Monday, August 9, 2010
ഇരുളടഞ്ഞ ഏടുകളിലൂടെ-1
മുന്‍ കുറിപ്പുകളില്‍ സൂചിപ്പിച്ചതുപോലെ കേരളചരിത്രത്തിലേക്ക് ഇളംകുളത്തിന്റെ പ്രത്യേക സംഭാവനയായി കരുതിപ്പോരുന്നത് രണ്ടാം ചേര ‘സാമ്രാജ്യവും’ അത് ചോളരോട് നടത്തിയ നൂറ്റാണ്ട് യുദ്ധം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളെ അടിമുടി മാറ്റിമറിച്ചുകളഞ്ഞെന്ന സിദ്ധാന്തവുമാണ്.
ഏറ്റവും വിശദമായി ഈ കാലത്തെ ഇളംകുളം അവതരിപ്പിക്കുന്ന പുസ്തകമാണ് “കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍”. 1953ല്‍ ആണ് ഈ പുസ്തകം ആദ്യപതിപ്പ് പസിദ്ധീകരിക്കുന്നത്. അമ്പത്തിയേഴു വർഷങ്ങൾക്കു ശേഷം ഇതിനെ പഠിക്കുമ്പോള്‍ ന്യായമായും പുരാവസ്തുഗവേഷണവും ചരിത്രപഠനവും ഇത്രകണ്ട് വിപുലമായിരുന്നില്ലാത്ത കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത് എന്ന സൌജന്യം നല്‍കിവേണം എന്തു വിലയിരുത്തലും നടത്താന്‍. പരന്ന വായനയും ഗവേഷണകൌതുകവും ഭാഷാപാണ്ഡിത്യവുമുള്ള ആളെന്ന് ഇളംകുളത്തിനെ പലപുസ്തകങ്ങളിലൂടെയും മനസ്സിലാക്കുന്നെങ്കിലും അദ്ദേഹത്തിന്റ് കാലത്തിനു ശേഷം മാത്രം ലഭ്യമായ വിവരങ്ങള്‍ കൊണ്ട് ഈ പുസ്തകത്തനെ വിലയിരുത്താതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഈ പുസ്തകം പ്രതിപാദിക്കുന്ന കാര്യങ്ങളിലേക്ക് ട്രാവൻകൂര്‍ ആർക്കിയോളജി സീരീസ്, സൌത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ്, ഇളംകുളത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്ത തെന്നിന്ത്യന്‍ ചരിത്രകാരന്‍ നീലകണ്ഠ ശാസ്ത്രിയുടെ പുസ്തകങ്ങന്‍, അമ്പതുകളില്‍ ചരിത്രത്തില്‍ സാമാന്യ താല്‍പ്പര്യമുണ്ടായിരുന്നവര്ക്ക് ലഭ്യമായ വിവരങ്ങള്‍ എന്നിവ മാത്രമേ ഈ പുസ്തകം വിലയിരുത്താൻ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ. അതേ സമയം എന്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടു എന്ന് പരാമര്‍ശമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ശേഷകാല ചരിത്രകാരന്മാര്‍ക്ക് എന്തെങ്കിലും തെളിവു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
പുസ്തകം കോപ്പിറൈറ്റുകള്‍ ബാധകമായ ഒന്നാണെന്ന് തോന്നുന്നതിനാല്‍ മൊത്തത്തില്‍ ഇവിടെ ഇടുക നിയമവിരുദ്ധമാകും എന്നതിനാല്‍ അങ്ങിങ്ങ് ചില സാമ്പിള്‍ പേജുകള്‍ മാത്രമേ കൊടുക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. എന്നാല്‍ കണ്ടെന്റിനെക്കുറിച്ച് ആര്‍ക്കെങ്കിലും ചോദ്യങ്ങളുണ്ടായാല്‍ ആ ഭാഗത്തിന്റെ സ്കാന്‍ ഇവിടെ കൊടുക്കാന്‍ ഉദ്ദേശിക്കുന്നു, ഇത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് കരുതുന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment