല്ലെങ്കില്‍ അസിഡിറ്റി താങ്ങാന്‍ കെല്പ്പുള്ളവ ആയിരിക്കണം. (എന്റെ ഡിസ്കസിനൊപ്പം സീബ്രാ ഡാനിയോസ് ആണ്‌. അവ അസിഡിക്ക് വാട്ടറില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കും). അതേ സമയം ടാങ്കനിക്കന്‍ സിക്ലിഡുകള്‍ ആല്ക്കിലൈന്‍ വെള്ളം (7-8.5) ഇഷ്ടപ്പെടുന്നവയാണ്‌. ഇവയെ രണ്ടിനെയും ഒന്നിച്ചു വളര്ത്താകന്‍ കഴിയില്ല. ഒരു ജെനറല്‍ റൂള്‍ എന്താണെന്നു വച്ചാല്‍ സൗത്ത് അമേരിക്കന്‍ വംശജര്‍ ആയ ശുദ്ധജല മീനുകള്‍ അസിഡിക്ക് വാട്ടറും ആഫ്രിക്കന്‍ വംശജരായ മീനുകള്‍ ആല്ക്കരലൈന്‍ വാട്ടറും ഏഷ്യന്‍ വംശജരായ മീനുകള്‍ കുറേ ഫ്ലെക്സിബിള്‍ ആണെങ്കിലും പൊതുവില്‍ ന്യൂട്രല്‍ ജലത്തിനടുത്തും കടല്‍ മീനുകളില്‍ കോറല്‍ മത്സ്യങ്ങള്‍ ഹൈ ആല്ക്കിലൈന്‍ വെള്ളവും മറ്റുള്ളവ ചെറിയതോതില്‍ ആല്ക്കംലൈന്‍ വെള്ളവും ഇഷ്ടപ്പെടുന്നു എന്നതാണ്‌ അക്വേറിയത്തിന്റെ pH തംബ് റൂള്‍.
ഇത്രേയുള്ളോ കാര്യങ്ങള്‍ എന്നു ചോദിച്ചാല്‍, അല്ല.

ഏതു പി എച്ച് ലെവല്‍ ആണെന്നതിനെക്കാള്‍ വലിയ പ്രശ്നമാണ്‌ പി എച്ച് വേരിയേഷന്‍ ഉണ്ടാകുമോ എന്നത്. മിക്ക മീനുകളും സ്ഥാവരമായി പി എച്ചില്‍ വന്ന വ്യതിയാനം കുറേയൊക്കെ താങ്ങും. ഉദാഹരണമാണ്‌ എന്റെ അസിഡിക്ക് ടാങ്കില്‍ ഡിസ്കസിനൊപ്പം ഹാപ്പിയായി കഴിയുന്ന ഡാനിയോകള്‍. അവ ഏകദേശം ന്യൂട്രല്‍ വാട്ടറില്‍ ജീവിക്കേണ്ടവ ആണെങ്കിലും അംളജലത്തില്‍ സന്തോഷമായി കഴിയുകയാണ്‌. എന്നാല്‍ പി എച്ചില്‍ പെട്ടെന്നു വരുന്ന വ്യതിയാനങ്ങള്‍ മിക്ക മത്സ്യങ്ങളും താങ്ങില്ല. ടാങ്കില്‍ ആറായിരുന്ന പി എഛ് ഒരു ദിവസം കൊണ്ട് ഏഴായാല്‍ ഡാനിയോകള്‍ സന്തോഷിക്കുകയല്ല ചെയ്യുക, ക്ഷണം മരിച്ചു പോകുകയാണ്‌. (റീഡിങ്ങ് ഒരു പോയിന്റ് കയറിയാല്‍ ആല്ക്ക്ലൈന്‍ ലെവല്‍ നൂറു മടങ്ങാണ്‌ വര്ദ്ധിഡക്കുക).


അതായത്, പി എച്ച് ലെവല്‍ എത്രയാണ്‌ എന്നതിനെക്കാള്‍ അത് എത്രയായാലും കോണ്സ്റ്റ ന്റ് ആയി അവിടെത്തന്നെ നിറുത്തുക എന്നതാണ്‌ അത്യാവശ്യം വേണ്ട കാര്യം. അതിലോട്ട് പോകാം.

ഒന്ന്: എന്താണ്‌ അടിസ്ഥാനപരമഅയി നിങ്ങളുടെ ടാങ്കിലെ വെള്ളത്തിന്റെ പി എച്ച് നിര്ണ്ണ്യിക്കുന്നത്?
ലളിതം. നിങ്ങള്‍ ടാങ്കിലേക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പി എച്ച് എത്രയാണോ അതു തന്നെ.

രണ്ട്: ഈ ലെവല്‍ തനിയേ മാറുന്നത് എങ്ങനെ?
ഒരു സെറ്റില്‍ ആയ ടാങ്കില്‍ സാധാരണ ഗതിയില്‍ പി എച്ച് റീഡിങ്ങ് സ്റ്റേബിള്‍ ആയിരിക്കും. വെള്ളത്തില്‍ ലയിച്ചു ചേര്ന്നി ട്ടുള്ള മിനറലുകള്‍ (പ്രധാനമായും ഫോസ്ഫേറ്റുകള്‍) പി എച്ച് മാറാതിരിക്കാന്‍ ശ്രദ്ധിച്ചോളും. വെള്ളത്തിന്റെ ഈ പ്രോപ്പര്ട്ടി യെ ബഫറിങ്ങ് കപ്പാസിറ്റി എന്നു പറയും.

എന്നാല്‍ ടാങ്കിലെ ഫോസ്‌ഫേറ്റ് ലെവല്‍ ഉയരുമ്പോള്‍ പി എച്ച് റീഡിങ്ങും ഉയരും. ഫോസ്ഫേറ്റ് ലെവല്‍ പെട്ടെന്ന് ഉയരാനുള്ള സാദ്ധ്യതകള്‍ ഇതൊക്കെയാണ്‌.

അഴുക്ക്- ഗ്രേവലിലും ഫില്ട്ടിറിലും അടിഞ്ഞുകൂടുന്ന മീനിന്റെ വിസര്ജ്യ ങ്ങള്‍ ഫോസ്ഫേറ്റ് നിറഞ്ഞവയാണ്‌. ഇവ ബഫറിങ്ങ് കപ്പാസിറ്റി മാറ്റിക്കളയും.

പുതിയ പാറകള്‍, കോറല്‍, ഗ്രേവല്‍ - ഇവയിലെ കാര്ബിണേറ്റുകളും ഫോസ്ഫേറ്റുകളും വെള്ളത്തിന്റെ പി എച്ച് പെട്ടെന്നു മാറ്റിയേക്കാം.

പെട്ടെന്ന് പി എച്ച് ലെവല്‍ ഒരിക്കലും താഴില്ല, ഉയരുകയേ ഉള്ളൂ എന്നതിനാല്‍ പി എച്ച് ബാലന്സ്ര തെറ്റിയാല്‍ ഉടന്‍ ടാങ്ക് വൃത്തിയാക്കുക, വെള്ളം പാര്ഷ്യളല്‍ ചേഞ്ച് നടത്തുക, സംശയാസ്പദമായ പാറകളോ മറ്റോ പുതുതായി ഇട്ടിട്ടുണ്ടെങ്കില്‍ അതെടുത്തു മാറ്റുക എന്നതാണ്‌ ചെയ്യേണ്ടത്.

അത്രയും വേരിയേഷന്റെ കാര്യം. ഇനി ടാപ്പില്‍ നിന്നു ലഭിക്കുന്ന ജലം നിങ്ങളുടെ മീനിനു വേണ്ട പി എച്ചിനെക്കാള്‍ വളരെ വത്യാസപ്പെട്ടതാണെങ്കിലോ?

ആദ്യമേ തന്നെ, സന്തോഷവാര്ത്തെ. മിക്കയിടങ്ങളിലും കിട്ടുന്ന വെള്ളത്തില്‍ മിക്ക മീനുകള്ക്കും യോജ്യമായ പി എച്ച് ആണ്‌. പി എച്ച് സ്ഥാവരമായി ഉയര്ത്താ ന്‍ താരമത്യേന എളുപ്പവുമാണ്‌. സ്ലേറ്റ് പാറകള്‍, കോറല്‍ പൗഡര്‍ കൊണ്ട് സബ്സ്റ്റ്റേറ്റ് തുടങ്ങിയവ ടാങ്കില്‍ ഇട്ടാല്‍ മതിയാവും.

എന്നാല്‍ ടാപ്പില്‍ നിന്നു വരുന്ന ജലം ഹാര്ഡ്ങ വാട്ടറും ടാങ്കിലെ മീനിനു വേണ്ടത് അസിഡിക്ക് സോഫ്റ്റ് വാട്ടറും ആണെങ്കില്‍ സംഗതി ബുദ്ധിമുട്ടാകും. രണ്ട് വഴിയാണ്‌ ഇതിനുള്ളത്:

ഒന്ന്: രാസമാറ്റം- ടാപ്പില്‍ ഫിറ്റ് ചെയ്യാവുന്ന ഒരു ഫില്ട്ടനര്‍/ വാട്ടര്‍ പ്യൂരിഫൈയര്‍ ഉപയോഗിക്കുക. ഇവ വെള്ളത്തിലെ ഫോസ്ഫേറ്റുകള്‍, മറ്റു ക്ഷാരവസ്തുക്കള്‍ എന്നിവ വലിയ അളവില്‍ കുറയ്ക്കും.

രണ്ട്: ജൈവമാറ്റം- ബോഗ് വുഡുകള്‍, പീറ്റ് ( സസ്യ അംശങ്ങള്‍ അടങ്ങിയ സബ്സ്റ്റ്രേറ്റ് മെറ്റീരിയല്‍) എന്നിവ ഉപയോഗിക്കുക. (ഉദാഹരണം- എന്റെ ഡിസ്കസ് ടാങ്കില്‍ ഞാന്‍ ഓക്കുമരത്തിന്റെ തടികൊണ്ടുള്ള ബോഗും ടാങ്കിലെ തന്നെ ചെടിയുടെ ഇല കൊഴിഞ്ഞാല്‍ സബ്സ്ട്രേറ്റ് പീറ്റ് ആയി മാറുന്ന തരം കറുത്ത പാറപ്പൊടിയുടെ സബ്സ്റ്റ്റേറ്റും ആണ്‌ ഉപയോഗിച്ചിരിക്കുന്നത്)

സ്ഥാവരമായി ടാപ്പ് വെള്ളത്തില്‍ നിന്നും വത്യസ്ഥമായ പി എച്ച് വാല്യൂ ടാങ്കില്‍ നിലനിര്ത്തുപന്നത് നല്ല പരിശീലനവും പ്രവൃത്തി പരിചയവും കൊണ്ട് മാത്രം സാദ്ധ്യമാകുന്ന കാര്യമാണ്‌ എന്നതിനാല്‍ തുടക്കക്കാര്‍ അതിനൊരുമ്പെടാത്തതാണ്‌ ബുദ്ധി.


 (ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ്  അനുവാദത്തില്‍   പുനപ്രസിദ്ധീകരിച്ചത്. )

ചിത്രത്തില്‍ ആഫ്രിക്കന്‍ സിക്ലിഡുകളുടെ ടാങ്ക്  റോക്സ്പേപ്പിങ്ങ് ചെയ്തിരിക്കുന്നു. പി എച്ച് ലെവല്‍ പാറകളുടെ പ്രത്യേകത മൂലം ഉയര്‍ന്നു തന്നെ നില്‍ക്കും.

എങ്ങനെ പി എച്ച് അളക്കാം?
പി എച്ച് ടെസ്റ്റ് കിറ്റുകള്‍ പെറ്റ്  സ്റ്റോറുകളില്‍ ലഭിക്കും. ഇവ ലളിതവും ഇന്‍സ്റ്റ്ട്രക്ഷന്‍ പേപ്പര്‍ നോക്കി സ്വയം ചെയ്യാവുന്നവയും ആണ്‌.

എപ്പോഴാണ്‌  പി എച്ച് അളക്കേണ്ടത്?
1. സെറ്റില്‍ ആയ ടാങ്കിന്റെ പി എച്ച് എത്രയാണെന്ന് അളക്കണം. പിന്നീട് വര്‍ഷത്തില്‍ ഒരിക്കലൊക്കെ മതിയാകും. ഇതാണ്‌ നിങ്ങളുടെ സ്ഥിറ്റം പി എച്ച് റീഡിങ്ങ്.

2. മീനുകള്‍ പെട്ടെന്ന് എന്തെങ്കിലും അസ്വസ്ഥത കാണിക്കുകയാണെങ്കില്‍ അമോണിയ്ക്കൊപ്പം പി എച്ചും അളന്നിട്ട് സ്ഥിരം പി എച്ച് റീഡിങ്ങില്‍ നിന്നും വത്യാസം വന്നിട്ടുണ്ടോ എന്ന് നോക്കുക.

Friday, April 29, 2011

നൈട്രജന്‍ സൈക്കിള്‍


ഒരു അക്വേറിയത്തിലെ ജൈവഭാഗം മീനുകള്‍ മാത്രമല്ല. അതില്‍ കോടാനുകോടി സൂക്ഷ്മ ജീവികളും ഉണ്ട്. മീനുകളുടെ വിസര്‍ജ്യം, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ ഡീകമ്പോസ് ചെയ്യിക്കുന്ന ബാക്റ്റീരിയകള്‍ അവയില്‍ നിന്നും അമോണിയ വെള്ളത്തിലേക്ക് വിടുന്നു. മറ്റൊരു തരം ബാക്റ്റീരിയ അമോണിയയെ നൈട്രൈറ്റുകള്‍ ആക്കി മാറ്റുന്നു. മൂന്നാമത്തെ തരം ബാക്റ്റീരിയ നൈട്രൈറ്റുകളെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റുകള്‍ ചെടികള്‍ വളമായി എടുക്കുകയോ അല്ലെങ്കില്‍ വെള്ളം മാറുമ്പോള്‍ പുറത്തു പോകുകയോ ചെയ്യുന്നു. ഇതാണ്‌ ടാങ്കിന്റെ നൈട്രജന്‍ സൈക്കിള്‍.

ഇതില്‍ അമോണിയയും നൈട്രൈറ്റുകളും മീനുകള്‍ക്ക് അപകടമുണ്ടാക്കും. അമോണിയ/ നൈട്രൈറ്റ് പോയിസണിങ്ങ് കൊണ്ട് മീനുകള്‍ ചത്തുപോകുന്നത് വലിയ വേദന സഹിച്ച് പിടഞ്ഞു പിടഞ്ഞാണ്‌. ഇവ രണ്ടിന്റെയും തോത് ഉയരാതെ നൈട്രജന്‍ സൈക്കിള്‍ പൂര്‍ണ്ണമായും കാര്യക്ഷമമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതാണ്‌ ടാങ്കിന്റെ സൈക്കിള്‍ മാനേജ്മെന്റ്. കൂടുതല്‍ ലളിതമായി താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാവും.


 
സാധാരണ ഗതിയില്‍, സെറ്റില്‍ ആയിക്കഴിഞ്ഞ, വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഫിഷ് ടാങ്കിന്റെ നൈട്രജന്‍ സൈക്കിള്‍ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിച്ചോളും എന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നൈട്രജന്‍ പോയിസണിങ്ങ് സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

ഒന്ന്: പുതിയ ഫിഷ് ടാങ്ക്. ഇത് സ്റ്റെറൈല്‍ ആയിരിക്കും. മീനുകള്‍ ജീവിച്ചു തുടങ്ങുന്നതോടെ ഡീകോമ്പോസിഷന്‍ ആരംഭിക്കുകയും അമോണിയ ലെവല്‍ ഉയര്‍ന്ന് മീനുകളെല്ലാം ചത്തുപോകുകയും ചെയ്യാനുള്ള സാദ്ധ്യത വളരെ വളരെ വലുതാണ്‌. ന്യൂ ടാങ്ക് സിന്‍ഡ്രോം എന്നാണ്‌ ഇതിനു പറയുക.

പരിഹാരം: കൃത്യമായും ശ്രദ്ധയോടെയും ടാങ്ക് സൈക്കിള്‍ ചെയ്ത് നൈട്രജന്‍ സൈക്കിള്‍ പൂര്‍ത്തിയായ ശേഷം മാത്രം മീനുകളെ ടാങ്കില്‍ ഇടുക ( ന്യൂ ടാങ്ക് സൈക്ലിങ്ങ് മറ്റൊരു കുറിപ്പാക്കാം)

രണ്ട്: ക്ലോറിനേറ്റ് ചെയ്ത ജലം. വെള്ളം മാറുമ്പോള്‍ മിക്കവരും ടാപ്പില്‍ നിന്ന് ക്ലോറിന്‍ അടങ്ങിയ വെള്ളമാണ്‌ ഒഴിക്കാറ്. ക്ലോറിന്‍ നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയയെ നശിപ്പിക്കുകയും അങ്ങനെ അമോണിയ തോത് ഉയരുകയും ചെയ്ത് വിഷബാധയുണ്ടാകുന്നു.

പരിഹാരം: വെള്ളം മാറുമ്പോള്‍ ഒപ്പം ഡീക്ലോറിനേറ്റര്‍ (നിസ്സാര വിലയ്ക്ക് ഏത് പെറ്റ് സ്റ്റോറിലും കിട്ടും) കുപ്പിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അളവില്‍ ചേര്‍ക്കുക. പൈപ്പുവെള്ളത്തില്‍ ക്ലോറിന്‍ ഉണ്ടെങ്കില്‍ ഓരോ തവണ വെള്ളം മാറുമ്പോഴും നിര്‍ബന്ധമായും ഇത് വേണം.

മൂന്ന്: പെട്ടെന്ന് ടാങ്ക് വൃത്തിശൂന്യമാകല്‍. നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയകള്‍ക്ക് മാനേജ് ചെയ്യാന്‍ പറ്റുന്നതിലപ്പുറം അമോണിയ ഉണ്ടായി മീനിനു വിഷമേല്‍ക്കാം.

പരിഹാരം: മീന്‍ മൂന്നു മിനുട്ടില്‍ പൂര്‍ണ്ണമായും തിന്നു തീര്‍ക്കുന്നതിലും കൂടുതല്‍ തീറ്റ ഒരിക്കലും റ്റാങ്കില്‍ ഇടരുത്. ടാങ്കിന്റെ അടിവശം രണ്ടാഴ്ചയില്‍ ഒരിക്കല്‍ സൈഫണ്‍ ചെയ്യണം. മാസത്തില്‍ രണ്ടുതവണ- ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും മൂന്നില്‍ രണ്ട് ഭാഗം വെള്ളം മാറണം.

നാല്‌: മിനി സൈക്ലിങ്ങ്. നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയ വെള്ളത്തില്‍ ഒഴുകി നടക്കുന്നവയല്ല. ഫില്‍ട്ടറിലും ഗ്രേവലിലും ഡെക്കറേഷന്റെ പുറത്തും ഒക്കെ ഇവ കോളനിയായി താമസിക്കുകയാണ്‌. ഫില്‍ട്ടര്‍ കോട്ടണ്‍, സബ്സ്റ്റ്റേറ്റ് ഗ്രേവല്‍ എന്നിവ പൂര്‍ണ്ണമായും മാറ്റിയാല്‍ ഇവയുടെ കുലമറ്റ് ടാങ്ക് മിനി സൈക്ലിങ്ങിലേക്ക് പോയി അമോണിയ പോയിസണിങ്ങ് ഉണ്ടാവും.

പരിഹാരം: കോട്ടണും ഗ്രേവലും ഒരേ സമയം മാറ്റുകയോ കഴുകുകയോ ചെയ്യരുത്. നിവൃത്തിയുണ്ടെങ്കില്‍ കോട്ടണ്‍ രണ്ട് പീസ് ആക്കി മുറിച്ചിട്ടിട്ട് ഒരു സമയം പകുതി മാത്രം മാറ്റുക. ടാങ്കിലെ സാധനങ്ങളെല്ലാം എടുത്ത്, മീനിനെ മറ്റൊരു ടാങ്കില്‍ ആക്കി മൊത്തം കഴുകി വൃത്തിയാക്കല്‍ ചെയ്യരുത്. ഇനി അഥവാ അങ്ങനെ ചെയ്യേണ്ട ഒരു സാഹചര്യം ( ഉദാഹരണം- ലീക്ക് ഫിക്സ് ചെയ്യാന്‍, വീടുമാറാന്‍) വരികയാണെങ്കില്‍ അതിന്റെ പുതിയ ടാങ്കായി പരിഗണിച്ച് സൈക്കിള്‍ ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷം മീനിനെ തിരിച്ച് അതില്‍ വിടുക)

അഞ്ച്: മീന്‍ ചത്ത് അമോണിയ പോയിസണിങ്ങ് ഉണ്ടാകല്‍.
പരിഹാരം: ടാങ്കിനെ എല്ലാ ദിവസവും രണ്ടുമൂന്ന് മിനുട്ട് നിരീക്ഷിക്കണം. മീനുകള്‍ എന്തെങ്കിലും ചത്ത് ചെടികള്‍ക്ക് ഇടയിലോ മറ്റോ പോയിക്കിടപ്പുണ്ടെങ്കില്‍ അപ്പോള്‍ തന്നെ എടുത്ത് കളയുക.

ആറ്‌: ക്രൗഡിങ്ങ്.
മീനുകള്‍ ടാങ്കിനു താങ്ങാവുന്നതിലും കൂടുതല്‍ ആണെങ്കില്‍ അമോണിയ പോയിസണിങ്ങ് (മറ്റു നാനാവിധ കുഴപ്പങ്ങളും) ഉണ്ടാകും

പരിഹാരം: മീനിന്റെ അഡല്‍റ്റ് സൈസ് കണക്കാക്കി ടാങ്കിന്റെ വലിപ്പത്തിനു പരമാവധി താങ്ങാവുന്നതിലും താഴെ മാത്രം മീന്‍ വളര്‍ത്തുക.

ഇതെല്ലാം പാലിച്ചാല്‍ അമോണിയ പോയിസണിങ്ങ് ഉണ്ടാവാന്‍ സാധ്യത തീരെക്കുറവായിരിക്കും. എന്നിട്ടും അമോണിയ കൂടി എന്ന് സംശയം എപ്പോഴെങ്കിലും ഉണ്ടായാല്‍:

1.മീനിനു തീറ്റ കൊടുക്കുന്നത് നിറുത്തുക.
2.വേസ്റ്റോ മറ്റോ ഉണ്ടെങ്കില്‍ സൈഫണ്‍ ചെയ്തു കളയുക.
3.മൂന്നില്‍ രണ്ട് വെള്ളം മാറുക. എയറേറ്ററുകള്‍ മാക്സിമത്തില്‍ ആക്കി ഇടുക.
4.ഒരു അമോണിയ ടെസ്റ്റ് കിറ്റ് വാങ്ങി (കടകളില്‍ കിട്ടും) ഓരോ ദിവസവും അമോണിയ ലെവല്‍ നോക്കുക.
5.ലെവല്‍ പൂജ്യത്തിനടുത്തെത്തും വരെ ദിവസേന മേല്പ്പറഞ്ഞത് എല്ലാം ആവര്‍ത്തിക്കുക (രണ്ടോ മൂന്നോ അഞ്ചോ ദിവസം തീറ്റയൊന്നും കൊടുത്തില്ലെങ്കിലും മീനിനു ഒന്നും സംഭവിക്കില്ല)


(സുധീഷ് രാജശേഖരന്‍ ആവശ്യപ്പെട്ട മൂന്നു പോസ്റ്റുകളില്‍ ആദ്യത്തേത്)

Saturday, December 18, 2010

മത്സ്യകേരളം പദ്ധതി

ഫിഷറീസ് അഡീഷണല്‍ ഡയറക്റ്റര്‍ (റിട്ടയേര്‍ഡ്) ശ്രീ. പ്രസാദ് ചന്ദ്രന്‍‌ പിള്ളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സംക്ഷിപ്ത രൂപത്തില്‍ : ( നോട്ടില്‍ നിന്നും പുനര്‍‌നിര്‍മ്മിച്ചതാണ്‌, പദാനുപദം ഇങ്ങനെയല്ല.) . 

ദേവന്‍:  കേരളത്തിലെ പുഴകളിലും തടാകങ്ങളിലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലും വിദേശ‌മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പുതിയ ഒരു പദ്ധതി നടപ്പിലാക്കുന്നെന്ന് കേട്ടു. ഇതിന്റെ നിജസ്ഥിതി അറിയാനായിട്ട് വിളിച്ചതാണ്‌.
പ്രസാദ്: വിദേശമത്സ്യങ്ങളെ വളര്‍ത്തുന്ന പദ്ധതിയൊന്നും നടപ്പിലാക്കുന്നില്ലല്ലോ.

ദേവന്: കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളെയാണ്‌ വളര്‍ത്തുന്നതെന്ന് വായിച്ചു.
പ്രസാദ്: ഇവ വിദേശമത്സ്യങ്ങളല്ലല്ലോ, ഇന്ത്യന്‍ കാര്‍പ്പ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന വര്‍ഗ്ഗമാണ്‌. നിങ്ങള്‍ ജനിക്കുന്നതിനും ഇരുപതു വര്‍ഷം മുന്നേ ആരംഭിച്ച പദ്ധതിയാണിത്,  പുതിയതല്ല.

ദേവന്‍: എന്തുകൊണ്ടാണ്‌ ഈ മത്സ്യങ്ങളെ ഇങ്ങനെ പണം മുടക്കി നിക്ഷേപിക്കുന്നത്?
പ്രസാദ്: കേരളത്തിലെ ശുദ്ധജല മത്സ്യോപഭോഗത്തിന്റെ പകുതിയോളം ഇത്തരം മത്സ്യങ്ങള്‍ പിടിച്ചു വില്‍ക്കുന്നതാണ്‌. ചില സീസണില്‍ അതില്‍ കൂടുതലും. ഈ ഒരു പ്രോജക്റ്റ് ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ ഭക്ഷ്യയോഗ്യമായ സ്വാഭാവിക മീനുകളത്രയും വംശനാശഭീഷണിയില്‍ ആയിക്കഴിഞ്ഞേനെ.

ദേവന്‍: എന്തുകൊണ്ട് കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മീനുകളെ തിരഞ്ഞെടുത്തു ഈ  സം‌രഭത്തിന്‌?
പ്രസാദ്: വളരെയേറെ ഗവേഷണങ്ങള്‍ നടത്തി തീരുമാനിച്ച കാര്യമാണത്,  ചുരുക്കിപ്പറഞ്ഞാല്‍:
  • ഡെബ്രി, വെജിറ്റേഷന്‍ എന്നിവ തിന്നു ജീവിക്കുന്ന മീനുകള്‍ ആണിത് എന്നതിനാല്‍ തനതു സ്വാഭാവിക മത്സ്യങ്ങള്‍ക്ക്- ചെറുമീനുകള്‍ക്കു പോലും യാതൊരു ഭീഷണിയും ഇവ ഉയര്‍ത്തുന്നില്ല
  • വളരെ വേഗം വളരുന്ന മീനുകളാണിത്, ആറേഴു മാസം കൊണ്ട്  പിടിക്കാന്‍ പാകത്തില്‍ വളരും
  • ഇന്ത്യന്‍ മീനുകള്‍ ആയതിനാല്‍ ഇവയ്ക്ക്  നമ്മുടെ സാഹചര്യത്തിനാവശ്യമായ രോഗപ്രതിരോധശേഷിയുണ്ട്
  • ഇതിലെല്ലാം പ്രധാനം നമ്മുടെ സാഹചര്യത്തില്‍ ഇവ ബ്രീഡ് ചെയ്യില്ല, അതിനാല്‍  ബയോ‌ഇന്വേഷന്‍ ഭീഷണിയില്ല
ദേവന്‍: ഇവ നമ്മുടെ പുഴകളിലും തടാകങ്ങളിലും ബ്രീഡ് ചെയ്യില്ലെങ്കില്‍ ഫിംഗര്‍ലിങ്ങ്സ്  ഉണ്ടാക്കുന്നതെങ്ങനെ?  സിന്ധുഗംഗാ സമതലത്തിലെ ഇവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്നും കുഞ്ഞുങ്ങളെ  പിടിക്കുകയാണോ?
പ്രസാദ്: അല്ല, ഹാച്ചറികളില്‍ ഇവയ്ക്ക് പിറ്റ്യൂട്ടറി ഹോര്‍മോണ്‍  നല്‍കി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണ്‌.

ദേവന്‍: പ്രോജക്റ്റിനു ഇരുന്നൂറു കോടിയില്‍ ഏറെ ചിലവുണ്ടെന്നു കേട്ടു.
പ്രസാദ്: ഏതു ഇരുന്നൂറു കോടി പ്രോജക്റ്റിന്റെ കാര്യമാണ്‌ പറയുന്നതെന്ന് ഓര്‍മ്മയില്ല. ദേവന്‍ കുട്ടിയായിരുന്നപ്പോള്‍  ഞാന്‍ മലമ്പുഴയില്‍ കൊണ്ടുപോയത് ഓര്‍ക്കുന്നുണ്ടോ? ഒരു കട്റ്റ്‌ലയുടെ രൂപത്തിലെ കെട്ടിടവും അതിനുള്ളിലെ ചെറിയ അലങ്കാരമത്സ്യ പ്രദര്‍ശനവും ഒക്കെ കാണിച്ചത്? പിന്നെ ഒരു ഹാച്ചറി കാട്ടിത്തന്നില്ലേ? അത്തരം ഹാച്ചറികളുടെ പ്രവര്‍ത്തനമാണ്‌ ഇന്ത്യന്‍ കാര്‍പ്പുകളെയും മറ്റും വിരിയിക്കുന്നത്. ഇതൊരു വന്‍‌ചിലവുള്ള ഇടപാടല്ല.

ദേവന്‍: വനം വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ്‌ പദ്ധതി എന്നും കേട്ടല്ലോ?
പ്രസാദ്: വനം വകുപ്പിന്റേതല്ല, ഇറിഗേഷന്‍, കെ എസ് ഈ ബി തുടങ്ങിയ വകുപ്പുകളുടെ അനുമതിയാണ്‌ വേണ്ടത്. ചിലയിടങ്ങളില്‍  കെ എസ് ഈ ബി അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രോജക്റ്റ് നടക്കുന്നുമില്ല. 

ദേവന്‍: തേക്കടിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പ്രസാദ്: തേക്കടിയില്‍ സ്വാഭാവികമായുള്ള മഹ്‌സീര്‍ മീനിനെ ആണ്‌  നിക്ഷേപിച്ചത്. മീന്‍‌പിടിത്തം മൂലം ഇവയുടെ അംഗസംഖ്യ  അപകടകരമായി താണതുമൂലമാണത്.

ദേവന്‍: മഹ്‌സീര്‍ വടക്കേ ഇന്ത്യന്‍ മീനെന്നാണു ഞാന്‍ കരുതിയിരുന്നത്.
പ്രസാദ്:  മഹ്‌സീര്‍ ഒരു മീനല്ല,  കുറേ മീനുകള്‍ക്ക് പറയുന്ന പേരാണ്‌. മലബാര്‍ മഹ്‌സീര്‍ Tor Malabaricus എന്നു കേട്ടിട്ടില്ലേ?

ദേവന്‍: കേട്ടിട്ടില്ലായിരുന്നു, ഇതിനു മലയാളത്തില്‍ എന്തു പറയും?
പ്രസാദ്: കുയില്‍ മീന്‍ എന്നൊക്കെ തേക്കടിയില്‍ പറയും.  കുളത്തൂപ്പുഴയില്‍ മീനൂട്ടുന്നത്  കണ്ടിട്ടില്ലേ? അതാണിത്.   ജിം കോര്‍ബറ്റ്  പണ്ട് അമ്പതുകിലോയില്‍ പുറത്തുള്ള ഒരു മഹ്സീറിനെ പിടിച്ച വലിയ വാര്‍ത്തയായതോടെയാണ്‌ ഇതിത്ര പ്രശസ്തമായത്.  ഇന്നിതു വംശനാശഭീഷണിയിലാണ്‌.

ദേവന്‍: ബ്രാല്‌, എരള്‌, കാരി, ക്ലൈംബിങ്ങ് പേര്‍ച്ച് തുടങ്ങിയ മീനുകളെ വളര്‍ത്തി റിലീസ് ചെയ്തുകൂടേ?
പ്രസാദ്: അത്തരം നടപടി അപകടമാവും- ഇവ പ്രെഡേറ്ററി മീനുകളാണ്‌.  വൈല്‍ഡില്‍ ബ്രീഡ് ചെയ്യുകയും ചെയ്യും  സ്വാഭാവിക മത്സ്യങ്ങളുടെ സന്തുലിതാവസ്ഥ നശിച്ചു പോകും.

ദേവന്‍:  ഇന്ത്യന്‍ കാര്‍പ്പുകള്‍ ഇവയെ ഉപദ്രവിക്കില്ലെന്നു മനസ്സിലായി. എന്നാല്‍  അവ വളരുന്നതു വഴി തീറ്റക്ഷാമമോ മറ്റെന്തിലും പ്രശ്നം  ഇവ നേരിടുമോ?
പ്രസാദ്:  എല്ലാ കാര്‍പ്പുകളും ഒരുപോലെ അല്ല. സൂ‌പ്ലാങ്ക്‌ടണും  അഴുക്കും തിന്നാണു   ഇപ്പറഞ്ഞ മൂന്നു മീനുകള്‍ ജീവിക്കുന്നത്.  അമിതചൂഷണം മൂലം മീനുകള്‍ കുറഞ്ഞതിനാലുള്ള സര്‍പ്ലസ് സ്പേസ് ആണ്‌ ഇവ ഉപയോഗിക്കുന്നത്.  ഫിംഗര്‍‌ലിങ്സ് വിടുന്നതിലെ ഒരു ഭാഗം സ്വാഭാവിക മീനുകളുടെ തീറ്റ ആകുന്നത് വഴി അവയെ പരിപാലിക്കുന്നു, പോരാത്തതിനു മീന്‍‌പിടിത്തം മൂലം അവ നശിച്ചു പോകാതിരിക്കാനും സഹായകരമാണ്‌.

ദേവന്‍: സര്‍ക്കാരിന്റെ പ്രതിബദ്ധത ഇക്കാര്യത്തില്‍ എത്രയുണ്ട്?
പ്രസാദ്:  സംസ്ഥാനത്ത് ഈ പരിപാടി കഴിഞ്ഞ അറുപത് വര്‍ഷമായി നടപ്പിലുണ്ട്.  സംസ്ഥാനം ഈ കെ നായനാര്‍ ഭരണത്തിലായിരുന്ന കാലം പ്രോഗ്രാം വളരെ ഓഗ്‌മെന്റ് ചെയ്തതാണ്‌ ജനകീയ മത്സ്യകൃഷി പ്രോഗ്രാമില്‍. തുടര്‍ന്നു വന്ന ആന്റണി‌ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഈ പ്രോഗ്രാമിനെ തുടരാന്‍ അനുവദിച്ചു. ഇപ്പോഴത്തെ മത്സ്യകേരളം തുടങ്ങിയ പത്തോളം പരിപാടികള്‍ അതിലും വളരെയേരെ ഫലപ്രദമായിത്തീര്‍ന്നിട്ടുണ്ട്.

ദേവന്‍: കേന്ദ്രസര്‍ക്കാര്‍ സഹായമോ?
പ്രസാദ്: അത് ചോദിച്ചു വാങ്ങുന്നതിലാണ്‌ സബ്‌ജക്റ്റ് മാറ്റര്‍ എസ്ക്പേര്‍ട്ട്‌സ് കഴിവു കാണിക്കേണ്ടത്.  ഓരോ പ്രോജക്റ്റും വെറ്റ് ചെയ്യുന്നത് അതത് മേഘലയിലെ അറിയപ്പെടുന്ന വിദഗ്ദ്ധസമിതിയാണ്‌ കേന്ദ്രത്തില്‍. ഓരോ ചില്ലിക്കാശും  അവര്‍ അളന്നു പരിശോധിച്ച് ബോധ്യപ്പെട്ടതില്‍ ശേഷം മാത്രമേ അനുവദിക്കൂ.  പരിപൂര്‍ണ്ണ ബോധ്യം എല്ലാക്കാര്യത്തിലും ഉണ്ടായാലേ സഹായം ലഭ്യമാകൂ.
ദേവന്‍: മറ്റേതെങ്കിലും രാജ്യം ഇത്തരം പ്രോജക്റ്റ് ചെയ്യുന്നുണ്ടോ? ഈ പരിപാടിക്ക് എന്താണു ശരിക്കുള്ള പേര്‍?
പ്രസാദ്: ഏതെങ്കിലുമല്ല, പരിസ്ഥിതിയെക്കുറിച്ച് അല്പ്പമെങ്കിലും ശ്രദ്ധയുള്ള എല്ലാ രാജ്യങ്ങളും ചെയ്യുന്നുണ്ട്. ഓരോനാട്ടിലും ഓരോ പേര്‍ പറയുമെങ്കിലും Hatchbox fry release program എന്ന് സാധാരണയായി പരാമര്‍ശിക്കപ്പെടുന്നു.

ദേവന്‍: എല്ലാ നാട്ടിലും എന്നു പറഞ്ഞു- ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പേര്‍ പറയാമെങ്കില്‍ കൂടുതല്‍ വ്യക്തമായേനെ.
പ്രസാദ്: അമേരിക്കയിലെ സാല്‍‌മണ്‍ പ്രോഗ്രാമുകളെക്കുറിച്ച് കേട്ടിട്ടില്ലേ? അതില്‍ ഒന്നാണ്‌ Oregon STEP (Salmon &; Trout Enhancement Program) . നൂറിലധികം വര്‍ഷമായി ഈ നാട്ടിലെ  ഫിഷറീസ് വകുപ്പ് കോഹോ, സ്റ്റീല്‍ഹെഡ്, കട്ട്‌ത്രോട്ട്, ചിനൂക്ക് സാല്‍‌മണുകളുടെയും മറ്റു ചില മീനുകളുടെയും കുഞ്ഞുങ്ങളെ പുഴകളിലും തടാകങ്ങളിലും വിന്യസിക്കുന്നതിന്റെ ഫലം വ്യക്തമായും ആവേശകരമാണ്‌.  ഒന്നോ രണ്ടോ അല്ല, ഇത്തരം ആയിരക്കണക്കിനു പ്രോജക്റ്റുകള്‍ ആണ്‌ അമേരിക്കയുടെ മത്സ്യസമ്പത്തിനെ  നല്ലൊരളവില്‍ സം‌രക്ഷിക്കുന്നത്.

ദേവന്‍: നമ്മള്‍ വിദേശമത്സ്യങ്ങളെ ഒരിക്കലും പരീക്ഷിച്ചിട്ടില്ലേ?
പ്രസാദ്: ഉണ്ട്. ടിലാപ്പിയ വിദേശമത്സ്യമാണ്‌.  ഇവയെ പണ്ടുകാലം പരീക്ഷിച്ചിരുന്നു.ഇവ പക്ഷേ സ്വാഭാവിക പരിസ്ഥിതിയില്‍ ബ്രീഡ് ചെയ്യുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചു കഴിഞ്ഞു, മാത്രമല്ല, ഇവയെ കാളാഞ്ചി പോലെയുള്ള സ്വാഭാവിക മീനുകള്‍ക്ക് തീറ്റയായി മാറ്റുകയാണിപ്പോള്‍.

ദേവന്‍: സ്വാഭാവിക മത്സ്യങ്ങള്‍ നേരിടുന്ന ഭീഷണി എന്താണ്‌? അവയുടെ പോപ്പുലേഷന്‍ കുറഞ്ഞു പോകാന്‍ കാരണവും അതാവുമല്ലോ. പരിസ്ഥിതി സം‌രക്ഷകരുടെ ശ്രദ്ധ അതിലേക്കല്ലേ പോകേണ്ടത്?
പ്രസാദ്: വയല്‍-തോടു മീനുകള്‍ അടക്കം ഉള്‍നാടന്‍ ജലാശയ മീനുകള്‍ക്കും കായല്‍ മത്സ്യങ്ങള്‍ക്കും അപകടകരമാം വിധം അംഗസംഖ്യയില്‍ കുറവ് കാണുന്നു.   നെല്പ്പാടങ്ങളിലെയും എസ്റ്റേറ്റുകളിലെയും കീടനാശിനി പ്രയോഗം, മണല്‍ വാരല്‍, ഡാമുകളിലും മറ്റും എസ്റ്റേറ്റുകളില്‍ നിന്ന് ഒഴുകിയെത്തുന്ന രാസവസ്തുക്കളും മാലിന്യങ്ങളും, കായലിലെ ഹെവി മെറ്റല്‍ മുതല്‍ മറ്റനേകം മാലിന്യം കുന്നുകൂടല്‍, അമിത ചൂഷണം, മണല്‍ വാരല്‍, പുഴകള്‍ വറ്റിപ്പോകല്‍, തോട്ട പൊട്ടിച്ചും നഞ്ചു കലക്കിയും പരിസ്ഥിതി തകര്‍ത്തു കളയല്‍ ഇതൊക്കെയാണ്‌ മുഖ്യ കാരണം. വയലും ചെളിപ്രദേശങ്ങളും നികത്തി പുരയിടമാക്കുകയും ചെയ്യുന്നു.

ദേവന്‍: ഫിഷറീസ് വകുപ്പിനു ഒന്നും ചെയ്യാനില്ലേ ഇതില്‍?
പ്രസാദ്: മീന്‍ വളരാന്‍ ഇടമില്ലാതെ ആകുന്നതില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ്, അല്ലെങ്കില്‍ ഒരു കൂട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായി ചെയ്യാന്‍ കഴിയുന്നത് പരിമിതമാണ്‌. കരിമീന്‍ കാളാഞ്ചി തുടങ്ങിയവയെ റിലീസ് ചെയ്യുന്ന  പ്രോജക്റ്റ് ആശാവഹമാണ്‌. ഉജ്വലവിജയം ആറ്റു‌കൊഞ്ചിലാണ്‌ സാധ്യമായത്. ആറ്റുകൊഞ്ച് വംശനാശത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ്‌ ഞങ്ങള്‍ 'ഒരു നെല്ലും ഒരു മീനും' പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്.  അമ്പതു വര്‍ഷം മുന്നേയുണ്ടായിരുന്ന പോപ്പുലേഷനില്‍ എത്തിച്ചു ആറ്റുകൊഞ്ചിനെ ഇപ്പോള്‍.

Sunday, October 31, 2010

ലയണ്‍ ഫിഷ്

റീഫ് അക്വേറിയങ്ങള്‍ക്ക് ഒരു ലയണ്‍ ഫിഷ് കൂടെയുണ്ടെങ്കില്‍ നല്ല ഭംഗിയാണ്‌. ഇതിന്റെ റേന്ത വച്ച ചിറകുകളും കുണുങ്ങിയുള്ള പോക്കും ഒക്കെ നല്ല രസമാണ്‌.


ലയണ്‍ഫിഷ് കുത്തുമെന്നും കുത്തിയാല്‍ വിഷം തീണ്ടുമെന്നും മിക്കവര്‍ക്കും അറിയാം. എന്നാല്‍ അത് മനസ്സറിയും മുന്നേ സംഭവിച്ചിരിക്കും എന്ന് അനുഭവമുള്ളവര്‍ പറയുന്നു. ഒരു സൈഫണിങ്ങിന്റെ ഇടയില്‍ പൈപ്പില്‍ കയറിയ ഒരു കല്ലിന്‍ കഷണം തട്ടാനോ, നെറ്റില്‍ കുടുങ്ങിയ ലയണ്‍ഫിഷ് ഒന്നിനെ മോചിപ്പിക്കാനോ നോക്കുമ്പോള്‍ പെട്ടെന്ന് അസഹ്യമായ ഒരു വേദന തോന്നും. അപ്പോഴേ അറിയൂ ഇത് പണി പറ്റിച്ചെന്ന്.

ഭാഗ്യവശാല്‍ സ്റ്റോണ്‍/ സ്കോര്‍പ്പിയണ്‍ ഫിഷുകളുടെ കുത്തു പോലെ ലയണ്‍ഫിഷിന്റെ കുത്ത് മിക്കപ്പോഴും മാരകമാവാറില്ല. പണി കിട്ടിയാല്‍ ചൂട് വെള്ളത്തില്‍ കൈ മുക്കി വയ്ക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്‌ ഈ മൂന്നു തരം മീനുകളുടെയും വിഷം ബാധിക്കുന്നത്.

Saturday, October 30, 2010

സുത്യാര്യ സുന്ദരി

ഉള്ളിലിരുപ്പ് എന്താന്ന് അറിയില്ലെന്ന് ഇവളെക്കുറിച്ച് ആരും പറയില്ലല്ലോ?