Friday, September 17, 2010

മാമാങ്കം ചരിത്ര രേഖകള്‍

മനോഹരമായൊരു പുസ്തകമാണ്‌ ഡോ. എന്‍ എം നമ്പൂതിരിയുടെ മാമാങ്കം രേഖകള്‍. എഴുതി വയ്ക്കപ്പെട്ട മാമാങ്കം ഔദ്യോഗിക കണക്കുകളിലും വിവരണങ്ങളിലും ലഭ്യമായതില്‍ ഏറ്റവും പഴയവയുടെ പഠനമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


മൂന്നു ഭാഗങ്ങളാണ്‌ ഈ പുസ്തകത്തിന്‌. ആദ്യഭാഗം മേല്പ്പറഞ്ഞ അക്കൗണ്ട്സ് & ഇവന്റ് ലോഗിന്റെ(രണ്ടും കൂടിക്കലര്‍ന്നാണ്‌ കണക്കുകള്‍ എഴുതിരിക്കുന്നത്) ചുരുക്കവും അതില്‍ നിന്നും മറ്റു ലഭ്യ വിവരങ്ങളില്‍ നിന്നും മാമാങ്കത്തെപ്പറ്റിയുള്ള ഒരു പഠനമാണ്‌. രണ്ടാം ഭാഗം ഈ കണക്കുകളുടെ ശരിപ്പകര്‍പ്പാണ്‌. മൂന്നാം ഭാഗത്ത് മാമാങ്കത്തെപ്പറ്റി പല വ്യക്തികള്‍ എഴുതിയ അപ്രകാശിത ലേഖനങ്ങള്‍ (ചിലത് ഇംഗ്ലീഷിലാണ്‌) ചേര്‍ത്തിരിക്കുന്നു.

മാങ്കാങ്കം എന്താണ്‌ എന്നതിന്റെ ഉത്തരം മലബാറിന്റെ ഭൂമിശാസ്ത്രത്തിലും രണ്ടാം സഹസ്രാബ്ദത്തിലെ അവിടത്തെ ഭരണ-സാമൂഹ്യ വ്യവസ്ഥയിലും ഉത്തരം കണ്ടെത്തുന്നതില്‍ ഡോ. നമ്പൂതിരി എന്ന ടോപ്പോണമിസ്റ്റിനു "പ്രൊഫഷണല്‍" ചരിത്രകാരന്മാരെപ്പോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല എന്നത് രസകരമായി തോന്നി. ഇക്കാലത്തിനും വളരെ ശേഷം തന്റെ കോയ്മ അംഗീകരിക്കുന്ന ദേശവാഴികളോട് ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന് അഭിപ്രായ സര്‍‌വേ നടത്തുന്ന (ഒരാളൊഴികെ സകലരും അതു തിരസ്കരിച്ചു) സംഭവത്തിലെ ഒരാളിന്റെ കാവു തട്ടകങ്ങള്‍ (സ്വന്തമായി ഭൂമിയും കൃഷിയും ഉള്ളവ മുതല്‍ വെറും കാവുകള്‍ മാത്രമായി ഒരു വലിയ പട്ടികയാണിത്) എന്തുമാന്ത്രം ഉണ്ട് എന്നതില്‍ നിന്നുമാണ്‌ എന്തുകൊണ്ട് ദേശവാഴ്ച നിലനില്‍ക്കുന്നു, അവരുടെ പിന്‍‌തുണയില്ലാതെ ഒരു രാജാവിനും ഭരിക്കാന്‍ ആകാത്തതെന്ത് എന്നതിലേക്ക് എന്നതിലേക്ക് നമ്മളെ കൊണ്ടു പോകുന്നത്. രാഷ്ട്രീയ-വാണിജ്യ മേല്‍ക്കോയ്മയുടെ ഉത്സവമായ മാമാങ്കം എന്താണെന്ന് മനസ്സിലാക്കാന്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാവുന്നില്ല.

ശേഷം തിരുനാവായ എന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരണത്തില്‍ നിന്നും എന്തുകൊണ്ട് മാമാങ്കം ഇവിടെ നടക്കുന്നു എന്ന് മനസ്സിലാക്കി തരുന്ന ഭാഗത്തിനും ശേഷം സാമൂതിരി വള്ളുവക്കോനാതിരിയെ ആക്രമിച്ച് വള്ളുവനാട് തന്റെ ഭരണത്തിലാക്കാനുള്ള സാമ്പത്തിക കാരണങ്ങള്‍ ( പ്രധാനമായും അരി പ്രശ്നമാണിത്!) പുസ്തകത്തിലൂടെ നമുക്ക് കിട്ടുന്നു.

ഓലയിലെ കണക്കുകളുടെ ഹൈലൈറ്റ്സിന്റെ ഭാഗത്തിനും ശേഷം ഓലകളുടെ പകര്‍പ്പുകളാണ്‌. ഗ്രന്ഥകാരനെ ഉപേക്ഷിച്ച് ഞാന്‍ ഈ ഭാഗം ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു (അടിമക്കൊടി എന്നൊരു സംഗതിയില്ല, പാണ്ടിക്ക് കത്തെഴുതാറുമില്ല തുടങ്ങിയ മുന്‍ഭാഗത്തെ നിരീക്ഷണങ്ങള്‍ മനസ്സിലുണ്ടായിരുന്നു താനും)

എണ്‍പതോളം ഓലകള്‍ വായിച്ചതില്‍ നിന്നും എന്റെ ശ്രദ്ധയില്‍ പെട്ട പ്രധാന കാര്യങ്ങള്‍
മാമാങ്കം എന്ന വാക്ക് ശേഷകാലത്ത് ഉണ്ടായതാണ്‌. ഓലകളിലെല്ലാം 'മാമാകം' എന്നാണു ഈ ചടങ്ങിനെ വിവരിച്ചിരിക്കുന്നത്.
സാമൂതിരിയുടെ വാഴ്ച അംഗീകരിക്കുന്ന ദേശവാഴികളുടെ സഹകരണമില്ലെങ്കില്‍ മാമാങ്കമില്ല. ആദ്യന്തം ഇവരുടെ പ്രാതിനിധ്യവും പണമായും സാധനമായും അകമഴിഞ്ഞുള്ള സഹായവും കൊണ്ടാണ്‌ ഇതു നടക്കുന്നത്.
പാണ്ടിക്കു കത്തെഴുതിക്കൊണ്ടാണല്ലോ മാമാങ്കത്തിനുള്ള ഒരുക്കം ആരംഭിക്കുന്നത്. ഇത് മിക്കവരും ധരിച്ചതുപോലെ ഒരുകാലത്ത് അധീശരാജ്യമായിരുന്ന പാണ്ഡ്യരുടെ മധുരയിലേക്കുള്ള ക്ഷണപ്പത്രമൊന്നുമല്ല, നാട്ടുരാജാക്കന്മാരോട് തിരുനാവായിലേക്ക് പാണ്ടി മുള അയച്ചു തന്ന്[ 'പാണ്ടി താത്തുക' അധവാ മുള വെള്ളത്തില്‍ നാട്ടി സ്റ്റേജുകളും മറ്റും കെട്ടുക] സഹായിക്കാനുള്ള കത്താണ്‌.
കൊടി തഴ എന്നിവ നെയ്യുന്നവര്‍, വാദ്യക്കാര്‍ തുടങ്ങി അസംഖ്യം ജീവനക്കാര്‍ക്ക് കൊടുക്കുന്ന കൂലിയും ഇവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, വിളക്കുകളുടെ എണ്ണ പിന്നെ സ്ഥാനികള്‍ക്ക് കൊടുക്കുന്ന പണം എന്നിവയാണ്‌ പ്രധാനമായും 'മാമാക'ത്തിന്റെ ചിലവ്.

സാമൂതിരി രാജാവ് എന്ന നിലയില്‍ ധനികനല്ല, ഇപ്പറഞ്ഞ പതിനാറു പതിനേഴ് നൂറ്റാണ്ടുകളിലെങ്കിലും. മാമാങ്കത്തിന്റെ ചിലവിനായി ഒരു നാറാണപ്പട്ടരോട് പണം പലിശക്കെടുക്കുകയും അതിനു വട്ടിയടയ്ക്കുകയും ചെയ്ത കണക്കുണ്ട്.

വാകയൂര്‍ കോവിലകം മണ്‍ ചുമരു കൊണ്ട് കെട്ടി ഓള മേഞ്ഞ കെട്ടിടമാണ്‌. ആശാരിപ്പണിയും അത്ര വളരെയൊന്നുമില്ല, വെട്ടുകല്ലോ ഇഷ്ടികയോ ഉപയോഗിച്ചതായി കാണുന്നില്ല. മണ്‍ഭിത്തി കെട്ടി ചുവരില്‍ ചായില്യം കൊണ്ട് ചിത്രമെഴുത്തു നടത്തി ഓലമേഞ്ഞു എന്നേ കണക്കില്‍ കാണുന്നുള്ളൂ.

ചാവേറ് എത്തുന്നത് അത്ര പ്രാധാന്യമൊന്നും ഇല്ലാതെയാണ്‌ വിവരിച്ചിരിക്കുന്നത്. എണ്‍പത് ഓല (ഏതാണ്ട് മിക്കതും ഇരുപുറം) എഴുതിയതില്‍ ഒരോലയുടെ മൂന്നിലൊന്ന് ഭാഗത്ത് "വേട്ടേപ്പണിക്കരുടെ കൂടെ വന്ന് മരിച്ചവര്‍ ഇത്ര, (പേരു മാഞ്ഞ) പണിക്കരുടെ കൂടെ വന്നു മരിച്ചവര്‍ ഇത്ര, (ഇട്ടിക്കരുണാകര) മേനോന്‍ ഇരിക്കുന്നിടത്തു നിന്നും ഒരുത്തനെ പിടിച്ച് വാകയൂര്‍ കൊണ്ടുപോയി കൊന്നു ( ആനയെക്കൊണ്ട് കൊന്ന് മണിക്കിണറില്‍ താഴ്ത്തുന്ന ചടങ്ങ്) ഒരുത്തന്‍ 'ഏറി മരിച്ചു' ... തൊട്ടു കാണുന്നത് വെളിച്ചെണ്ണ വാങ്ങിച്ച കാര്യമാണ്‌! ആരെങ്കിലും എന്തെങ്കിലും നാശനഷ്ടം വരുത്തിയതായോ സാമൂതിരിയുടെയോ ദേശവാഴികളുടെയോ സൈന്യത്തില്‍ ആര്‍ക്കെങ്കിലും പരിക്കു പറ്റിയതായോ കാണുന്നില്ല (പക്ഷപാതവും ആകാം)

യാതൊരു ആര്‍ഭാടവും സാമൂതിരിയുടെ ഭക്ഷണത്തിലും സഞ്ചാരത്തിലും മറ്റും കാണുന്നില്ല. രാവിലേ കടവില്‍ ചെന്ന് കുളിച്ചു, അമ്പലത്തില്‍ പോയി തൊഴുതു, കായക്കഞ്ഞി കുടിച്ചു, നിലപാട് നിന്നു, രാത്രി കഞ്ഞി കുടിച്ചു, ഉറങ്ങി...

തമ്മെ പണിക്കരെ (ധര്‍മ്മോത്ത് പണിക്കര്‍) ആദരിക്കുന്നതും മറ്റുള്ളവര്‍ക്ക് ദക്ഷിണ നല്‍കുന്നതും വലിയ ചടങ്ങാണ്‌.

സാമൂതിരിക്ക് കുരുതിയും തിരിയും ഉഴിയുന്നത് വലിയ ചടങ്ങാണ്‌, ഇതു ചെയ്യാന്‍ പല നാട്ടില്‍ നിന്നു വന്ന നൂറോളം സ്ത്രീകളെയത്രയും പേരു പറഞ്ഞ് കണക്കില്‍ കൊള്ളിച്ചിരിക്കുന്നു. ഇതിനുള്ള അവകാശവും സ്ഥാനമാനങ്ങളില്‍ പെട്ടതാവണം.

നാവികപ്പടയും കരിമരുന്നു പ്രയോഗവും പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ അധീനതയിലാണ്‌. കപ്പല്‍ വെടി, കമ്പ വെടി, കപ്പല്‍ കലഹം ( നേവല്‍ ഷോ!) തുടങ്ങി സകലതും "മേത്തന്മാര്‍" ആണ്‌ ചെയ്തിരിക്കുന്നത്, പക്ഷേ കുഞ്ഞാലിമാരെ കാണുന്നില്ല (ആദരിച്ചതായോ കപ്പലില്‍ പരേഡ് ചെയ്തതായോ. ഒരു കപ്പലില്‍ രണ്ട് ആളുകളേ ഉള്ളൂ (വലിയ ഒന്നുമാവാന്‍ വഴിയില്ല). 'കാലുതൊലികള്‍' എന്ന് എന്തോ ഒരു സംഘം ആളുകളും- ഇവര്‍ വാദ്യക്കാരെന്ന് സംശയിക്കുന്നു ഗ്രന്ഥകര്‍ത്താവ്- കപ്പന്‍ പടയ്ക്കൊപ്പം കൂലി വാങ്ങിയതായി കാണുന്നു.

ഓരോ ചടങ്ങിനും വരാന്‍ അവകാശമുള്ളവര്‍ ഉണ്ട്. ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ കണക്കില്‍ ഇന്നാര്‍ "വരാത്തതുകാരണം പണം കൊടുത്തുമില്ല" എന്നു കാണിച്ച് ആബ്സെന്‍സ് രേഖപ്പെടുത്തുന്നുണ്ട്.

രസകരമായി തോന്നിയ ചിലത്- മൊത്തമായി ചില്ലില്ലാത്ത മലയാളം വായിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പണിക്കര എന്നെഴുതിയാല്‍ പണിക്കര്‍ എന്നു തന്നെ വായിക്കാം. യാതൊരു പ്രാദേശിക ഭാഷാപ്രയോഗവും കണക്കില്‍ കാണുന്നില്ല. ഇതെഴുതിയത് അക്കാലത്തെ പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരും അല്ല. (സഹസ്രാബ്ദം പഴകിയ അക്കൗണ്ടിങ്ങ് പദങ്ങളോ രീതികളോ - ഇതു മിക്കതും തമിഴ് പദങ്ങളാണ്‌ കാണുന്നില്ല)

ഇന്നത്തെ കാലം വച്ചു നോക്കിയാലും ആണുങ്ങളുടെ പേര്‍ തരക്കേടില്ല- കരുണാകരന്‍, നാരായണന്‍, മമ്മിഹാജി, ആലി . പെണ്ണുങ്ങളുടെ ഏതാണ്‌ എല്ലാവരുടെയും പേര്‍ എന്തെങ്കിലും ഇട്ടിയോ പെണ്ണോ തേവിയോ ആണെന്ന് മാത്രമല്ല ഒരു പത്തു പേരിന്റെ ആവത്തനം ആണ്‌ കാണുന്നത്. ഇട്ടിപ്പൊണ്ണ്, ചീതമ്മ, ചിരുതേവി, ചെറിയപൊണ്ണ്, ചെറിയമ്മ, ഇട്ടുണ്ണൂലി എന്നൊക്കെ തന്നെ എല്ലാവരുടെയും പേര്‍ (സാധാരണ പെണ്ണുങ്ങളല്ല, ഗുരുതി ഉഴിയാന്‍ സ്ഥാനമുള്ള വല്യ വല്യ ആള്‍ക്കാര്‍!)

മാമാങ്കം കിളിപ്പാട്ടും ലോഗന്റെ വിവരണങ്ങളും കൃത്യവും സത്യസന്ധവുമായ ചരിത്രമാണ്‌.

ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം നേരത്തേ പറഞ്ഞതുപോലെ പ്രൊഫഷണല്‍ ചരിത്രകാരന്മാര്‍ അല്ലാത്തവരുടെ അപ്രകാശിത ലേഖനങ്ങളാണ്‌.

മാപ്പുകളും ചിത്രങ്ങളും അനുഷ്ടാനങ്ങളുറ്റെ വിവരണങ്ങളും മാമാങ്ക ചരിത്രത്തെ കൂടുതല്‍ വ്യക്തമുള്ളതാക്കുന്നു. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് എന്നാണ്‌ എന്റെ അഭിപ്രായം.

ഡോ. നമ്പൂതിരിയുടെ വെബ് സൈറ്റില്‍ നിന്നും അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകളെക്കുറിച്ചുള്ള വിവരം ലഭിക്കും
രണ്ടായിരത്തി ഏഴു മുതല്‍ ഇദ്ദേഹം മലയാളം ബ്ലോഗറുമാണ്‌

No comments:

Post a Comment