Saturday, December 18, 2010

മത്സ്യകേരളം പദ്ധതി

ഫിഷറീസ് അഡീഷണല്‍ ഡയറക്റ്റര്‍ (റിട്ടയേര്‍ഡ്) ശ്രീ. പ്രസാദ് ചന്ദ്രന്‍‌ പിള്ളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സംക്ഷിപ്ത രൂപത്തില്‍ : ( നോട്ടില്‍ നിന്നും പുനര്‍‌നിര്‍മ്മിച്ചതാണ്‌, പദാനുപദം ഇങ്ങനെയല്ല.) . 

ദേവന്‍:  കേരളത്തിലെ പുഴകളിലും തടാകങ്ങളിലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലും വിദേശ‌മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പുതിയ ഒരു പദ്ധതി നടപ്പിലാക്കുന്നെന്ന് കേട്ടു. ഇതിന്റെ നിജസ്ഥിതി അറിയാനായിട്ട് വിളിച്ചതാണ്‌.
പ്രസാദ്: വിദേശമത്സ്യങ്ങളെ വളര്‍ത്തുന്ന പദ്ധതിയൊന്നും നടപ്പിലാക്കുന്നില്ലല്ലോ.

ദേവന്: കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളെയാണ്‌ വളര്‍ത്തുന്നതെന്ന് വായിച്ചു.
പ്രസാദ്: ഇവ വിദേശമത്സ്യങ്ങളല്ലല്ലോ, ഇന്ത്യന്‍ കാര്‍പ്പ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന വര്‍ഗ്ഗമാണ്‌. നിങ്ങള്‍ ജനിക്കുന്നതിനും ഇരുപതു വര്‍ഷം മുന്നേ ആരംഭിച്ച പദ്ധതിയാണിത്,  പുതിയതല്ല.

ദേവന്‍: എന്തുകൊണ്ടാണ്‌ ഈ മത്സ്യങ്ങളെ ഇങ്ങനെ പണം മുടക്കി നിക്ഷേപിക്കുന്നത്?
പ്രസാദ്: കേരളത്തിലെ ശുദ്ധജല മത്സ്യോപഭോഗത്തിന്റെ പകുതിയോളം ഇത്തരം മത്സ്യങ്ങള്‍ പിടിച്ചു വില്‍ക്കുന്നതാണ്‌. ചില സീസണില്‍ അതില്‍ കൂടുതലും. ഈ ഒരു പ്രോജക്റ്റ് ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ ഭക്ഷ്യയോഗ്യമായ സ്വാഭാവിക മീനുകളത്രയും വംശനാശഭീഷണിയില്‍ ആയിക്കഴിഞ്ഞേനെ.

ദേവന്‍: എന്തുകൊണ്ട് കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മീനുകളെ തിരഞ്ഞെടുത്തു ഈ  സം‌രഭത്തിന്‌?
പ്രസാദ്: വളരെയേറെ ഗവേഷണങ്ങള്‍ നടത്തി തീരുമാനിച്ച കാര്യമാണത്,  ചുരുക്കിപ്പറഞ്ഞാല്‍:
 • ഡെബ്രി, വെജിറ്റേഷന്‍ എന്നിവ തിന്നു ജീവിക്കുന്ന മീനുകള്‍ ആണിത് എന്നതിനാല്‍ തനതു സ്വാഭാവിക മത്സ്യങ്ങള്‍ക്ക്- ചെറുമീനുകള്‍ക്കു പോലും യാതൊരു ഭീഷണിയും ഇവ ഉയര്‍ത്തുന്നില്ല
 • വളരെ വേഗം വളരുന്ന മീനുകളാണിത്, ആറേഴു മാസം കൊണ്ട്  പിടിക്കാന്‍ പാകത്തില്‍ വളരും
 • ഇന്ത്യന്‍ മീനുകള്‍ ആയതിനാല്‍ ഇവയ്ക്ക്  നമ്മുടെ സാഹചര്യത്തിനാവശ്യമായ രോഗപ്രതിരോധശേഷിയുണ്ട്
 • ഇതിലെല്ലാം പ്രധാനം നമ്മുടെ സാഹചര്യത്തില്‍ ഇവ ബ്രീഡ് ചെയ്യില്ല, അതിനാല്‍  ബയോ‌ഇന്വേഷന്‍ ഭീഷണിയില്ല
ദേവന്‍: ഇവ നമ്മുടെ പുഴകളിലും തടാകങ്ങളിലും ബ്രീഡ് ചെയ്യില്ലെങ്കില്‍ ഫിംഗര്‍ലിങ്ങ്സ്  ഉണ്ടാക്കുന്നതെങ്ങനെ?  സിന്ധുഗംഗാ സമതലത്തിലെ ഇവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്നും കുഞ്ഞുങ്ങളെ  പിടിക്കുകയാണോ?
പ്രസാദ്: അല്ല, ഹാച്ചറികളില്‍ ഇവയ്ക്ക് പിറ്റ്യൂട്ടറി ഹോര്‍മോണ്‍  നല്‍കി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണ്‌.

ദേവന്‍: പ്രോജക്റ്റിനു ഇരുന്നൂറു കോടിയില്‍ ഏറെ ചിലവുണ്ടെന്നു കേട്ടു.
പ്രസാദ്: ഏതു ഇരുന്നൂറു കോടി പ്രോജക്റ്റിന്റെ കാര്യമാണ്‌ പറയുന്നതെന്ന് ഓര്‍മ്മയില്ല. ദേവന്‍ കുട്ടിയായിരുന്നപ്പോള്‍  ഞാന്‍ മലമ്പുഴയില്‍ കൊണ്ടുപോയത് ഓര്‍ക്കുന്നുണ്ടോ? ഒരു കട്റ്റ്‌ലയുടെ രൂപത്തിലെ കെട്ടിടവും അതിനുള്ളിലെ ചെറിയ അലങ്കാരമത്സ്യ പ്രദര്‍ശനവും ഒക്കെ കാണിച്ചത്? പിന്നെ ഒരു ഹാച്ചറി കാട്ടിത്തന്നില്ലേ? അത്തരം ഹാച്ചറികളുടെ പ്രവര്‍ത്തനമാണ്‌ ഇന്ത്യന്‍ കാര്‍പ്പുകളെയും മറ്റും വിരിയിക്കുന്നത്. ഇതൊരു വന്‍‌ചിലവുള്ള ഇടപാടല്ല.

ദേവന്‍: വനം വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ്‌ പദ്ധതി എന്നും കേട്ടല്ലോ?
പ്രസാദ്: വനം വകുപ്പിന്റേതല്ല, ഇറിഗേഷന്‍, കെ എസ് ഈ ബി തുടങ്ങിയ വകുപ്പുകളുടെ അനുമതിയാണ്‌ വേണ്ടത്. ചിലയിടങ്ങളില്‍  കെ എസ് ഈ ബി അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രോജക്റ്റ് നടക്കുന്നുമില്ല. 

ദേവന്‍: തേക്കടിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പ്രസാദ്: തേക്കടിയില്‍ സ്വാഭാവികമായുള്ള മഹ്‌സീര്‍ മീനിനെ ആണ്‌  നിക്ഷേപിച്ചത്. മീന്‍‌പിടിത്തം മൂലം ഇവയുടെ അംഗസംഖ്യ  അപകടകരമായി താണതുമൂലമാണത്.

ദേവന്‍: മഹ്‌സീര്‍ വടക്കേ ഇന്ത്യന്‍ മീനെന്നാണു ഞാന്‍ കരുതിയിരുന്നത്.
പ്രസാദ്:  മഹ്‌സീര്‍ ഒരു മീനല്ല,  കുറേ മീനുകള്‍ക്ക് പറയുന്ന പേരാണ്‌. മലബാര്‍ മഹ്‌സീര്‍ Tor Malabaricus എന്നു കേട്ടിട്ടില്ലേ?

ദേവന്‍: കേട്ടിട്ടില്ലായിരുന്നു, ഇതിനു മലയാളത്തില്‍ എന്തു പറയും?
പ്രസാദ്: കുയില്‍ മീന്‍ എന്നൊക്കെ തേക്കടിയില്‍ പറയും.  കുളത്തൂപ്പുഴയില്‍ മീനൂട്ടുന്നത്  കണ്ടിട്ടില്ലേ? അതാണിത്.   ജിം കോര്‍ബറ്റ്  പണ്ട് അമ്പതുകിലോയില്‍ പുറത്തുള്ള ഒരു മഹ്സീറിനെ പിടിച്ച വലിയ വാര്‍ത്തയായതോടെയാണ്‌ ഇതിത്ര പ്രശസ്തമായത്.  ഇന്നിതു വംശനാശഭീഷണിയിലാണ്‌.

ദേവന്‍: ബ്രാല്‌, എരള്‌, കാരി, ക്ലൈംബിങ്ങ് പേര്‍ച്ച് തുടങ്ങിയ മീനുകളെ വളര്‍ത്തി റിലീസ് ചെയ്തുകൂടേ?
പ്രസാദ്: അത്തരം നടപടി അപകടമാവും- ഇവ പ്രെഡേറ്ററി മീനുകളാണ്‌.  വൈല്‍ഡില്‍ ബ്രീഡ് ചെയ്യുകയും ചെയ്യും  സ്വാഭാവിക മത്സ്യങ്ങളുടെ സന്തുലിതാവസ്ഥ നശിച്ചു പോകും.

ദേവന്‍:  ഇന്ത്യന്‍ കാര്‍പ്പുകള്‍ ഇവയെ ഉപദ്രവിക്കില്ലെന്നു മനസ്സിലായി. എന്നാല്‍  അവ വളരുന്നതു വഴി തീറ്റക്ഷാമമോ മറ്റെന്തിലും പ്രശ്നം  ഇവ നേരിടുമോ?
പ്രസാദ്:  എല്ലാ കാര്‍പ്പുകളും ഒരുപോലെ അല്ല. സൂ‌പ്ലാങ്ക്‌ടണും  അഴുക്കും തിന്നാണു   ഇപ്പറഞ്ഞ മൂന്നു മീനുകള്‍ ജീവിക്കുന്നത്.  അമിതചൂഷണം മൂലം മീനുകള്‍ കുറഞ്ഞതിനാലുള്ള സര്‍പ്ലസ് സ്പേസ് ആണ്‌ ഇവ ഉപയോഗിക്കുന്നത്.  ഫിംഗര്‍‌ലിങ്സ് വിടുന്നതിലെ ഒരു ഭാഗം സ്വാഭാവിക മീനുകളുടെ തീറ്റ ആകുന്നത് വഴി അവയെ പരിപാലിക്കുന്നു, പോരാത്തതിനു മീന്‍‌പിടിത്തം മൂലം അവ നശിച്ചു പോകാതിരിക്കാനും സഹായകരമാണ്‌.

ദേവന്‍: സര്‍ക്കാരിന്റെ പ്രതിബദ്ധത ഇക്കാര്യത്തില്‍ എത്രയുണ്ട്?
പ്രസാദ്:  സംസ്ഥാനത്ത് ഈ പരിപാടി കഴിഞ്ഞ അറുപത് വര്‍ഷമായി നടപ്പിലുണ്ട്.  സംസ്ഥാനം ഈ കെ നായനാര്‍ ഭരണത്തിലായിരുന്ന കാലം പ്രോഗ്രാം വളരെ ഓഗ്‌മെന്റ് ചെയ്തതാണ്‌ ജനകീയ മത്സ്യകൃഷി പ്രോഗ്രാമില്‍. തുടര്‍ന്നു വന്ന ആന്റണി‌ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഈ പ്രോഗ്രാമിനെ തുടരാന്‍ അനുവദിച്ചു. ഇപ്പോഴത്തെ മത്സ്യകേരളം തുടങ്ങിയ പത്തോളം പരിപാടികള്‍ അതിലും വളരെയേരെ ഫലപ്രദമായിത്തീര്‍ന്നിട്ടുണ്ട്.

ദേവന്‍: കേന്ദ്രസര്‍ക്കാര്‍ സഹായമോ?
പ്രസാദ്: അത് ചോദിച്ചു വാങ്ങുന്നതിലാണ്‌ സബ്‌ജക്റ്റ് മാറ്റര്‍ എസ്ക്പേര്‍ട്ട്‌സ് കഴിവു കാണിക്കേണ്ടത്.  ഓരോ പ്രോജക്റ്റും വെറ്റ് ചെയ്യുന്നത് അതത് മേഘലയിലെ അറിയപ്പെടുന്ന വിദഗ്ദ്ധസമിതിയാണ്‌ കേന്ദ്രത്തില്‍. ഓരോ ചില്ലിക്കാശും  അവര്‍ അളന്നു പരിശോധിച്ച് ബോധ്യപ്പെട്ടതില്‍ ശേഷം മാത്രമേ അനുവദിക്കൂ.  പരിപൂര്‍ണ്ണ ബോധ്യം എല്ലാക്കാര്യത്തിലും ഉണ്ടായാലേ സഹായം ലഭ്യമാകൂ.
ദേവന്‍: മറ്റേതെങ്കിലും രാജ്യം ഇത്തരം പ്രോജക്റ്റ് ചെയ്യുന്നുണ്ടോ? ഈ പരിപാടിക്ക് എന്താണു ശരിക്കുള്ള പേര്‍?
പ്രസാദ്: ഏതെങ്കിലുമല്ല, പരിസ്ഥിതിയെക്കുറിച്ച് അല്പ്പമെങ്കിലും ശ്രദ്ധയുള്ള എല്ലാ രാജ്യങ്ങളും ചെയ്യുന്നുണ്ട്. ഓരോനാട്ടിലും ഓരോ പേര്‍ പറയുമെങ്കിലും Hatchbox fry release program എന്ന് സാധാരണയായി പരാമര്‍ശിക്കപ്പെടുന്നു.

ദേവന്‍: എല്ലാ നാട്ടിലും എന്നു പറഞ്ഞു- ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പേര്‍ പറയാമെങ്കില്‍ കൂടുതല്‍ വ്യക്തമായേനെ.
പ്രസാദ്: അമേരിക്കയിലെ സാല്‍‌മണ്‍ പ്രോഗ്രാമുകളെക്കുറിച്ച് കേട്ടിട്ടില്ലേ? അതില്‍ ഒന്നാണ്‌ Oregon STEP (Salmon &; Trout Enhancement Program) . നൂറിലധികം വര്‍ഷമായി ഈ നാട്ടിലെ  ഫിഷറീസ് വകുപ്പ് കോഹോ, സ്റ്റീല്‍ഹെഡ്, കട്ട്‌ത്രോട്ട്, ചിനൂക്ക് സാല്‍‌മണുകളുടെയും മറ്റു ചില മീനുകളുടെയും കുഞ്ഞുങ്ങളെ പുഴകളിലും തടാകങ്ങളിലും വിന്യസിക്കുന്നതിന്റെ ഫലം വ്യക്തമായും ആവേശകരമാണ്‌.  ഒന്നോ രണ്ടോ അല്ല, ഇത്തരം ആയിരക്കണക്കിനു പ്രോജക്റ്റുകള്‍ ആണ്‌ അമേരിക്കയുടെ മത്സ്യസമ്പത്തിനെ  നല്ലൊരളവില്‍ സം‌രക്ഷിക്കുന്നത്.

ദേവന്‍: നമ്മള്‍ വിദേശമത്സ്യങ്ങളെ ഒരിക്കലും പരീക്ഷിച്ചിട്ടില്ലേ?
പ്രസാദ്: ഉണ്ട്. ടിലാപ്പിയ വിദേശമത്സ്യമാണ്‌.  ഇവയെ പണ്ടുകാലം പരീക്ഷിച്ചിരുന്നു.ഇവ പക്ഷേ സ്വാഭാവിക പരിസ്ഥിതിയില്‍ ബ്രീഡ് ചെയ്യുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചു കഴിഞ്ഞു, മാത്രമല്ല, ഇവയെ കാളാഞ്ചി പോലെയുള്ള സ്വാഭാവിക മീനുകള്‍ക്ക് തീറ്റയായി മാറ്റുകയാണിപ്പോള്‍.

ദേവന്‍: സ്വാഭാവിക മത്സ്യങ്ങള്‍ നേരിടുന്ന ഭീഷണി എന്താണ്‌? അവയുടെ പോപ്പുലേഷന്‍ കുറഞ്ഞു പോകാന്‍ കാരണവും അതാവുമല്ലോ. പരിസ്ഥിതി സം‌രക്ഷകരുടെ ശ്രദ്ധ അതിലേക്കല്ലേ പോകേണ്ടത്?
പ്രസാദ്: വയല്‍-തോടു മീനുകള്‍ അടക്കം ഉള്‍നാടന്‍ ജലാശയ മീനുകള്‍ക്കും കായല്‍ മത്സ്യങ്ങള്‍ക്കും അപകടകരമാം വിധം അംഗസംഖ്യയില്‍ കുറവ് കാണുന്നു.   നെല്പ്പാടങ്ങളിലെയും എസ്റ്റേറ്റുകളിലെയും കീടനാശിനി പ്രയോഗം, മണല്‍ വാരല്‍, ഡാമുകളിലും മറ്റും എസ്റ്റേറ്റുകളില്‍ നിന്ന് ഒഴുകിയെത്തുന്ന രാസവസ്തുക്കളും മാലിന്യങ്ങളും, കായലിലെ ഹെവി മെറ്റല്‍ മുതല്‍ മറ്റനേകം മാലിന്യം കുന്നുകൂടല്‍, അമിത ചൂഷണം, മണല്‍ വാരല്‍, പുഴകള്‍ വറ്റിപ്പോകല്‍, തോട്ട പൊട്ടിച്ചും നഞ്ചു കലക്കിയും പരിസ്ഥിതി തകര്‍ത്തു കളയല്‍ ഇതൊക്കെയാണ്‌ മുഖ്യ കാരണം. വയലും ചെളിപ്രദേശങ്ങളും നികത്തി പുരയിടമാക്കുകയും ചെയ്യുന്നു.

ദേവന്‍: ഫിഷറീസ് വകുപ്പിനു ഒന്നും ചെയ്യാനില്ലേ ഇതില്‍?
പ്രസാദ്: മീന്‍ വളരാന്‍ ഇടമില്ലാതെ ആകുന്നതില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ്, അല്ലെങ്കില്‍ ഒരു കൂട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായി ചെയ്യാന്‍ കഴിയുന്നത് പരിമിതമാണ്‌. കരിമീന്‍ കാളാഞ്ചി തുടങ്ങിയവയെ റിലീസ് ചെയ്യുന്ന  പ്രോജക്റ്റ് ആശാവഹമാണ്‌. ഉജ്വലവിജയം ആറ്റു‌കൊഞ്ചിലാണ്‌ സാധ്യമായത്. ആറ്റുകൊഞ്ച് വംശനാശത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ്‌ ഞങ്ങള്‍ 'ഒരു നെല്ലും ഒരു മീനും' പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്.  അമ്പതു വര്‍ഷം മുന്നേയുണ്ടായിരുന്ന പോപ്പുലേഷനില്‍ എത്തിച്ചു ആറ്റുകൊഞ്ചിനെ ഇപ്പോള്‍.

Sunday, October 31, 2010

ലയണ്‍ ഫിഷ്

റീഫ് അക്വേറിയങ്ങള്‍ക്ക് ഒരു ലയണ്‍ ഫിഷ് കൂടെയുണ്ടെങ്കില്‍ നല്ല ഭംഗിയാണ്‌. ഇതിന്റെ റേന്ത വച്ച ചിറകുകളും കുണുങ്ങിയുള്ള പോക്കും ഒക്കെ നല്ല രസമാണ്‌.


ലയണ്‍ഫിഷ് കുത്തുമെന്നും കുത്തിയാല്‍ വിഷം തീണ്ടുമെന്നും മിക്കവര്‍ക്കും അറിയാം. എന്നാല്‍ അത് മനസ്സറിയും മുന്നേ സംഭവിച്ചിരിക്കും എന്ന് അനുഭവമുള്ളവര്‍ പറയുന്നു. ഒരു സൈഫണിങ്ങിന്റെ ഇടയില്‍ പൈപ്പില്‍ കയറിയ ഒരു കല്ലിന്‍ കഷണം തട്ടാനോ, നെറ്റില്‍ കുടുങ്ങിയ ലയണ്‍ഫിഷ് ഒന്നിനെ മോചിപ്പിക്കാനോ നോക്കുമ്പോള്‍ പെട്ടെന്ന് അസഹ്യമായ ഒരു വേദന തോന്നും. അപ്പോഴേ അറിയൂ ഇത് പണി പറ്റിച്ചെന്ന്.

ഭാഗ്യവശാല്‍ സ്റ്റോണ്‍/ സ്കോര്‍പ്പിയണ്‍ ഫിഷുകളുടെ കുത്തു പോലെ ലയണ്‍ഫിഷിന്റെ കുത്ത് മിക്കപ്പോഴും മാരകമാവാറില്ല. പണി കിട്ടിയാല്‍ ചൂട് വെള്ളത്തില്‍ കൈ മുക്കി വയ്ക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്‌ ഈ മൂന്നു തരം മീനുകളുടെയും വിഷം ബാധിക്കുന്നത്.

Saturday, October 30, 2010

സുത്യാര്യ സുന്ദരി

ഉള്ളിലിരുപ്പ് എന്താന്ന് അറിയില്ലെന്ന് ഇവളെക്കുറിച്ച് ആരും പറയില്ലല്ലോ?

Friday, October 29, 2010

ഇവന്റെ ഒരു കാര്യം

എന്നെക്കണ്ടാല്‍ ഒരുത്തനും മൈന്‍ഡ് ചെയ്യല്ല. പക്ഷേ ദത്തനെക്കണ്ടാല്‍ എന്തു ജന്തുവും ഓടിച്ചെല്ലും.


രണ്ടു കൊല്ലം മുന്നേ ഞാനെന്റെ പഴഞ്ചന്‍ വണ്ടിയും കൊണ്ട് സിഗ്നലില്‍ കിടക്കുമ്പോള്‍ ബി എം ഡബ്യൂ ബൈക്കോടിച്ച് അടുത്തു കൊണ്ടു നിര്‍ത്തിയ ഒരു സുന്ദരിക്കുട്ടി ഹെല്‍മറ്റ് പൊക്കി ഒരു ഫ്ലൈയിംഗ് കിസ്സ്. വയ്സ്സാന്‍ കാലത്ത് എനിക്കു ശുക്രന്‍ തെളിഞ്ഞല്ലോ എന്ന് പുളകം കൊള്ളാന്‍ ഒരുങ്ങുമ്പോഴാണ്‌ പിറകില്‍ ബേബീ സീറ്റില്‍ ഇരുന്ന് ദത്തന്‍ കൈയും കലാശവും കാണിക്കുന്നത് കണ്ടത്.


[എന്റെ കുരുത്തക്കേട് സഹിക്കാതെ വരുമ്പോള്‍ ദത്തന്‍ പറയുന്നതാണ്‌ "ഇവന്റെ ഒരു കാര്യം" എന്ന്. ]

Thursday, October 28, 2010

My Plane Jane


എന്റെ മുന്നൂറ് ലിറ്റര്‍ ( സാദാ ) ഫിഷ് ടാങ്ക്


ചെടികള്‍- ഒന്നുമില്ല
ഹാര്‍ഡ്സ്കേപ്: സിന്തറ്റിക്ക്, ലാവാ റോക്ക്, റിവര്‍ റോക്ക്
സബ്സ്റ്റ്റേറ്റ്- സാദാ ഗ്രേവല്‍
ലൈറ്റ്- 2X 20 W fl (ഡേ) + 2X 10W fl. (ഈവ്)

മീന്‍
ഒരു തരം ജാപ്പ് കോയി ( kohaku)
ഒരുതരം ഗൗരാമി (Trichogaster microlepis)
മോണോ (Monodactylus argenteus)
സക്കര്‍ ക്യാറ്റ് ഫിഷ് (Pterygoplichthys multiradiatus)
സാദാ ഏന്‍ഞ്ജല്‍ ഫിഷ് (Pterophyllum altum)
ഗോള്‍ഡ് പേള്‍സ്കെയില്‍ ഏഞ്ജല്‍ ഫിഷ് (P. scalare)
മാര്‍ബിള്‍ ഏന്‍‌ജല്‍ ഫിഷ് ‍(P. altum var)

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വേരിയന്‍സ് അനാലിസിസ് ആണ്‌ മുകളില്‍ കാണുന്നത്. രണ്ടായിരത്തി അഞ്ചിലെ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്താല്‍ ഇടതുപക്ഷത്തിന്റെ വിജയശമാനം ശരാശരി 35% കുറഞ്ഞെന്നും രണ്ടായിരത്തൊമ്പത് ലോക് സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ നിന്ന് ശരാശരി 19% കൂടിയെന്നും കാണുന്നു. ( സ്റ്റാറ്റ് തിരിച്ചു വായിച്ചാല്‍ രണ്ടായിരത്തി അഞ്ചില്‍ നിന്നും രണ്ടായിരത്തി ഒമ്പതിലേക്ക് 54% കുറവായിരുന്നെന്നും ഇപ്പോഴാ വിടവ് 19% മാറിയെന്നും വായിക്കാം).


ലളിതമായ പ്രൊജക്ഷനുകള്‍ മിക്കപ്പോഴും വര്‍ക്ക് ചെയ്യില്ലെങ്കിലും ഈ ട്രെന്‍ഡ് പ്രൊജക്റ്റ് ചെയ്താല്‍ ആറുമാസമപ്പുറത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 45% ജന പിന്തുണയോടെ പ്രതിപക്ഷത്തേക്ക് ഇടതുപക്ഷം മാറാനുള്ള സാദ്ധ്യതയെ ആണിത് സൂചിപ്പിക്കുന്നത്. ലോക്കല്‍ ബോഡി, ലോക് സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജനവിധി ഒരേപോലെ വികാരവിചാരങ്ങളോടെ ആയിരിക്കില്ല എന്നത് മറന്നിട്ടല്ല ഇതെഴുതുന്നത്. അതുപോലെ തന്നെ മുന്നണികളെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുന്ന ചരിത്രം കേരളത്തിനുണ്ടെന്നതും മറക്കുന്നില്ല.

ഒരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു. വലതു സര്‍ക്കാരുകളെക്കാള്‍ മെച്ചപ്പെട്ട ഭരണം എല്ലായ്പ്പോഴും ഇടതുപക്ഷം കാഴ്ച വച്ചിട്ടുണ്ട് എന്നാണ്‌ എന്റെ വീക്ഷണം. എന്നാല്‍ ഒരു സാധാരണ ഇടതു സര്‍ക്കാര്‍ ഭരണമല്ല ഇത്തവണ. തൊട്ടു മുന്നേ സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് സര്‍ക്കാരിനോട് താരതമ്യം ചെയ്ത് ആളാവുന്നതില്‍ കാര്യമൊന്നുമില്ല, " അവന്‍ നിന്നെ പത്തു തവണ അടിച്ചു, ഞാന്‍ അടിച്ചില്ല, പിന്നെ ഞാന്‍ മാന്യനാണെന്നതില്‍ എന്തു സംശയം" എന്നു ചോദിക്കുമ്പോലെ അര്‍ത്ഥരഹിതമാവും അത്. താരതമ്യം ചെയ്യാവുന്നത് തൊട്ടു മുന്നേ ഭരണത്തിലുണ്ടായിരുന്ന നായനാര്‍ സര്‍ക്കാരിനോടാണ്‌. അത് ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ മികവ് മനസ്സിലാവുന്നത്.

പത്തു പടി കയറി, താഴെ വീണ്‌ വീണ്ടും പത്തു പടി കയറി വീണ്ടും വീണുപോകുന്ന സമൂഹം എല്ലാക്കാലവും നിലത്തിനും പത്താം പടിക്കും ഇടയിലെവിടെയോ തന്നെ കഴിയുകയേ ഉള്ളൂ. ഈ പത്തു പടികളുടെ കയറ്റം നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടല്‍ പോലെ പാഴ്‌വേല ചെയ്ത് രസിക്കലാണ്‌.

വികസനപ്രവര്‍ത്തനം നിരന്തരം നടക്കേണ്ടതാണ്‌, പുരോഗതിയുടെ ചുവടുകള്‍ സസ്റ്റെയിനബിള്‍ ആയിരിക്കണം, ജനക്ഷേമ നടപടികള്‍ നിരന്തരമായി തന്നെ വേണം. ജെസ്റ്റേഷന്‍ പീരിയഡ് അധികമായവ വിരിയും വരെ ചൂടു കൊടുക്കണം.

മത-ജാതീയ പോളറൈസേഷന്‍ അവസാനിക്കുമെന്ന് കരുതേണ്ട. സെക്യുലറിസം വളരുന്നത് ദശാബ്ദങ്ങള്‍ ഒരേ ഗതിയില്‍ പോകുന്ന മാറ്റങ്ങളാണ്‌ എന്നതിനാല്‍ അതിന്‌ പെട്ടെന്ന് എന്തെങ്കിലും വത്യാസം വരുമെന്ന് കരുതേണ്ടതില്ല. മത-ജാതീയ സ്പര്‍ദ്ധ ഉള്ളവര്‍ അടങ്ങുന്ന, അതായത് എല്ലാവരും അടങ്ങുന്ന സമൂഹത്തിന്റേതാണ്‌ ഭരണകൂടം. അവര്‍ക്കെല്ലാം നല്ലതിനു വേണ്ടിയാണത് നിലനില്‍ക്കേണ്ടതും ( ഇത്തരം സ്പര്‍ദ്ധകളെ നിരുത്സാഹപ്പെടുത്തേണ്ടതും അതിന്റെ കടമയാണ്‌).

മാധ്യമങ്ങള്‍ തുടര്‍ന്നും ഇതേ നിലപാടില്‍ തന്നെ ആയിരിക്കും. അവര്‍ക്ക് അവരുടേതായ അജന്‍ഡകളുണ്ട്. ഇതുപോലെ തന്നെ ആടിനെ പട്ടിയാക്കി അവന്‍ തുടര്‍ന്നും ആടുബിരിയാണി കഴിക്കും.

സ്കിം ചെയ്ത ഇടതുപക്ഷം ഇതാണെങ്കില്‍ അത് ഭൂരിപക്ഷമാവുന്നില്ല. ഒരുകാലത്തും അങ്ങനെ ആയിരുന്നിട്ടുമില്ല. മാറി മാറിയാണല്ലോ സര്‍ക്കാരുകള്‍ വരാറ്‌. പത്തു കുതിരകള്‍ വലിക്കേണ്ട വണ്ടിയില്‍ രണ്ടു കുതിരയും നാലാടും ഓരോ കോഴിയും കാളയും കഴുതയും മാനും പൂട്ടിയ അവസ്ഥയിലാണ്‌ കേരളം. കാളയ്ക്ക് കുറച്ചു ഭാരം വലിക്കാന്‍ കഴിയും ബാക്കി ഭാരം രണ്ടു കുതിര വലിച്ചേ വണ്ടി നീങ്ങൂ.

ജനവിധി തേടുമ്പോള്‍ എന്തിന്റെ പേരില്‍ തേടുമെന്നതില്‍ സംശയമില്ല. അതല്ല വേണ്ടതെന്ന് കരുതുന്നവരാണെങ്കില്‍ അവര്‍ക്കു അതു തന്നെയാണു അവര്‍ക്കു വേണ്ടതെന്ന് വാശിപിടിക്കേണ്ട കാര്യവുമില്ല, അത് ശരിയായ ജനാധിപത്യ പ്രവണതയുമല്ല.

ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടിക്കോളൂം നമ്മള്‍ക്ക് വരാനുള്ളത് വന്നോട്ടെ എന്ന് നിസ്സംഗമായി തള്ളിക്കളയാം വേണമെങ്കില്‍, മനസ്സാക്ഷി അതിനനുവദിക്കുമെങ്കില്‍. വേണമെങ്കില്‍ " ഞാനൊരുത്തന്‍ വിചാരിച്ച് നാട്ടിലെന്തു നടക്കാന്‍, എന്നോ നാടു നന്നാവില്ല" എന്നോ തള്ളിക്കളയാം. ഇതിനു രണ്ടിനും കഴിയാത്തവരേ രാഷ്ട്രീയമുള്ളവരാകൂ എന്ന് ഞാന്‍ കരുതുന്നു.

തിരഞ്ഞെടുപ്പിനു തയ്യാറാവാന്‍ എന്തു ചെയ്യണം? ആലോചിക്കേണ്ടിയിരിക്കുന്നു.

Thursday, October 14, 2010

കല പഠിക്കാം (ഏതു കലയും)

ഈ കാണുന്നത് ബിയോണ്‍‌ഡ് ദ നേച്ചര്‍ എന്നു പേരുള്ള അക്വസ്കേപ്പ് ആണ്‌. അക്വസ്കേപ്പുകള്‍ ജൈവമായ ശില്പങ്ങളാണെന്നതിനാല്‍ നേരിട്ടോ കുറഞ്ഞപക്ഷം വീഡിയോയോ എങ്കിലും കാണേണ്ടതായിരുന്നു, സാരമില്ല. നമുക്ക് സ്റ്റില്‍ ഫോട്ടോകള്‍ കൊണ്ട് അതിനെ മനസ്സിലാക്കാം.ഗളിവേര്‍സ് ട്രാവല്‍സ് വായിച്ചിട്ടുള്ള ആര്‍ക്കും ഇതെന്താണെന്ന് മനസ്സിലാവും. അതിനി വായിച്ചിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇവിടെ ഞെക്കി ലാപുടയുടെ ഒരു ചിത്രം കാണുക.

ഇത്രയുമേ എനിക്കും അറിയാമായിരുന്നുള്ളൂ. ഇതിനെ കലാകാരന്‍ വ്യാഖ്യാനിച്ചത് വായിച്ചപ്പോള്‍ ജാപ്പനീസ് വേര്‍ഷന്‍ ലാപുടയില്‍ ഭൂമിയുടെ പരിസ്ഥിതി തകര്‍ന്ന കാലം ഉള്ള ടെക്നോളജി ഉപയോഗിച്ച് ഒരു ഫ്ലോട്ടിങ്ങ് ഐലന്‍ഡ് ഉണ്ടാക്കിയെന്നും കാലക്രമേണ ഭൂതല പരിസ്ഥിതി തിരികെ വരാന്‍ തുടങ്ങിയിട്ടും ലാപുടയിലെ ജീവിതം തുടര്‍ന്നെന്നും അതിന്റെ നെറുകയിലെ കോട്ടയില്‍ ഒരു യന്ത്രമനുഷ്യന്‍ ഉണ്ടെന്നും ആ യന്ത്രമനുഷ്യനാണ്‌ ഈ പറക്കും ദ്വീപിനെ നിയന്ത്രിക്കുന്നതെന്നും മനസ്സിലാക്കി.

ഇത്രയും വിവരം തന്നെ ധാരാളം മതി ഇതിനെ മനസ്സിലാക്കാന്‍. ഇനി നമുക്ക് ഇതില്‍ ആര്‍ട്ടിസ്റ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് നോക്കാം. ഇത് നേച്ചര്‍ സ്റ്റൈല്‍ അക്വേറിയമാണ്‌, അതായത് ലാന്‍ഡ്സ്കേപ്പിങ്ങ് പോലെ ജലത്തിനടിയില്‍ ചെയ്തിരിക്കുന്നു അത്രയേ ഉള്ളൂ. നേച്ചര്‍‌സ്കേപ്പുകളുടെ സൗന്ദര്യ സങ്കല്പ്പമാണ്‌ വാബി-സാബി , ഇതു പ്രകാരം പ്രകൃതിയില്‍ ഒന്നും മൂര്‍ത്തമല്ല, സ്ഥിരമല്ല, പൂര്‍ണ്ണരൂപവുമല്ല. ബിയോണ്ട് നേച്ചര്‍ എന്നു വരുമ്പോള്‍ നേച്ചറില്‍ മാത്രമേ ഇത്തരം റൂളുകള്‍ ഉള്ളൂ, ലാപുടയ്ക്ക് അങ്ങനെവേണമെന്നില്ല എന്നാണ്‌ പെട്ടെന്ന് മനസ്സില്‍ തോന്നിയത് ലാപുടയ്ക്ക് കൃത്യതയോട് അടുത്തു നില്‍ക്കുന്ന ത്രികോണ ജ്യാമിതീയ രൂപം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
പ്രകൃതിതലത്തെ ഒരു ഫിഷ് ഐ ലെന്‍സിലൂടെ ചിത്രമെടുത്തതുപോലെയും ലാപുടയെ അതിന്റെ സ്വാഭാവികരൂപത്തിലുമാണ്‌ ഇയാള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ആര്‍ട്ടിസ്റ്റ് ബിയോണ്ഡ് നേച്ചര്‍ പൂര്‍ണ്ണതയോടെയും നേച്ചറിനെ വക്രമായും വരച്ചു കാട്ടി ഭൂതലത്തിന്റെ പരിതസ്ഥിതിയും ലാപ്പുടയുടെ ആകര്‍ഷകതയും നമ്മെ മനസ്സിലാക്കി തരികയാണ്‌ ഇദ്ദേഹം ചെയ്യുന്നതെന്ന് എനിക്കു തോന്നുന്നു.

ലാപ്പുടയുടെ ഒരു മൂലയിലെ ചെടികള്‍ ഭൂമിയോട് തൊട്ടു തൊട്ടില്ലെന്നാണ്‌ നില്‍ക്കുന്നത്. പരിസ്ഥിതി തിരിച്ചു വന്നുകൊണ്ടിരിക്കുകയും ലാപ്പുടവാസികള്‍ ഭൂമിയോട് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ.


ഇനി ഇതിന്റെ ഉപരിതല പ്രതിഫലനം നോക്കുക. ലാപ്പുടയിലെ ജീവിതം നമുക്ക് കാണാം. അവിടെ നിഴലുണ്ട്, വെയിലുണ്ട്, ജീവനുണ്ട്, മൊത്തത്തില്‍ സംതൃപ്തമായ ഒരു നാടു പോലെ. ഇതിനെ നയിക്കുന്ന സര്‍‌വശക്തനായ റോബോട്ടിനെയും നമുക്കവിടെ കാണാം. ഇതെല്ലാം റിഫ്ലക്ഷനിലേ കാണുന്നുള്ളൂ. ഭൂതലത്തില്‍ നിന്നുള്ള വീക്ഷണത്തിനെക്കാള്‍ വ്യക്തതയും വ്യാപ്തിയും പ്രതിഫലനത്തിനാണ്‌ എന്നതിനാല്‍ ലാപുട സത്യത്തെക്കാള്‍ ഒരു ഭാവനാസൃഷ്ടിയാണെന്നും മനസ്സിലാക്കാം. ഇനി ഈ ജാപ്പനീസ് കഥ അറിയില്ലെങ്കിലും ഗളിവറിന്റെ ലാപ്പുടയില്‍ ഈ ദ്വീപിനൊരു രാജാവുണ്ട്, പ്രതിഫലനത്തിലെ മനുഷ്യരൂപം അതെന്ന് കരുതാവുന്നതേയുള്ളൂ.


ഇതിന്റെ ശില്പിയും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങളും , ആര്‍ട്ടിസ്റ്റ് ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതും ഇവിടെ വായിക്കാം.

http://www.aquascapingworld.com/forum/aquascape-month/3305-aquascape-month-august-2010-beyond-nature.html

Tech Specs
Flora & Fauna


ഏറ്റവും ലളിതമായ അക്വസ്കേപ്പിങ്ങ് രീതിയും, തത്വങ്ങളും റ്റെക്നോളജിയുമേ ഇതിനു ഉപയോഗിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ്‌ ബിയോണ്ട് നേച്ചര്‍ ആദ്യ പോസ്റ്റിനു തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന്റെ കലാമൂല്യത്തിനു ഈ സങ്കീര്‍ണ്ണതയില്ലായ്മ ഒരു കോട്ടവും വരുത്തുന്നില്ല താനും . സങ്കീര്‍ണ്ണമായവ നമുക്ക് വഴിയേ പരിശോധിക്കാം.

The photographs in this blog post are the property of Mr. Gary Wu and have been reproduced only for the purpose of explaining the artwork and there are no intentions to use these for any commercial purposes, further reproduction or circulation.

Friday, October 8, 2010

Lets Discus

 വിദ്യേടെ പ്ലാന്റഡ് ടാങ്കില്‍ ഡിസ്കസിനെ ഇറക്കും ഇറക്കും എന്നു കേള്‍ക്കാന്‍ തുടങ്ങീട്ട്  കാലം കൊറേ  ആയി, ഇതുവരെ  കണ്ടില്ല. അതോണ്ട് മൂന്നു ടര്‍ക്കോയിസ് ഡിസ്കസിനെ വാങ്ങി  ദാനം ചെയ്തു.  (കല്യാണ സൌഗന്ധികമൊന്നുമല്ലല്ല് ഡിസ്കസ്  അല്ലേ)

അസിഡിക്ക് വാട്ടര്‍ വേണം (ദുബായിലെ ടാപ്പ് വെള്ളം പി എച്ച് ഏഴാണ്.)    ശുദ്ധികൂടിയ വെള്ളം വേണം. മുപ്പതേല്‍ ചൂടു ബാലന്‍സ് ചെയ്ത വെള്ളം വേണം. ലൈറ്റ് വേണം ഷേഡും വേണം, ഹൈഡൌട്ട് വേണം, ചെടികള്‍ കൊടികള്‍ പക്കം വേണം. പോഷണം ബാലന്‍സ് ചെയ്ത ശാപ്പാട് വേണം. ഡിസ്കസിനെ വളര്‍ത്തുന്നത് ചില്ലറ പണിയല്ല.

ആള്‍ ദ ബെസ്റ്റ് .

(ഫോട്ടോക്ക് ഒരു ക്വാളിറ്റിയും ഇല്ലെന്ന് നിങ്ങള്‍ പറയാതെ എനിക്കറിയാം. ബട്ട്, ജസ്റ്റ് റിമംബര്‍- കൈപ്പള്ളിയും സജിത്തും പോലെ നിങ്ങള്‍ക്ക് അറിയാവുന്നവരും അതിലേറെ അറിയാത്തവരും ഒക്കെ ആയുധം വച്ച് കീഴടങ്ങിയ ടാങ്കാണ് ഇത്. നല്ല മീന്‍ പടം വേറേ ടാങ്കിലിട്ട് ഞാനും എടുത്തിട്ടുണ്ട്)

Friday, September 17, 2010

മാമാങ്കം ചരിത്ര രേഖകള്‍

മനോഹരമായൊരു പുസ്തകമാണ്‌ ഡോ. എന്‍ എം നമ്പൂതിരിയുടെ മാമാങ്കം രേഖകള്‍. എഴുതി വയ്ക്കപ്പെട്ട മാമാങ്കം ഔദ്യോഗിക കണക്കുകളിലും വിവരണങ്ങളിലും ലഭ്യമായതില്‍ ഏറ്റവും പഴയവയുടെ പഠനമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


മൂന്നു ഭാഗങ്ങളാണ്‌ ഈ പുസ്തകത്തിന്‌. ആദ്യഭാഗം മേല്പ്പറഞ്ഞ അക്കൗണ്ട്സ് & ഇവന്റ് ലോഗിന്റെ(രണ്ടും കൂടിക്കലര്‍ന്നാണ്‌ കണക്കുകള്‍ എഴുതിരിക്കുന്നത്) ചുരുക്കവും അതില്‍ നിന്നും മറ്റു ലഭ്യ വിവരങ്ങളില്‍ നിന്നും മാമാങ്കത്തെപ്പറ്റിയുള്ള ഒരു പഠനമാണ്‌. രണ്ടാം ഭാഗം ഈ കണക്കുകളുടെ ശരിപ്പകര്‍പ്പാണ്‌. മൂന്നാം ഭാഗത്ത് മാമാങ്കത്തെപ്പറ്റി പല വ്യക്തികള്‍ എഴുതിയ അപ്രകാശിത ലേഖനങ്ങള്‍ (ചിലത് ഇംഗ്ലീഷിലാണ്‌) ചേര്‍ത്തിരിക്കുന്നു.

മാങ്കാങ്കം എന്താണ്‌ എന്നതിന്റെ ഉത്തരം മലബാറിന്റെ ഭൂമിശാസ്ത്രത്തിലും രണ്ടാം സഹസ്രാബ്ദത്തിലെ അവിടത്തെ ഭരണ-സാമൂഹ്യ വ്യവസ്ഥയിലും ഉത്തരം കണ്ടെത്തുന്നതില്‍ ഡോ. നമ്പൂതിരി എന്ന ടോപ്പോണമിസ്റ്റിനു "പ്രൊഫഷണല്‍" ചരിത്രകാരന്മാരെപ്പോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല എന്നത് രസകരമായി തോന്നി. ഇക്കാലത്തിനും വളരെ ശേഷം തന്റെ കോയ്മ അംഗീകരിക്കുന്ന ദേശവാഴികളോട് ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന് അഭിപ്രായ സര്‍‌വേ നടത്തുന്ന (ഒരാളൊഴികെ സകലരും അതു തിരസ്കരിച്ചു) സംഭവത്തിലെ ഒരാളിന്റെ കാവു തട്ടകങ്ങള്‍ (സ്വന്തമായി ഭൂമിയും കൃഷിയും ഉള്ളവ മുതല്‍ വെറും കാവുകള്‍ മാത്രമായി ഒരു വലിയ പട്ടികയാണിത്) എന്തുമാന്ത്രം ഉണ്ട് എന്നതില്‍ നിന്നുമാണ്‌ എന്തുകൊണ്ട് ദേശവാഴ്ച നിലനില്‍ക്കുന്നു, അവരുടെ പിന്‍‌തുണയില്ലാതെ ഒരു രാജാവിനും ഭരിക്കാന്‍ ആകാത്തതെന്ത് എന്നതിലേക്ക് എന്നതിലേക്ക് നമ്മളെ കൊണ്ടു പോകുന്നത്. രാഷ്ട്രീയ-വാണിജ്യ മേല്‍ക്കോയ്മയുടെ ഉത്സവമായ മാമാങ്കം എന്താണെന്ന് മനസ്സിലാക്കാന്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാവുന്നില്ല.

ശേഷം തിരുനാവായ എന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരണത്തില്‍ നിന്നും എന്തുകൊണ്ട് മാമാങ്കം ഇവിടെ നടക്കുന്നു എന്ന് മനസ്സിലാക്കി തരുന്ന ഭാഗത്തിനും ശേഷം സാമൂതിരി വള്ളുവക്കോനാതിരിയെ ആക്രമിച്ച് വള്ളുവനാട് തന്റെ ഭരണത്തിലാക്കാനുള്ള സാമ്പത്തിക കാരണങ്ങള്‍ ( പ്രധാനമായും അരി പ്രശ്നമാണിത്!) പുസ്തകത്തിലൂടെ നമുക്ക് കിട്ടുന്നു.

ഓലയിലെ കണക്കുകളുടെ ഹൈലൈറ്റ്സിന്റെ ഭാഗത്തിനും ശേഷം ഓലകളുടെ പകര്‍പ്പുകളാണ്‌. ഗ്രന്ഥകാരനെ ഉപേക്ഷിച്ച് ഞാന്‍ ഈ ഭാഗം ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു (അടിമക്കൊടി എന്നൊരു സംഗതിയില്ല, പാണ്ടിക്ക് കത്തെഴുതാറുമില്ല തുടങ്ങിയ മുന്‍ഭാഗത്തെ നിരീക്ഷണങ്ങള്‍ മനസ്സിലുണ്ടായിരുന്നു താനും)

എണ്‍പതോളം ഓലകള്‍ വായിച്ചതില്‍ നിന്നും എന്റെ ശ്രദ്ധയില്‍ പെട്ട പ്രധാന കാര്യങ്ങള്‍
മാമാങ്കം എന്ന വാക്ക് ശേഷകാലത്ത് ഉണ്ടായതാണ്‌. ഓലകളിലെല്ലാം 'മാമാകം' എന്നാണു ഈ ചടങ്ങിനെ വിവരിച്ചിരിക്കുന്നത്.
സാമൂതിരിയുടെ വാഴ്ച അംഗീകരിക്കുന്ന ദേശവാഴികളുടെ സഹകരണമില്ലെങ്കില്‍ മാമാങ്കമില്ല. ആദ്യന്തം ഇവരുടെ പ്രാതിനിധ്യവും പണമായും സാധനമായും അകമഴിഞ്ഞുള്ള സഹായവും കൊണ്ടാണ്‌ ഇതു നടക്കുന്നത്.
പാണ്ടിക്കു കത്തെഴുതിക്കൊണ്ടാണല്ലോ മാമാങ്കത്തിനുള്ള ഒരുക്കം ആരംഭിക്കുന്നത്. ഇത് മിക്കവരും ധരിച്ചതുപോലെ ഒരുകാലത്ത് അധീശരാജ്യമായിരുന്ന പാണ്ഡ്യരുടെ മധുരയിലേക്കുള്ള ക്ഷണപ്പത്രമൊന്നുമല്ല, നാട്ടുരാജാക്കന്മാരോട് തിരുനാവായിലേക്ക് പാണ്ടി മുള അയച്ചു തന്ന്[ 'പാണ്ടി താത്തുക' അധവാ മുള വെള്ളത്തില്‍ നാട്ടി സ്റ്റേജുകളും മറ്റും കെട്ടുക] സഹായിക്കാനുള്ള കത്താണ്‌.
കൊടി തഴ എന്നിവ നെയ്യുന്നവര്‍, വാദ്യക്കാര്‍ തുടങ്ങി അസംഖ്യം ജീവനക്കാര്‍ക്ക് കൊടുക്കുന്ന കൂലിയും ഇവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, വിളക്കുകളുടെ എണ്ണ പിന്നെ സ്ഥാനികള്‍ക്ക് കൊടുക്കുന്ന പണം എന്നിവയാണ്‌ പ്രധാനമായും 'മാമാക'ത്തിന്റെ ചിലവ്.

സാമൂതിരി രാജാവ് എന്ന നിലയില്‍ ധനികനല്ല, ഇപ്പറഞ്ഞ പതിനാറു പതിനേഴ് നൂറ്റാണ്ടുകളിലെങ്കിലും. മാമാങ്കത്തിന്റെ ചിലവിനായി ഒരു നാറാണപ്പട്ടരോട് പണം പലിശക്കെടുക്കുകയും അതിനു വട്ടിയടയ്ക്കുകയും ചെയ്ത കണക്കുണ്ട്.

വാകയൂര്‍ കോവിലകം മണ്‍ ചുമരു കൊണ്ട് കെട്ടി ഓള മേഞ്ഞ കെട്ടിടമാണ്‌. ആശാരിപ്പണിയും അത്ര വളരെയൊന്നുമില്ല, വെട്ടുകല്ലോ ഇഷ്ടികയോ ഉപയോഗിച്ചതായി കാണുന്നില്ല. മണ്‍ഭിത്തി കെട്ടി ചുവരില്‍ ചായില്യം കൊണ്ട് ചിത്രമെഴുത്തു നടത്തി ഓലമേഞ്ഞു എന്നേ കണക്കില്‍ കാണുന്നുള്ളൂ.

ചാവേറ് എത്തുന്നത് അത്ര പ്രാധാന്യമൊന്നും ഇല്ലാതെയാണ്‌ വിവരിച്ചിരിക്കുന്നത്. എണ്‍പത് ഓല (ഏതാണ്ട് മിക്കതും ഇരുപുറം) എഴുതിയതില്‍ ഒരോലയുടെ മൂന്നിലൊന്ന് ഭാഗത്ത് "വേട്ടേപ്പണിക്കരുടെ കൂടെ വന്ന് മരിച്ചവര്‍ ഇത്ര, (പേരു മാഞ്ഞ) പണിക്കരുടെ കൂടെ വന്നു മരിച്ചവര്‍ ഇത്ര, (ഇട്ടിക്കരുണാകര) മേനോന്‍ ഇരിക്കുന്നിടത്തു നിന്നും ഒരുത്തനെ പിടിച്ച് വാകയൂര്‍ കൊണ്ടുപോയി കൊന്നു ( ആനയെക്കൊണ്ട് കൊന്ന് മണിക്കിണറില്‍ താഴ്ത്തുന്ന ചടങ്ങ്) ഒരുത്തന്‍ 'ഏറി മരിച്ചു' ... തൊട്ടു കാണുന്നത് വെളിച്ചെണ്ണ വാങ്ങിച്ച കാര്യമാണ്‌! ആരെങ്കിലും എന്തെങ്കിലും നാശനഷ്ടം വരുത്തിയതായോ സാമൂതിരിയുടെയോ ദേശവാഴികളുടെയോ സൈന്യത്തില്‍ ആര്‍ക്കെങ്കിലും പരിക്കു പറ്റിയതായോ കാണുന്നില്ല (പക്ഷപാതവും ആകാം)

യാതൊരു ആര്‍ഭാടവും സാമൂതിരിയുടെ ഭക്ഷണത്തിലും സഞ്ചാരത്തിലും മറ്റും കാണുന്നില്ല. രാവിലേ കടവില്‍ ചെന്ന് കുളിച്ചു, അമ്പലത്തില്‍ പോയി തൊഴുതു, കായക്കഞ്ഞി കുടിച്ചു, നിലപാട് നിന്നു, രാത്രി കഞ്ഞി കുടിച്ചു, ഉറങ്ങി...

തമ്മെ പണിക്കരെ (ധര്‍മ്മോത്ത് പണിക്കര്‍) ആദരിക്കുന്നതും മറ്റുള്ളവര്‍ക്ക് ദക്ഷിണ നല്‍കുന്നതും വലിയ ചടങ്ങാണ്‌.

സാമൂതിരിക്ക് കുരുതിയും തിരിയും ഉഴിയുന്നത് വലിയ ചടങ്ങാണ്‌, ഇതു ചെയ്യാന്‍ പല നാട്ടില്‍ നിന്നു വന്ന നൂറോളം സ്ത്രീകളെയത്രയും പേരു പറഞ്ഞ് കണക്കില്‍ കൊള്ളിച്ചിരിക്കുന്നു. ഇതിനുള്ള അവകാശവും സ്ഥാനമാനങ്ങളില്‍ പെട്ടതാവണം.

നാവികപ്പടയും കരിമരുന്നു പ്രയോഗവും പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ അധീനതയിലാണ്‌. കപ്പല്‍ വെടി, കമ്പ വെടി, കപ്പല്‍ കലഹം ( നേവല്‍ ഷോ!) തുടങ്ങി സകലതും "മേത്തന്മാര്‍" ആണ്‌ ചെയ്തിരിക്കുന്നത്, പക്ഷേ കുഞ്ഞാലിമാരെ കാണുന്നില്ല (ആദരിച്ചതായോ കപ്പലില്‍ പരേഡ് ചെയ്തതായോ. ഒരു കപ്പലില്‍ രണ്ട് ആളുകളേ ഉള്ളൂ (വലിയ ഒന്നുമാവാന്‍ വഴിയില്ല). 'കാലുതൊലികള്‍' എന്ന് എന്തോ ഒരു സംഘം ആളുകളും- ഇവര്‍ വാദ്യക്കാരെന്ന് സംശയിക്കുന്നു ഗ്രന്ഥകര്‍ത്താവ്- കപ്പന്‍ പടയ്ക്കൊപ്പം കൂലി വാങ്ങിയതായി കാണുന്നു.

ഓരോ ചടങ്ങിനും വരാന്‍ അവകാശമുള്ളവര്‍ ഉണ്ട്. ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ കണക്കില്‍ ഇന്നാര്‍ "വരാത്തതുകാരണം പണം കൊടുത്തുമില്ല" എന്നു കാണിച്ച് ആബ്സെന്‍സ് രേഖപ്പെടുത്തുന്നുണ്ട്.

രസകരമായി തോന്നിയ ചിലത്- മൊത്തമായി ചില്ലില്ലാത്ത മലയാളം വായിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പണിക്കര എന്നെഴുതിയാല്‍ പണിക്കര്‍ എന്നു തന്നെ വായിക്കാം. യാതൊരു പ്രാദേശിക ഭാഷാപ്രയോഗവും കണക്കില്‍ കാണുന്നില്ല. ഇതെഴുതിയത് അക്കാലത്തെ പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരും അല്ല. (സഹസ്രാബ്ദം പഴകിയ അക്കൗണ്ടിങ്ങ് പദങ്ങളോ രീതികളോ - ഇതു മിക്കതും തമിഴ് പദങ്ങളാണ്‌ കാണുന്നില്ല)

ഇന്നത്തെ കാലം വച്ചു നോക്കിയാലും ആണുങ്ങളുടെ പേര്‍ തരക്കേടില്ല- കരുണാകരന്‍, നാരായണന്‍, മമ്മിഹാജി, ആലി . പെണ്ണുങ്ങളുടെ ഏതാണ്‌ എല്ലാവരുടെയും പേര്‍ എന്തെങ്കിലും ഇട്ടിയോ പെണ്ണോ തേവിയോ ആണെന്ന് മാത്രമല്ല ഒരു പത്തു പേരിന്റെ ആവത്തനം ആണ്‌ കാണുന്നത്. ഇട്ടിപ്പൊണ്ണ്, ചീതമ്മ, ചിരുതേവി, ചെറിയപൊണ്ണ്, ചെറിയമ്മ, ഇട്ടുണ്ണൂലി എന്നൊക്കെ തന്നെ എല്ലാവരുടെയും പേര്‍ (സാധാരണ പെണ്ണുങ്ങളല്ല, ഗുരുതി ഉഴിയാന്‍ സ്ഥാനമുള്ള വല്യ വല്യ ആള്‍ക്കാര്‍!)

മാമാങ്കം കിളിപ്പാട്ടും ലോഗന്റെ വിവരണങ്ങളും കൃത്യവും സത്യസന്ധവുമായ ചരിത്രമാണ്‌.

ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം നേരത്തേ പറഞ്ഞതുപോലെ പ്രൊഫഷണല്‍ ചരിത്രകാരന്മാര്‍ അല്ലാത്തവരുടെ അപ്രകാശിത ലേഖനങ്ങളാണ്‌.

മാപ്പുകളും ചിത്രങ്ങളും അനുഷ്ടാനങ്ങളുറ്റെ വിവരണങ്ങളും മാമാങ്ക ചരിത്രത്തെ കൂടുതല്‍ വ്യക്തമുള്ളതാക്കുന്നു. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് എന്നാണ്‌ എന്റെ അഭിപ്രായം.

ഡോ. നമ്പൂതിരിയുടെ വെബ് സൈറ്റില്‍ നിന്നും അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകളെക്കുറിച്ചുള്ള വിവരം ലഭിക്കും
രണ്ടായിരത്തി ഏഴു മുതല്‍ ഇദ്ദേഹം മലയാളം ബ്ലോഗറുമാണ്‌

Sunday, September 5, 2010

ഇരുളടഞ്ഞ ഏടുകള്‍ - ഗൃഹപാഠം

പുസ്തകം തുറന്നു നോക്കി താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തുക
ചോദ്യം ഒന്ന്- ചോള ചേര യുദ്ധത്തില്‍ എത്ര പേര്‍ മരിച്ചു?
 1. ആയിരക്കണക്കിന്‌.
 2. ചേരന്റെ സൈന്യം മുഴുവന്‍
 3. കേരളത്തിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം

 
ചോദ്യം രണ്ട്


 
ചേരന്മാരുടെ വശത്തു നിന്നും യുദ്ധത്തിനു നേതൃത്വം നല്‍കിയിരുന്നത് ആരാണ്‌?
 1. കുലശേഖരന്‍
 2. കൂപകന്‍
 3. മാടമ്പിമാര്‍
 4. മന്ത്രിമാര്‍
 5. നമ്പൂതിരിമാര്‍

ചോദ്യം മൂന്ന്

 
സ്ത്രീകള്‍ റാണിമാര്‍ ആയ ചരിത്രവും പടക്കളത്തില്‍ ഇറങ്ങിയതും ഒക്കെ ആധുനിക ചരിത്രകാലത്ത് നമ്മള്‍ കണ്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ സ്ത്രീകള്‍ ആയോധനം ശീലിച്ച് അധിനിവേശ സൈന്യത്തിനെതിരേ പോരാടിയ നാടേതാണ്‌?
 1. ഹോണോലുലു
 2. മാച്ചു പിച്ചു
 3. കേരളം

 

 
ചോദ്യം നാല്‌
തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ ആധുനിക രാജ്യങ്ങള്‍ക്ക് ചാവേര്‍ സൈന്യം എന്ന ആശയം എവിടെന്നു കിട്ടി?

 
 1. റോമില്‍ നിന്ന്
 2. ഗ്രീസില്‍ നിന്ന്
 3. കേരളത്തില്‍ നിന്ന്

 

 
ചോദ്യം അഞ്ച്
എന്തായിരുന്നു ചോള സാമ്രാജ്യത്തിന്റെ അന്ത്യത്തിനു ഹേതു?
 1. എക്‌പാന്‍ഷനറി പോളിസി അവസാനിപ്പിച്ചത്
 2. സാമ്പത്തിക മാന്ദ്യം
 3. പാണ്ഡ്യനോട് പരാജയം
 4. രാമതിരുവടിയുമായി കൊല്ലത്ത് തോറ്റത്

 

ഇരുളടഞ്ഞ ഏടുകളിലൂടെ- 5


കാന്തളൂര്‍ശാല ആണ്‌ ഈ സീരീസിന്റെ ട്രിഗര്‍ ആയി വര്‍ത്തിച്ചത്. നമുക്ക് ഒന്നുകൂടി ശാലയില്‍ പോകാം.


ശാലയെക്കുറിച്ച് മറ്റു ചരിത്രകാരന്മാര്‍ക്ക് അറിയുന്നത് ഇതൊക്കെയാണ്‌.

കൃതമായി എവിടെന്ന് അറിയ വയ്യ, വിഴിഞ്ഞത്താകാം, നെയ്യാറ്റിങ്കരയില്‍ ആകാം, അനന്തപുരി വര്‍ണ്ണനത്തിലേതു പോലെ ഇന്നത്തെ തിരുവനന്തപുരം നഗരത്തിനുള്ളിലും ആകാം.
ഹജൂര്‍ രേഖകളില്‍ ഒന്നില്‍ പാര്‍ത്ഥിവപുരം ശാല എന്നൊന്ന് കരുനന്തടക്കന്‍ സ്ഥാപിച്ചത് "കാന്തളൂര്‍ മര്യാദയില്‍" ആണെന്നു പറയുന്നു. അതിനാല്‍ ഇതൊരു റോള്‍ മോഡല്‍ എന്നും വയ്ക്കാം.

ചോളന്‍ പാണ്ഡ്യന്റെ തലയും കേരളന്റെ ശാലയും ഈഴവും പിടിച്ചെടുത്തു എന്നു പറയുന്നതില്‍ നിന്ന് പാണ്ഡ്യനു തലയും ഈഴത്തരശനു രാജ്യവും പോലെ എന്തോ പ്രിയപ്പെട്ട സാധനം ആണെന്നു മനസ്സിലാക്കാം.

ശാല ചോളന്മാര്‍ തുടരെ ആക്രമിച്ചിട്ടുണ്ട്.ഇനി- മേല്പ്പറഞ്ഞ ലിഖിതത്തില്‍ പാര്‍ത്ഥിവപുരത്ത് വിദ്യാര്‍ത്ഥികള്‍ ആയുധം കൊണ്ട് ക്ലാസ്സില്‍ കയറരുത് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഇവിടെ ആയുധ പരിശീലനവും നടന്നിട്ടുണ്ടെന്ന് ഇളംകുളവും പില്‍ക്കാലത്തെ കുറേപ്പേരും അനുമാനിക്കുന്നു. ആയുധം കൊണ്ട് വരരുത്, ചൂതു കളിക്കരുത്, സ്ത്രീകളെ കൂട്ടിക്കൊണ്ട് വരരുത്, മദ്യപിക്കരുത് എന്ന് അടുത്തടുത്ത് പറയുന്നത് അസന്മാര്‍ഗ്ഗ വൃത്തികള്‍ നിരോധിച്ച ശാലയാണെന്നല്ലാത് ആയോധനം നടന്നതിന്റെ വ്യക്തമായ തെളിവല്ല. എങ്കിലും ഒരു വാദം എന്ന നിലയില്‍ അംഗീകരിക്കാം. മറ്റൊരു വാദം എന്ന നിലയില്‍ ഈ ശാല ആക്രമിക്കപ്പെടാം എന്നതിനാല്‍ ചേര സൈന്യം ഇതിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നും ആയോധനം തൊഴിലല്ലാത്ത ബ്രാഹമണര്‍ ഇതൊന്നും ഇവിടെയും പഠിച്ചില്ലെന്നും വയ്ക്കാം. സൈന്യത്തെ ആകാം "കലം അറുത്തത്" എന്നു വരും അങ്ങനെ ആണെങ്കില്‍. ഇരുപത്തേഴു പ്രാവശ്യം കലം അറുക്കപ്പെട്ടു എന്ന് ഇളംകുളം പറയുന്നു. ഏവിടുന്ന് ശേഖരിച്ച വിവരം എന്നും പറയുന്നില്ല.

കലം അറുക്കപ്പെട്ട കാന്തളൂരിന്റെ ചിത്രം ഇളംകുളം വരച്ചു തരുന്നത് ഇങ്ങനെ ആണ്‌

"നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കലാശാലകള്‍, അവരുടെ വാസഭവനങ്ങള്‍, സൈനികരുടെയും നാവികരുടെയും കൂടാരങ്ങള്‍, കായിക പരിശീലനത്തിനുള്ള കളരികള്‍, പടനായകന്മാരുടെയും കീഴ്പ്പടനായകന്മാരുടെയും പുതുമാളികകള്‍, മാടമ്പിമാരുടെ നിലമാടങ്ങള്‍, മനോഹരമായ നടക്കാവുകള്‍, വീതിയേറിയ നാരായപ്പെരുവഴികള്‍ (മെയിന്‍ റോഡ്), ആഴമേറിയ കിടങ്ങുകളാല്‍ ചുറ്റപ്പെട്ട വന്‍ കോട്ടകള്‍, ഇവയെല്ലാം നശിച്ച് മനുഷ്യാസ്ഥികൊണ്ട് മൂടിക്കിടക്കുന്ന കാഴ്ച ഒരു ചരിത്രകാരനു കാണാം."

മനോഹരമായ ശാല. ദാരുണമായ സംഭവം. ഇത്രയും വ്യക്തമായി കാണണമെങ്കില്‍ ഒന്നുകില്‍ ചേരന്മാര്‍ എവിടെയെങ്കിലും ഈ ചരിത്രം വിവരിച്ചിരിക്കണം, അല്ലെങ്കില്‍ ഒരു ദൃക്സാക്ഷി എഴുതി വയ്ക്കണം. പോട്ട്, ചോളന്‍ വീരവാദമെങ്കിലും ആയി ഇത്രയും വലിയ കാന്തളൂര്‍ ശാല നശിപ്പിച്ച കാര്യം കൊത്തി വയ്ക്കണം. അല്ലെങ്കില്‍ ഇമ്മാതിരി മറ്റൊരു ശാല ചേരലത്തില്‍ എവിടെയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും എഴുതി വയ്ക്കണം. ആയുധം കൊണ്ട് വരരുത്= ആയുധം ഉണ്ട്, ആയുധം ഉണ്ട്= ആയുധം പരിശീലിപ്പിക്കുന്നുണ്ട്, ആയുധം പരിശീലിപ്പിക്കുന്നുണ്ട്= മഹാസൈന്യം ഉണ്ട്, മഹാ സൈന്യം ഉണ്ട്= അതി ഗംഭീരമായ കോട്ട കൊത്തളങ്ങള്‍ ഉണ്ട് എന്ന് തുടങ്ങിയാല്‍ എന്തു ചെയ്യും?


പിന്‍ കുറിപ്പ്:

മാമാങ്കത്തിന്റെ വരവു ചിലവ് കണക്ക് വായിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്‍ പടി ചിലത് - സാമൂതിരിയുടെ പതിനാറാം നൂറ്റാണ്ടിലെ വാകയൂര്‍ കോവിലകം മണ്‍ ചുവരു കെട്ടി ഓലമേഞ്ഞ ഒന്നാണ്‌, മാമാങ്കത്തിനു വരുന്ന സൈന്യത്തലവന്‍മാര്‍ക്കു പോലും കൂടാരവും മാളികയും നടക്കാവും കോട്ടയും പോയിട്ട് ഒരു കൊരണ്ടിപ്പലക പോലും വാങ്ങിച്ചിട്ടില്ല, കണക്കിന്‍ പടി.

ഇരുളടഞ്ഞ ഏടുകളിലൂടെ- 4

രാജരാജന്‍ കാന്തളൂര്‍ശാലയിലെ ആക്രമണം കഴിഞ്ഞിട്ടുള്ള സംഭവങ്ങളാണ്‌ ഈ പേജില്‍. കുലശേഖരന്മാര്‍ കീഴടങ്ങിയില്ലെന്ന് ഇതു വായിച്ചാല്‍ തോന്നും. ഏതാണ്ട് കാന്തളൂര്‍ കലമറുപ്പിനു തൊട്ട വര്‍ഷങ്ങളിലാണ്‌ ചോളപാണ്ഡ്യചേരദേശങ്ങള്‍ക്ക് അധിപതിയാതി രാജരാജന്‍ മുമ്മുടി ചൂടിയത് എന്ന് പറയാതെ ഇക്കാലത്തെ തെന്നിന്ത്യയെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്നത് പോകട്ടെ, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന മട്ടിലാണ്‌ ഇളംകുളം ഈ കാലത്തിലൂടെ നമ്മെ കൊണ്ടുപോകുന്നത്. ഈ സ്കാന്‍ ഇട്ടതുകൊണ്ട് സാന്ദര്‍ഭികമായി പരാമര്‍ശിച്ചെന്നേയുള്ളൂ.

മഹോദയപുരം ആര്‍ക്കിയോളജിസ്റ്റുകള്‍ അരിച്ചു പെറുക്കിയിട്ടും ഇപ്പറഞ്ഞ ചേരന്റെ മഹാമാളികകളുടെയും കോട്ടകൊത്തളങ്ങളുടെയും മിച്ചമൊന്നും കിട്ടിയിട്ടില്ല. ചേര ലിഖിതങ്ങളിലും അതില്ല, ചോള വീരവാദങ്ങളില്‍ അങ്ങനെ ദുര്‍ഗ്ഗമമായ ഒന്നും തകര്‍ത്തെന്നും കാണുന്നില്ല.

ഉദഗൈ എന്ന വന്‍‌കോട്ടകള്‍ ചുറ്റുന്ന നഗരം രാജരാജന്‍ ഒന്നാമന്‍ ചുട്ടുകരിച്ചതായി കിഴൂര്‍ ലിഖിതത്തിലുണ്ട്, കലിംഗത്തു പരണിയിലുണ്ട്. നിസ്സാര കാര്യമല്ല. ഈ ഉദഗൈ മഹോദയപുരം തന്നെയാണോ അതോ അതിനടുത്തുള്ള മറ്റൊരു പട്ടണം തന്നെയാണോ എന്നേ ഇളംകുളത്തിനു സംശയമുള്ളൂ. അത് കുലശേഖര പെരുമാളിന്റേതാണെന്ന് യാതൊരു സംശയവുമില്ല.


ഉതഗൈ പരാമര്‍ശിക്കുന്നയിടത്തെല്ലാം അത് മലനാട്ടില്‍ ആണെന്ന് പറയുന്നുണ്ട്. ഇളംകുളം അക്കാര്യം മിണ്ടുന്നില്ല, മലനാട്ടു പാണ്ഡ്യന്മാര്‍ക്കെതിരേയുള്ള അതി ശക്തമായ നടപടികളില്‍ ഒന്നായിരുന്നു ഉദഗൈ നശിപ്പിച്ചതെന്ന് സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍ വ്യക്തമായി പറയുന്നുണ്ട്. ആരും ഉദഗൈ ചേരന്‍ ഭരിച്ചതായി പറയുന്നില്ല. മലനാടട് പാണ്ഡ്യന്റെ കയ്യില്‍ നിന്നു ചോളന്‍ കൊണ്ടുപോയെന്ന് ഇളംകുളവും പറയുന്നു.

വെറുതേയല്ല ഉദഗൈ കൊടുങ്ങല്ലൂരോ പ്രാന്ത പ്രദേശമോ ആയത്.

Monday, August 23, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ- 3
ഒന്നാം അദ്ധ്യായം- “കേരളം കൊല്ലവർഷാരംഭത്തില്‍ “ ഇങ്ങനെ തുടങ്ങുന്നു “കൊല്ലം ഒന്നാം ശതകം കേരളത്തിന്റെ സുവർണ്ണ യുഗമായിരുന്നു. പ്രജാക്ഷേമ തൽ‌പ്പരരായ കുലശേഖരന്മാരുടെ ഭരണത്തിൽ രാജ്യം ഐശ്വര്യദേവതയുടെ കേളീരംഗമായി പരിലസിച്ചു. സാംസ്കാരികമായും സാമ്പത്തികമായും അതിപ്രാചീനകാലം മുതൽ കേരളം ഉന്നതമായ സ്ഥാനം സമാര്‍ജ്ജിച്ചിരുന്നു." മനോഹരമായ ആരംഭം.

എന്തുകൊണ്ട് അങ്ങനെ കരുതാം? പുസ്തകം തുടരുന്നു “ശങ്കരാചാര്യർ, കുലശേഖര അഴ്‌വാര്‍, ചേരമാന്‍ പെരുമാള്‍ നായനാർ തുടങ്ങി അനേകം ദിവ്യജ്യോതിസുകള്‍ ഒന്നിച്ച് ആ കാലഘട്ടത്തിൽ ഉദയം ചെയ്തത് യാദൃശ്ചികമെന്നു കരുതാൻ നിവൃത്തിയില്ല.‘ ഹിന്ദുമത പ്രചാരകനും വേദാന്തിയുമായ ശങ്കരന്‍, പിന്നെ സ്വന്തം രാജ്യം നിലനിർത്തുന്നതിലേക്കല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് മുന്‍ -പിന്‍ കാല പുസ്തകങ്ങളിൽ സാഹിതീ തൽ‌പ്പരർ എന്നല്ലാതെ വിശേഷാല്‍ രേഖയൊന്നുമില്ലാത്ത രണ്ട് രാജാക്കന്മാർ എന്നിവർ ജീവിച്ചിരുന്നെന്നതാണ് കേരളത്തെ ലോകോന്നത രാജ്യമാക്കാൻ ഇളംകുളത്തെ പ്രചോദിപ്പിക്കുന്നത്. ഈ “ദിവ്യതേജസ്സുകളെ” വിട്ടിട്ട് നമുക്ക് മുന്നോട്ട് പോകാം.

മസ്ലീന്‍ തുണിയുടെ ഉല്പത്തി കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം എന്ന് ഇളംകുളം നിരീക്ഷിക്കുന്നു. (പേജ് 34). പരുത്തിക്കൃഷിക്ക് യോഗ്യമല്ലാത്ത ഭൂപ്രദേശമാണ് കേരളത്തിന്റെ എന്ന് തോന്നിയതിനാലും കാകതീയ, ബംഗാള്‍ പ്രദേശങ്ങളാണ് മസ്ലീന്റെ ഉറവിടം എന്ന് സ്കൂള്‍ കാല ഓർമ്മ ഉള്ളതിനാലും Indian textiles: past and present By G. K. Ghosh, Shukla Ghosh ഗൂഗിള്‍ ബുക്സില്‍ നോക്കി. ഇരുപതാം നൂറ്റാണ്ടിലാണ് കേരളത്തിൽ മസ്ലീൻ നിർമ്മിക്കാനുള്ള വിഫലശ്രമമൊന്ന് നടത്തിയെന്നല്ലാതെ നമ്മുടെ തുണി നിർമ്മാണത്തെപ്പറ്റി ആ പുസ്തകത്തിലും ഒന്നും കാണുന്നില്ല.സഞ്ചാരികളും മറ്റു ചരിത്രകാരൻ‌മാരും കാണാത്ത ഈ കേരളാ മസ്ലീന്‍ നെയ്യുക വഴി ഇളംകുളം കേരളത്തിന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിയിക്കാനാണ്‌ ശ്രമിക്കുന്നത് (പേജ് 35). ചരിത്രപുസ്തകങ്ങളില്‍ കാണാഞ്ഞ് അങ്ങാടികളുടെ ദീർഘവിവരണങ്ങളുള്ള ഉണ്ണുനെലിയാദി സന്ദേശങ്ങളിലും തിരക്കി. ചീനപ്പാത്രം മുതല്‍ മാന്‍‌തോല്‍ വരെ കണ്ടു, മസ്ലീ‍നില്ല.മുത്തും പവിഴവും ഇവിടെ നിന്നു കയറ്റി അയച്ചിരുന്നു എന്നും കാണുന്നു. അതിനെക്കുറിച്ചും വിവരമൊന്നും എനിക്കു കിട്ടിയില്ല. ശ്രീധരമേനോന്റെ പുസ്തകത്തില്‍ പരുത്തി വില്‍ക്കുകയും സില്‍ക്ക് വാങ്ങുകയും ചെയ്യുന്നെന്നല്ലാതെ മസ്ലീന്റെ കാര്യം പറയുന്നില്ല.


രണ്ടാം ചേരകാലത്ത് “നാട്ടിലെങ്ങും ഐശ്വര്യം കളിയാടിയിയിരുന്നു"- രാജശേഖരൻ സ്ഥാണുരവി, രാമവർമ്മ, കോതരവി, ഇന്ദുക്കോത രവി വർമ്മ എന്നിവരുടെ കാലത്തെപ്പറ്റിയാണ്. എന്തടിസ്ഥാനത്തില്‍ എന്ന് പറയുന്നേയില്ല. നാടുവാഴികൾക്ക് കാര്യമായ അധികാരമൊന്നുമില്ല നാട്ടുക്കൂട്ടം എന്ന ജനകീയ പഞ്ചായത്തുകൾ ആയിരുന്നു ഭരണം നടത്തിയിയിരുന്നത് എന്നത് ക്ഷേത്രങ്ങളുടെ പരമാധികാര സ്വഭാവം, പ്രത്യേകിച്ച് മൂഴിക്കുളം കച്ചം പോലെ ഭീകരശിക്ഷാനിയമങ്ങൾ എന്നിവയെക്കുറിച്ച് ഇളംകുളത്തിനു ധാരണയുണ്ടായിരുന്നിട്ടും അവയ്ക്കു വിപരീതമായ പ്രസ്താവനയാണ്. ഇത്തരം ക്ഷേത്രക്കമിറ്റികള്‍ കൊല്ലാരംഭകാലത്തു തന്നെ ഏതാണ്ട് പൂര്‍ണ്ണമായും നമ്പൂതിരിമാര്‍ക്കു മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നതെന്ന് ഇളംകുളം മറ്റൊരു പുസ്തകത്തില്‍ (മലയാളഭാഷയുടെ വികാസ പരിണാമങ്ങള്‍ പേജ് 41) പറയുന്നുണ്ട്. "ശൂദ്രന്‍ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനമാണ്‌ " എന്ന് നിരീക്ഷിച്ച ആചാര്യന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ന്യൂനപക്ഷം പോന്ന നമ്പൂതിരികളുടെ കമ്മിറ്റികള്‍ സമൂഹത്തെ നിയന്ത്രിച്ചിരുന്നു എന്ന് സമ്മതിക്കുന്നതിനു പകരം ഇളംകുളത്തിനു കുലശേഖരന്മാരുടെ ഭരണത്തെയും ഗ്രാമണികള്‍ നിയന്ത്രിച്ചിരുന്നു എന്ന് ഊഹിക്കാൻ ന്യായമുണ്ട് പക്ഷേ വേണ്ടത്ര രേഖയില്ലത്രേ. (പേജ് 37-38).


അങ്ങനെ കയറ്റുമതിച്ചരക്കും നിയമവാഴ്ചയും കഴിഞ്ഞു. അടുത്തത് സാംസ്കാരികം.

“ സ്പെയിനിൽ അറബ് രാഷ്ട്രമായ കതൂര്‍ബാ പോലെ ചുരുക്കം ചില രാജ്യങ്ങളേ അന്നു കേരളത്തെക്കാൾ സാംസ്കാരികമായി പുരോഗമിച്ചിരുന്നുള്ളൂ“ (പേജ് 38). രാജ്യത്തിന്റ് നാനാഭാഗത്തും ഹിന്ദു ബുദ്ധ പാഠശാലകളും കലാശാലകളും ഉണ്ടായിരുന്നു ബുദ്ധമതക്കാർ അവിടെ വൈദ്യവും ഹിന്ദുമതക്കാർ വേദം, തർക്കം, വ്യാകരണം, ജ്യോതിശാസ്ത്രം എന്നിവയും പഠിപ്പിച്ചിരുന്നു എന്ന് തുടർന്നു പ്രസ്താവിക്കുന്നു. കലാശാകളെക്കുറിച്ച് വിശദമായ ഒരദ്ധ്യായം ഈ പുസ്തകത്തിൽ ഉണ്ട്, ദീർ‌ഘമായ ചർച്ച അവിടെയാകാം. ഇവിടെ ഒരു പ്രാധമിക വിശകലനം നടത്തിപ്പോകാം.


രാജ്യത്തെങ്ങും ബുദ്ധമത പാഠശാലകൾ ഉണ്ടായിരുന്നു ( ഒമ്പത് പത്ത് നൂറ്റാണ്ടിൽ) എന്നു പറയുന്ന ഇളംകുളം പേജ് 46-47കളില്‍ പറയുന്നത് നോക്കുക. ആറ് ഏഴ് എട്ട് നൂറ്റാണ്ടുകളിൽ ബുദ്ധസന്യാസികളെ പിടികൂടി പല്ല് പറിക്കുക, സന്യാസിനികളെ വേശ്യളാക്കി വിടുക, അവരെ അങ്ങനെ ചിത്രീകരിച്ച് കാവ്യങ്ങളും പ്രഹസനങ്ങളും എഴുതുക, പിടിച്ച് കഴുവേറ്റുക, ബുദ്ധപ്രതിമകളും വിഹാരങ്ങളും തച്ചു തകർത്ത് അവരെ കാട്ടിലേക്കാറ്റിപ്പാ‍യിക്കുക തുടങ്ങിയ ഭീകര നടപടികൾ കേരളത്തിൽ അരങ്ങേറിക്കഴിഞ്ഞെന്നാണ്. എന്നിട്ട് അടുത്ത നൂറ്റാണ്ടുകളുടെ കഥയിൽ കേരളത്തിലെ ബുദ്ധ പാഠശാലകളുടെ വലിപ്പവും പറയുന്നു. "രാജ്യമെങ്ങും" പോയിട്ട് ഒരെണ്ണത്തിന്റെ പോലും പേര്‍ എവിടെയും കാണുന്നുമില്ലഇനി “ഹിന്ദു” ശാലകളുടെ കാര്യം നോക്കാം- പേജ് 149 ലേക്ക് മറിച്ചാൽ “ശൂദ്രനു വിദ്യക്കധികാരമില്ല, അവൻ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനം പോലെ നികൃഷ്ടനാണ് “.. എന്നു തുടങ്ങി ശൂദ്രൻ വേദം ഉച്ചരിച്ചാല്‍ നാക്കു മുറിക്കണം, വിദ്യാഭ്യാസം നടത്തിയാൽ ശരീരം തന്നെ മുറിക്കണം എന്നു വരെ പോകുന്ന ശങ്കരാചാര്യവചനങ്ങള്‍ ഇളംകുളം തന്നെ ഉദ്ധരിച്ചിരിക്കുന്നു. ഹിന്ദുശാലകളില്‍ ബ്രാഹ്മണര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. പ്രിവിലേജ്ഡ് ആയ ചിലര്‍ താമസിച്ചു പഠിക്കുന്നെന്ന് ഇളംകുളം അവകാശപ്പെടുന്ന ചില ബ്രാഹ്മണ ശാലകളുടെ ബലത്തിലാണ്‌ കര്‍തൂബയ്ക്ക് കിടപിടിക്കുന്ന അഭ്യസ്ഥവിദ്യരുടെ കേരളം നിര്‍മ്മിച്ചുകളഞ്ഞത്!തൊട്ടു താഴെ ശില്പകലയിലെ കേരളത്തിന്റെ ഔന്നത്യ പ്രസ്ഥാവന കാണുന്നു. പ്രശസ്ത ക്ഷേത്രങ്ങളെല്ലാം അക്കാലത്ത് നിര്‍മ്മിച്ചു എന്നതാണ്‌ ആധാരം- ഇവയില്‍ ഇന്നു കാണുന്ന ശില്പകല പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണോ എന്ന അന്വേഷണം പോലുമില്ല. അതു പോകട്ടെ- മെകോങ്ങ് നദീതടത്തിലും ആങ്ങ്‌കോര്‌വത്തിലും ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാല്‍ പോയവരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉണ്ടെന്ന് "ഊഹിക്കണം" പോലും!. എങ്ങനെ ഊഹിക്കണം ? അവിടത്തെ ക്ഷേത്രങ്ങളില്‍ വ്യക്തമായും ചോള- ഗുര്‍ജ്ജര ശില്പമാതൃകകള്‍ ഉള്ളത് പണ്ടേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ചോളന്റെ പടയോട്ടവും ഗുജറാത്തികളുടെ കുടിയേറ്റവും നടന്ന കാലത്തിനു ശേഷം പണിതവ എന്ന നിലയില്‍ അതില്‍ അതിശയിപ്പിക്കുന്ന ഒന്നുമില്ല താനും.   ( ഇളം കുളം പറയുന്നതു പത്താം നൂറ്റാണ്ടിലെ കാലം, ആങ്ങ്കോര്‍ വത്ത് പതിമൂന്നാം നൂറ്റാണ്ടില്‍ പണിതതും). കേരള ക്ഷേത്രനിര്‍മ്മാണ രീതിയുടെ ഛായ പോലും ഇപ്പറയുന്ന ഖമ്ര് ക്ഷേത്രങ്ങള്‍ക്കില്ലെന്ന് ആര്‍ക്കിയോളജിയിലും പരിചയമുള്ള ഇളംകുളത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.(സമയ പരിമിതി മൂലം ഒന്നാം അധ്യായത്തെക്കുറിച്ചുള്ള ഈ  പഠനത്തിന്റെ   ബാക്കി അടുത്ത പോസ്റ്റിലേക്ക് നീട്ടിവയ്ക്കുന്നു)

Sunday, August 22, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ-2
പുസ്തകത്തിന്റെ ആമുഖം

മറ്റു രാജ്യങ്ങളുടെ ചരിത്രകാരന്മാരുടേതുപോലെയല്ല, നമ്മുടെ നാടിന്റെ ചരിത്രം എഴുതുന്നത് ചരിതകാരന്മാരല്ല ഭാഷാപണ്ഡിതന്മാരാണ്  എന്നതിനാല്‍   കേരളചരിത്രപുസ്തകങ്ങള്‍ ചരിത്രഗവേഷണത്തിനെക്കാള്‍ ഐതിഹ്യങ്ങളിലും ഊഹാപോഹങ്ങളിലും ഊന്നിയാണ്, മറ്റുരാജ്യങ്ങളെ നോക്കൂ മഹാഭാഷാജ്ഞാനികള്‍ ആയ ദേശിവിനായകം പിള്ളയും സോമസുന്ദരഭാരതിയും മറ്റും എഴുതുന്നതിനെക്കാൾ മാനിക്കപ്പെടുന്നത് കെ ഏ നീലകൺ‌ഠശാസ്ത്രി ആദിയായ ചരിത്രജ്ഞാനികളുടെ അഭിപ്രായങ്ങൾക്കാണ് എന്ന പ്രസ്താവനയോടെയാണ് ആമുഖംതുടങ്ങുന്നത് (നമ്മുടെ രാജ്യം, തമിഴ് രാജ്യം എന്നിവയിൽ കല്ലുകടിക്കേണ്ടതില്ല. ഐക്യ ഇന്ത്യയുടെ ജനനശേഷവും നമ്മള്‍ ഏറ്ക്കാലം പാണ്ടിരാജ്യമെന്നും മലയാളരാജ്യമെന്നും സംസാരഭാഷയിലെങ്കിലും ശീലം മൂലം പ്രയോഗിച്ചു പോന്നിട്ടുണ്ട്)

വളരെ ശരിയായ ഒരു നിരീക്ഷണമാണ് ഇത്. വെറും ഐതിഹ്യങ്ങൾ മാത്രമായ കേരളോത്പത്തിയും കേരളമാഹാത്മ്യവും, പിന്നെ കൊട്ടാരം വൈദ്യനും രാജഭക്തനും എഴുതിയ ചരിത്രപുസ്തകങ്ങൾ, അടിസ്ഥാനപരമായി ചരിത്ര ഗവേഷണ വൈഭവമൊന്നും സിദ്ധിച്ചിട്ടില്ലാത്തവർ തുടങ്ങിയവർ എഴുതി നാശകോശമാക്കിയതാണ് കേരളചരിത്രം, നീലകൺ‌ഠശാസ്ത്രിയെപ്പോലെ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊഫഷണൽ ചരിത്രകാരനെപ്പോലെയുള്ളവർ കേരളചരിത്രത്തെ സമീപിക്കേണ്ടത് അത്യാവശ്യമാണ്- നിർ‌വികാരം, നിഷ്പക്ഷം എഴുതുന്ന വിദഗ്ദ്ധരെയേ നമുക്കു വേണ്ടൂ.

പക്ഷേ കൌതുകത്തോടെ അടുത്ത പേജിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് ഉള്ളൂരിന്റെ ലേഖനങ്ങളിലെ മഹാബദ്ധങ്ങൾ താൻ തിരുത്താൻ ശ്രമിച്ചെന്നും ഉള്ളൂർ അത് നിരാകരിച്ചെന്നുമാണ്. പേജ് പതിനൊന്ന് മുതല്‍ അവതാരിക അവസാനിക്കുന്ന പേജ് ഇരുപത്തഞ്ചു വരെ അതായത് ആദ്യഖണ്ഡികകൾ ഒഴികെ അവതാഇകയുടെ എൺപത്തഞ്ച് ശതമാനത്തോളം ഉള്ളൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് അവതാരികയിലൂടെ ഇളംകുളം ചെയ്യുന്നത്. (ചില പേജുകൾ ഫോട്ടോയെടുത്ത് അടുത്ത പോസ്റ്റായി ഇടുന്നതാണ്‌.)


13-08-1953 എന്നാണ് അവതാരികയുടെ തീയതി കാണുന്നത്- ഉള്ളൂര്‍ മരിച്ചു കഴിഞ്ഞിട്ട് ഈ ആക്ഷേപങ്ങള്‍ ഒരു പുസ്തകത്തിന്റെ ആമുഖമായി എഴുതുന്നത് എന്തിനെന്ന് ആലോചിച്ചപ്പോഴാണ്‌ ആദ്യ ഭാഗത്തിന്റ് വ്യംഗ്യാര്‍ത്ഥം തനിക്കു മുന്നേയുള്ളവരെല്ലാം - പ്രത്യേകിച്ച് ഉള്ളൂര്‍ ആദിയായവര്‍ സോമസുന്ദരഭാരതിയെ‌പ്പോലെയുള്ളവരും താന്‍ കേരളത്തിന്റെ ‌ നീലകണ്‍‌ഠശാസ്ത്രിയും എന്ന് ഇളംകുളം പ്രഖ്യാപിക്കുന്നതുപോലെയാണ് തോന്നിയത്. [രണ്ടാം പതിപ്പിൽ (1957) ഈ അവതാരിക പരുഷമായിപ്പോയതില്‍ താന്‍ ക്ഷമചോദിക്കുന്നെന്നും മൂന്നാം പതിപ്പിൽ (1963)ചരിത്രഗവേഷകന്മാരുടെ അഭിപ്രായം സാഹിത്യപണ്ഡിതർ എഴുതുന്നതിനു കീഴേയാകുന്ന അവസ്ഥയ്ക്ക് മാറ്റം വന്നെന്നും ഇളംകുളം അടിക്കുറിപ്പുകളില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. ]

ക്ഷുഭിതനായും സ്വയം സ്ഥാപിക്കാൻ ശമിച്ചും എഴുതിയതെങ്കിലും ഇളംകുളം  നിർ‌വ‌ചി‌ച്ച പ്രൊഫഷണലിസത്തിന്റെയും വിഷയ‌വൈദ‌ഗ്ദ്ധ്യത്തിന്റെയും മാനദണ്ഡങ്ങളോട് ഏറെക്കുറെ ഞാനും യോജിക്കുന്നു. അതിനാൽ അതേ അളവുകോൽ കൊണ്ട് നമുക്ക് ഈ പുസ്തകത്തെ അളക്കാം.
അവതാരിക
കെ പി പിള്ള  എഴുതിയ അവതാരികയില്‍ ( സ്കാന്‍ പേജ് നോക്കുക) അതിശയോക്തി കലര്‍ന്ന ഇളംകുളത്തിന്റെ ചില നിഗമനങ്ങളെപ്പറ്റി വിമര്‍ശനമുണ്ടെങ്കിലും ഇതുവരെ ഇല്ലാത്ത വിധം കേരള ചരിത്രത്തിലെ മങ്ങിയ നാളുകളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ആദ്യ ശ്രമം അഭിനന്ദനീയമാണെന്ന അഭിപ്രായമാണുള്ളത്. ഈ നാളുകളെ പഠിക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍ കണ്ടെത്തുകയും വെളിച്ചത്തെത്തിക്കുകയും ചെയ്ത ട്രാവര്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസിന്റെ അഞ്ചു വോള്യങ്ങളും സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സും നീലക‌ണ്ഠ ശാസ്ത്രിയുടെ മിക്ക പുസ്തകങ്ങളും ഇറങ്ങിക്കഴിഞ്ഞ കാലത്താണ്‌ ഇളംകുളം ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ (പലകാലമായി രചിച്ചത് എന്നു മാത്രമല്ല ആധുനിക കാലത്തെ മറ്റേത് ചരിത്രകാരനേയും പോലെ ട്രാവന്‍‌കൂര്‍ ആര്‍ക്കിയോളജി സീരീസും സൗത്ത് ഇന്ത്യന്‍ ഇന്‍‌സ്ക്രിപ്ഷന്‍സമ്മാണ്‌ ഇളംകുളത്തിന്റെ ഗവേഷണത്തിനെയും അസംസ്കൃത വസ്തുക്കളിലും ആധാരങ്ങളിലും മഹാഭൂരിപക്ഷവും എന്ന നിലയില്‍ ആദ്യശ്രമമെന്ന പരാമര്‍ശം അസ്ഥാനത്താണ്‌, എന്നിരുന്നാലും കൊട്ടാരം വൈദ്യരും ആശ്രിതരും ഒക്കെ എഴുതി വച്ച ചരിത്രങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചരിത്രകാരന്മാരുടെ ആദ്യ തലമുറയില്‍ തന്നെ പെട്ടയാള്‍ എന്ന നിലയ്ക്ക് വിവരങ്ങളുടെ അലഭ്യതയോ മറ്റോ മൂലം ഉണ്ടാകാവുന്ന പിഴവുകള്‍ പുസ്തകത്തിന്റെ ന്യൂനതയായി കാണാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഇളംകുളവും ഇടതും!

എന്തുകൊണ്ട് ഇളംകുളത്തിന്റെ അനുമാനങ്ങളെ വിമര്‍ശന വിധേയമാക്കുന്നു? കഴിഞ്ഞ രണ്ട് മാസം കൊണ്ട് പലരുടേതായി മൂന്നുനാലു മെയില്‍ വന്നു. അതില്‍ മിക്കതും ഇളം‌കുളം എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പെട്ടെന്ന് അനഭിമതനായി എന്ന് അന്വേഷിക്കുന്നതും ഒരെണ്ണം എന്താണ്‌ എനിക്ക് ഇളംകുളത്തോട് ഉള്ള വിരോധം എന്ന് അന്വേഷിക്കുന്നതുമാണ്‌.

കമ്യൂണിസത്തിന്റെ സാമ്പത്തിക ശാസ്ത്ര തത്വങ്ങളോടല്ലാതെ രാഷ്ട്രീയ ചട്ടക്കൂടിനോട് യോജിപ്പില്ലാത്ത ഒരു ഇടതുപക്ഷക്കാരന്‍ ആണ്‌ ഞാന്‍. ആത്യന്തികമായി, ഞാന്‍ എഴുതുന്നത് എന്റെ വീക്ഷണമാണ്‌, ഇടതുപക്ഷത്തിന്റേതല്ല, മറ്റൊന്നിന്റേതുമല്ല. അതവിടെ നില്‍ക്കട്ടെ.

ഇടതുപക്ഷത്തിനു വരോധമുണ്ടാവേണ്ട ഒരാളാണോ ഇളംകുളം? എനിക്കു തോന്നുന്നില്ല അങ്ങനെ. ഈയിടെ പുനര്‍‌വായിച്ച രണ്ടു പുസ്തകങ്ങളിലും സോഷ്യോ പൊളിറ്റിക്കല്‍ പ്രതിഭാസങ്ങളെ വിശകലനം ചെയ്യാന്‍ മറ്റാരെക്കാളും കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് ഏംഗല്‍സിനെയും മാര്‍ക്സിനെയുമാണ്‌. വിയോജിക്കുന്ന ഭാഗങ്ങളില്‍ പോലും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ ഏംഗല്‍സിന്റെ ഒരു വീക്ഷണം യോജിക്കുന്നില്ലെങ്കിലും പൊതു ലോക തത്വമെന്ന നിലയില്‍ അതിനെ അംഗീകരിക്കുന്നു എന്ന നിലയിലാണ്‌ എഴുത്ത്. രാഷ്ട്രീയ വീക്ഷണത്തില്‍ ഇളംകുളം കമ്യൂണിസത്തോട് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട് രാഷ്ട്രീയപരമായ എതിര്‍പ്പൊന്നും ഒരു കമ്യൂണിസ്റ്റുകാരന്‌ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ എനിക്കൊന്നുമില്ല. ചരിത്രം രാഷ്ട്രീയ ചായ്‌വുകളോടെയോ ഇല്ലാതെയോ സമീപിച്ചാലും അതിലെ സംഭവവികാസങ്ങള്‍ മാറുന്നില്ല. നോക്കിക്കാണുന്ന രീതിയേ മാറുന്നുള്ളൂ. സത്യം സത്യമായി തന്നെ ശേഷിക്കേണ്ടതുണ്ട്.

ആ സത്യത്തെ മാറ്റിമറിക്കുന്ന തരം അനുമാനങ്ങള്‍ ഇളംകുളത്തിന്റെ പുസ്തകങ്ങളില്‍ കാണുന്നുണ്ടെന്നതാണ്‌ എന്റെ പ്രശ്നം. അത് അറിവില്ലായ്മ മൂലം സംഭവിച്ചതാണെങ്കില്‍ തിരുത്തപ്പെടേണ്ടതുണ്ട്. അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. അത് ചെയ്യാനാണ്‌ ഈ ഉദ്യമം. ഈ വിഷയത്തിലേക്ക് ആകസ്മികമായി എത്തിപ്പെട്ടതാണെങ്കിലും ഗൗവരപൂര്‍‌വം തന്നെ ഈ സീരീസ് എഴുതുന്നതിന്റെ കാരണവും അതാണ്‌.

ചേരസാമ്രാജ്യമെന്ന ഭരണവ്യവസ്ഥയുടെ കാര്യവും അത് കേരളത്തിലുണ്ടാക്കിയെന്ന് ഇളംകുളം അവകാശപ്പെടുന്ന വത്യാസങ്ങളും ചേരുന്ന കാര്യങ്ങളോടാണ്‌ എന്റെ വിയോജിപ്പാകെ. ഇതുകൊണ്ട് എനിക്കു ചോളപക്ഷത്തോടടോ പാണ്ഡ്യപക്ഷത്തോടോ എന്തെങ്കിലും മമതയുണ്ടെന്ന് കരുതുന്നവര്‍ രാഷ്ട്രീയോദ്ദേശം ഈ ഉദ്യമത്തില്‍ കണ്ടവരെപ്പോലെ തെറ്റിദ്ധരിക്കപ്പെടുന്നു. ആയിരം വര്‍ഷം മുന്നേയുണ്ടായിരുന്ന രാജഭരണ സം‌വിധാനം- അത് തെന്നിന്ത്യയിലെന്നല്ല ലോകത്താകമാനം ഏതാണ്ട് തുല്യമായിരുന്നു. കേരളവും പാണ്ടിയും ചോളവും എല്ലാം വെറും തമിഴ് നാടായിരുന്നു അക്കാലം- ഈ മൂന്നു പരമ്പരയിലെ രാജാക്കന്മാരെ "തമിഴ് നാട്ടു മൂവേന്തര്‍." (ലീലാതിലകത്തിലെ കൂന്തല്‍ വാദം കാണുക) എന്നായിരുന്നു പരാമര്‍ശം പോലും എന്നതിനാല്‍ പ്രത്യേകിച്ച് സ്വദേശാഭിമാനത്തിന്റെ സാംഗത്യം പോലും വരുന്നില്ല. എന്നാല്‍ അതുകൊണ്ട് അസത്യവും സത്യവും തമ്മില്‍ ഭേദമില്ലെന്നും ആകുന്നില്ല.

ചേരന്‍ ഭരിച്ചാലും ചോളന്‍ ഭരിച്ചാലും പാണ്ഡ്യന്‍ ഭരിച്ചാലും ആയിരം വര്‍ഷം മുന്നേ എന്തെങ്കിലും വലിയ വത്യാസം കേരളത്തിലെ ജീവിതരീതിക്ക് ഉണ്ടായിരിക്കും എന്ന് ഞാന്‍ കരുതുന്നില്ലെന്ന് സാരം. കളഭ്രന്മാരുടെ ഭരണത്തിനു കീഴിലെ കേരളവും മധുരൈ സുല്‍ത്താന്മാര്‍ക്ക് കപ്പം കൊടുക്കുന്ന കേരളവും പെരുമാള്‍ വാഴ്ചയും എല്ലാം രാജവാഴ്ച്ചകള്‍ മാത്രമായിരുന്നു. പെണ്ണരശും കുടിയരശും എല്ലാം എനിക്ക് അങ്ങനെ തന്നെ. എന്നിരുന്നാലും ആരു എങ്ങനെ ഭരിച്ചു എത്രകാലം എന്നത് ചരിത്രമാണ്‌, ആ ചരിത്രത്തിന്റെ സത്യം എനിക്കറിയേണ്ടതുണ്ട്. ആ സത്യം അല്ലാത്തതുകൊണ്ടാണ്‌ പരശുരാമദത്തമായ കേരളത്തിന്റെ കഥയും ഇക്‌ഷ്വാകു വംശത്തില്‍ പിറന്ന രാജാക്കന്മാരുടെ കഥയും തള്ളിക്കളയേണ്ടി വരുന്നത്. ഇളംകുളം എഴുതിയതും സത്യമാണോ എന്ന അന്വേഷണത്തിന്റെ പിന്നിലും അത്രയേ ഉള്ളൂ. അദ്ദേഹം ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുള്ളയാള്‍ ആയിരുന്നാലും എനിക്കൊന്നുമില്ല.

Monday, August 9, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ-1മുന്‍ കുറിപ്പുകളില്‍ സൂചിപ്പിച്ചതുപോലെ കേരളചരിത്രത്തിലേക്ക് ഇളംകുളത്തിന്റെ പ്രത്യേക സംഭാവനയായി കരുതിപ്പോരുന്നത് രണ്ടാം ചേര ‘സാമ്രാജ്യവും’ അത് ചോളരോട് നടത്തിയ നൂറ്റാണ്ട് യുദ്ധം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളെ അടിമുടി മാറ്റിമറിച്ചുകളഞ്ഞെന്ന സിദ്ധാന്തവുമാണ്.

ഏറ്റവും വിശദമായി ഈ കാലത്തെ ഇളംകുളം അവതരിപ്പിക്കുന്ന പുസ്തകമാണ് “കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍”. 1953ല്‍ ആണ് ഈ പുസ്തകം ആദ്യപതിപ്പ് പസിദ്ധീകരിക്കുന്നത്. അമ്പത്തിയേഴു വർഷങ്ങൾക്കു ശേഷം ഇതിനെ പഠിക്കുമ്പോള്‍ ന്യായമായും പുരാവസ്തുഗവേഷണവും ചരിത്രപഠനവും ഇത്രകണ്ട് വിപുലമായിരുന്നില്ലാത്ത കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്ന സൌജന്യം നല്‍കിവേണം എന്തു വിലയിരുത്തലും നടത്താന്‍. പരന്ന വായനയും ഗവേഷണകൌതുകവും ഭാഷാപാണ്ഡിത്യവുമുള്ള ആളെന്ന് ഇളംകുളത്തിനെ പലപുസ്തകങ്ങളിലൂടെയും മനസ്സിലാക്കുന്നെങ്കിലും അദ്ദേഹത്തിന്റ് കാലത്തിനു ശേഷം മാത്രം ലഭ്യമായ വിവരങ്ങള്‍ കൊണ്ട് ഈ പുസ്തകത്തനെ വിലയിരുത്താതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഈ പുസ്തകം പ്രതിപാദിക്കുന്ന കാര്യങ്ങളിലേക്ക് ട്രാവൻ‌കൂര്‍ ആർക്കിയോളജി സീരീസ്, സൌത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ്, ഇളംകുളത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്ത തെന്നിന്ത്യന്‍ ചരിത്രകാരന്‍ നീലകണ്ഠ ശാസ്ത്രിയുടെ പുസ്തകങ്ങന്‍, അമ്പതുകളില്‍ ചരിത്രത്തില്‍ സാമാന്യ താല്‍‌പ്പര്യമുണ്ടായിരുന്നവര്ക്ക് ലഭ്യമായ വിവരങ്ങള്‍ എന്നിവ മാത്രമേ ഈ പുസ്തകം വിലയിരുത്താൻ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ. അതേ സമയം എന്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടു എന്ന് പരാമര്‍ശമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ശേഷകാല ചരിത്രകാരന്മാര്‍ക്ക് എന്തെങ്കിലും തെളിവു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

പുസ്തകം കോപ്പിറൈറ്റുകള്‍ ബാധകമായ ഒന്നാണെന്ന് തോന്നുന്നതിനാല്‍ മൊത്തത്തില്‍ ഇവിടെ ഇടുക നിയമവിരുദ്ധമാകും എന്നതിനാല്‍ അങ്ങിങ്ങ് ചില സാമ്പിള്‍ പേജുകള്‍ മാത്രമേ കൊടുക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. എന്നാല്‍ കണ്ടെന്റിനെക്കുറിച്ച് ആര്‍ക്കെങ്കിലും ചോദ്യങ്ങളുണ്ടായാല്‍ ആ ഭാഗത്തിന്റെ സ്കാന്‍ ഇവിടെ കൊടുക്കാന്‍ ഉദ്ദേശിക്കുന്നു, ഇത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് കരുതുന്നില്ല.