Saturday, December 18, 2010

മത്സ്യകേരളം പദ്ധതി

ഫിഷറീസ് അഡീഷണല്‍ ഡയറക്റ്റര്‍ (റിട്ടയേര്‍ഡ്) ശ്രീ. പ്രസാദ് ചന്ദ്രന്‍‌ പിള്ളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സംക്ഷിപ്ത രൂപത്തില്‍ : ( നോട്ടില്‍ നിന്നും പുനര്‍‌നിര്‍മ്മിച്ചതാണ്‌, പദാനുപദം ഇങ്ങനെയല്ല.) . 

ദേവന്‍:  കേരളത്തിലെ പുഴകളിലും തടാകങ്ങളിലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലും വിദേശ‌മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പുതിയ ഒരു പദ്ധതി നടപ്പിലാക്കുന്നെന്ന് കേട്ടു. ഇതിന്റെ നിജസ്ഥിതി അറിയാനായിട്ട് വിളിച്ചതാണ്‌.
പ്രസാദ്: വിദേശമത്സ്യങ്ങളെ വളര്‍ത്തുന്ന പദ്ധതിയൊന്നും നടപ്പിലാക്കുന്നില്ലല്ലോ.

ദേവന്: കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളെയാണ്‌ വളര്‍ത്തുന്നതെന്ന് വായിച്ചു.
പ്രസാദ്: ഇവ വിദേശമത്സ്യങ്ങളല്ലല്ലോ, ഇന്ത്യന്‍ കാര്‍പ്പ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന വര്‍ഗ്ഗമാണ്‌. നിങ്ങള്‍ ജനിക്കുന്നതിനും ഇരുപതു വര്‍ഷം മുന്നേ ആരംഭിച്ച പദ്ധതിയാണിത്,  പുതിയതല്ല.

ദേവന്‍: എന്തുകൊണ്ടാണ്‌ ഈ മത്സ്യങ്ങളെ ഇങ്ങനെ പണം മുടക്കി നിക്ഷേപിക്കുന്നത്?
പ്രസാദ്: കേരളത്തിലെ ശുദ്ധജല മത്സ്യോപഭോഗത്തിന്റെ പകുതിയോളം ഇത്തരം മത്സ്യങ്ങള്‍ പിടിച്ചു വില്‍ക്കുന്നതാണ്‌. ചില സീസണില്‍ അതില്‍ കൂടുതലും. ഈ ഒരു പ്രോജക്റ്റ് ഇല്ലായിരുന്നെങ്കില്‍  കേരളത്തിലെ ഭക്ഷ്യയോഗ്യമായ സ്വാഭാവിക മീനുകളത്രയും വംശനാശഭീഷണിയില്‍ ആയിക്കഴിഞ്ഞേനെ.

ദേവന്‍: എന്തുകൊണ്ട് കട്ട്‌ല, രോഹു, മൃഗാല്‍ എന്നീ മീനുകളെ തിരഞ്ഞെടുത്തു ഈ  സം‌രഭത്തിന്‌?
പ്രസാദ്: വളരെയേറെ ഗവേഷണങ്ങള്‍ നടത്തി തീരുമാനിച്ച കാര്യമാണത്,  ചുരുക്കിപ്പറഞ്ഞാല്‍:
  • ഡെബ്രി, വെജിറ്റേഷന്‍ എന്നിവ തിന്നു ജീവിക്കുന്ന മീനുകള്‍ ആണിത് എന്നതിനാല്‍ തനതു സ്വാഭാവിക മത്സ്യങ്ങള്‍ക്ക്- ചെറുമീനുകള്‍ക്കു പോലും യാതൊരു ഭീഷണിയും ഇവ ഉയര്‍ത്തുന്നില്ല
  • വളരെ വേഗം വളരുന്ന മീനുകളാണിത്, ആറേഴു മാസം കൊണ്ട്  പിടിക്കാന്‍ പാകത്തില്‍ വളരും
  • ഇന്ത്യന്‍ മീനുകള്‍ ആയതിനാല്‍ ഇവയ്ക്ക്  നമ്മുടെ സാഹചര്യത്തിനാവശ്യമായ രോഗപ്രതിരോധശേഷിയുണ്ട്
  • ഇതിലെല്ലാം പ്രധാനം നമ്മുടെ സാഹചര്യത്തില്‍ ഇവ ബ്രീഡ് ചെയ്യില്ല, അതിനാല്‍  ബയോ‌ഇന്വേഷന്‍ ഭീഷണിയില്ല
ദേവന്‍: ഇവ നമ്മുടെ പുഴകളിലും തടാകങ്ങളിലും ബ്രീഡ് ചെയ്യില്ലെങ്കില്‍ ഫിംഗര്‍ലിങ്ങ്സ്  ഉണ്ടാക്കുന്നതെങ്ങനെ?  സിന്ധുഗംഗാ സമതലത്തിലെ ഇവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്നും കുഞ്ഞുങ്ങളെ  പിടിക്കുകയാണോ?
പ്രസാദ്: അല്ല, ഹാച്ചറികളില്‍ ഇവയ്ക്ക് പിറ്റ്യൂട്ടറി ഹോര്‍മോണ്‍  നല്‍കി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണ്‌.

ദേവന്‍: പ്രോജക്റ്റിനു ഇരുന്നൂറു കോടിയില്‍ ഏറെ ചിലവുണ്ടെന്നു കേട്ടു.
പ്രസാദ്: ഏതു ഇരുന്നൂറു കോടി പ്രോജക്റ്റിന്റെ കാര്യമാണ്‌ പറയുന്നതെന്ന് ഓര്‍മ്മയില്ല. ദേവന്‍ കുട്ടിയായിരുന്നപ്പോള്‍  ഞാന്‍ മലമ്പുഴയില്‍ കൊണ്ടുപോയത് ഓര്‍ക്കുന്നുണ്ടോ? ഒരു കട്റ്റ്‌ലയുടെ രൂപത്തിലെ കെട്ടിടവും അതിനുള്ളിലെ ചെറിയ അലങ്കാരമത്സ്യ പ്രദര്‍ശനവും ഒക്കെ കാണിച്ചത്? പിന്നെ ഒരു ഹാച്ചറി കാട്ടിത്തന്നില്ലേ? അത്തരം ഹാച്ചറികളുടെ പ്രവര്‍ത്തനമാണ്‌ ഇന്ത്യന്‍ കാര്‍പ്പുകളെയും മറ്റും വിരിയിക്കുന്നത്. ഇതൊരു വന്‍‌ചിലവുള്ള ഇടപാടല്ല.

ദേവന്‍: വനം വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ്‌ പദ്ധതി എന്നും കേട്ടല്ലോ?
പ്രസാദ്: വനം വകുപ്പിന്റേതല്ല, ഇറിഗേഷന്‍, കെ എസ് ഈ ബി തുടങ്ങിയ വകുപ്പുകളുടെ അനുമതിയാണ്‌ വേണ്ടത്. ചിലയിടങ്ങളില്‍  കെ എസ് ഈ ബി അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രോജക്റ്റ് നടക്കുന്നുമില്ല. 

ദേവന്‍: തേക്കടിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പ്രസാദ്: തേക്കടിയില്‍ സ്വാഭാവികമായുള്ള മഹ്‌സീര്‍ മീനിനെ ആണ്‌  നിക്ഷേപിച്ചത്. മീന്‍‌പിടിത്തം മൂലം ഇവയുടെ അംഗസംഖ്യ  അപകടകരമായി താണതുമൂലമാണത്.

ദേവന്‍: മഹ്‌സീര്‍ വടക്കേ ഇന്ത്യന്‍ മീനെന്നാണു ഞാന്‍ കരുതിയിരുന്നത്.
പ്രസാദ്:  മഹ്‌സീര്‍ ഒരു മീനല്ല,  കുറേ മീനുകള്‍ക്ക് പറയുന്ന പേരാണ്‌. മലബാര്‍ മഹ്‌സീര്‍ Tor Malabaricus എന്നു കേട്ടിട്ടില്ലേ?

ദേവന്‍: കേട്ടിട്ടില്ലായിരുന്നു, ഇതിനു മലയാളത്തില്‍ എന്തു പറയും?
പ്രസാദ്: കുയില്‍ മീന്‍ എന്നൊക്കെ തേക്കടിയില്‍ പറയും.  കുളത്തൂപ്പുഴയില്‍ മീനൂട്ടുന്നത്  കണ്ടിട്ടില്ലേ? അതാണിത്.   ജിം കോര്‍ബറ്റ്  പണ്ട് അമ്പതുകിലോയില്‍ പുറത്തുള്ള ഒരു മഹ്സീറിനെ പിടിച്ച വലിയ വാര്‍ത്തയായതോടെയാണ്‌ ഇതിത്ര പ്രശസ്തമായത്.  ഇന്നിതു വംശനാശഭീഷണിയിലാണ്‌.

ദേവന്‍: ബ്രാല്‌, എരള്‌, കാരി, ക്ലൈംബിങ്ങ് പേര്‍ച്ച് തുടങ്ങിയ മീനുകളെ വളര്‍ത്തി റിലീസ് ചെയ്തുകൂടേ?
പ്രസാദ്: അത്തരം നടപടി അപകടമാവും- ഇവ പ്രെഡേറ്ററി മീനുകളാണ്‌.  വൈല്‍ഡില്‍ ബ്രീഡ് ചെയ്യുകയും ചെയ്യും  സ്വാഭാവിക മത്സ്യങ്ങളുടെ സന്തുലിതാവസ്ഥ നശിച്ചു പോകും.

ദേവന്‍:  ഇന്ത്യന്‍ കാര്‍പ്പുകള്‍ ഇവയെ ഉപദ്രവിക്കില്ലെന്നു മനസ്സിലായി. എന്നാല്‍  അവ വളരുന്നതു വഴി തീറ്റക്ഷാമമോ മറ്റെന്തിലും പ്രശ്നം  ഇവ നേരിടുമോ?
പ്രസാദ്:  എല്ലാ കാര്‍പ്പുകളും ഒരുപോലെ അല്ല. സൂ‌പ്ലാങ്ക്‌ടണും  അഴുക്കും തിന്നാണു   ഇപ്പറഞ്ഞ മൂന്നു മീനുകള്‍ ജീവിക്കുന്നത്.  അമിതചൂഷണം മൂലം മീനുകള്‍ കുറഞ്ഞതിനാലുള്ള സര്‍പ്ലസ് സ്പേസ് ആണ്‌ ഇവ ഉപയോഗിക്കുന്നത്.  ഫിംഗര്‍‌ലിങ്സ് വിടുന്നതിലെ ഒരു ഭാഗം സ്വാഭാവിക മീനുകളുടെ തീറ്റ ആകുന്നത് വഴി അവയെ പരിപാലിക്കുന്നു, പോരാത്തതിനു മീന്‍‌പിടിത്തം മൂലം അവ നശിച്ചു പോകാതിരിക്കാനും സഹായകരമാണ്‌.

ദേവന്‍: സര്‍ക്കാരിന്റെ പ്രതിബദ്ധത ഇക്കാര്യത്തില്‍ എത്രയുണ്ട്?
പ്രസാദ്:  സംസ്ഥാനത്ത് ഈ പരിപാടി കഴിഞ്ഞ അറുപത് വര്‍ഷമായി നടപ്പിലുണ്ട്.  സംസ്ഥാനം ഈ കെ നായനാര്‍ ഭരണത്തിലായിരുന്ന കാലം പ്രോഗ്രാം വളരെ ഓഗ്‌മെന്റ് ചെയ്തതാണ്‌ ജനകീയ മത്സ്യകൃഷി പ്രോഗ്രാമില്‍. തുടര്‍ന്നു വന്ന ആന്റണി‌ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഈ പ്രോഗ്രാമിനെ തുടരാന്‍ അനുവദിച്ചു. ഇപ്പോഴത്തെ മത്സ്യകേരളം തുടങ്ങിയ പത്തോളം പരിപാടികള്‍ അതിലും വളരെയേരെ ഫലപ്രദമായിത്തീര്‍ന്നിട്ടുണ്ട്.

ദേവന്‍: കേന്ദ്രസര്‍ക്കാര്‍ സഹായമോ?
പ്രസാദ്: അത് ചോദിച്ചു വാങ്ങുന്നതിലാണ്‌ സബ്‌ജക്റ്റ് മാറ്റര്‍ എസ്ക്പേര്‍ട്ട്‌സ് കഴിവു കാണിക്കേണ്ടത്.  ഓരോ പ്രോജക്റ്റും വെറ്റ് ചെയ്യുന്നത് അതത് മേഘലയിലെ അറിയപ്പെടുന്ന വിദഗ്ദ്ധസമിതിയാണ്‌ കേന്ദ്രത്തില്‍. ഓരോ ചില്ലിക്കാശും  അവര്‍ അളന്നു പരിശോധിച്ച് ബോധ്യപ്പെട്ടതില്‍ ശേഷം മാത്രമേ അനുവദിക്കൂ.  പരിപൂര്‍ണ്ണ ബോധ്യം എല്ലാക്കാര്യത്തിലും ഉണ്ടായാലേ സഹായം ലഭ്യമാകൂ.
ദേവന്‍: മറ്റേതെങ്കിലും രാജ്യം ഇത്തരം പ്രോജക്റ്റ് ചെയ്യുന്നുണ്ടോ? ഈ പരിപാടിക്ക് എന്താണു ശരിക്കുള്ള പേര്‍?
പ്രസാദ്: ഏതെങ്കിലുമല്ല, പരിസ്ഥിതിയെക്കുറിച്ച് അല്പ്പമെങ്കിലും ശ്രദ്ധയുള്ള എല്ലാ രാജ്യങ്ങളും ചെയ്യുന്നുണ്ട്. ഓരോനാട്ടിലും ഓരോ പേര്‍ പറയുമെങ്കിലും Hatchbox fry release program എന്ന് സാധാരണയായി പരാമര്‍ശിക്കപ്പെടുന്നു.

ദേവന്‍: എല്ലാ നാട്ടിലും എന്നു പറഞ്ഞു- ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പേര്‍ പറയാമെങ്കില്‍ കൂടുതല്‍ വ്യക്തമായേനെ.
പ്രസാദ്: അമേരിക്കയിലെ സാല്‍‌മണ്‍ പ്രോഗ്രാമുകളെക്കുറിച്ച് കേട്ടിട്ടില്ലേ? അതില്‍ ഒന്നാണ്‌ Oregon STEP (Salmon &; Trout Enhancement Program) . നൂറിലധികം വര്‍ഷമായി ഈ നാട്ടിലെ  ഫിഷറീസ് വകുപ്പ് കോഹോ, സ്റ്റീല്‍ഹെഡ്, കട്ട്‌ത്രോട്ട്, ചിനൂക്ക് സാല്‍‌മണുകളുടെയും മറ്റു ചില മീനുകളുടെയും കുഞ്ഞുങ്ങളെ പുഴകളിലും തടാകങ്ങളിലും വിന്യസിക്കുന്നതിന്റെ ഫലം വ്യക്തമായും ആവേശകരമാണ്‌.  ഒന്നോ രണ്ടോ അല്ല, ഇത്തരം ആയിരക്കണക്കിനു പ്രോജക്റ്റുകള്‍ ആണ്‌ അമേരിക്കയുടെ മത്സ്യസമ്പത്തിനെ  നല്ലൊരളവില്‍ സം‌രക്ഷിക്കുന്നത്.

ദേവന്‍: നമ്മള്‍ വിദേശമത്സ്യങ്ങളെ ഒരിക്കലും പരീക്ഷിച്ചിട്ടില്ലേ?
പ്രസാദ്: ഉണ്ട്. ടിലാപ്പിയ വിദേശമത്സ്യമാണ്‌.  ഇവയെ പണ്ടുകാലം പരീക്ഷിച്ചിരുന്നു.ഇവ പക്ഷേ സ്വാഭാവിക പരിസ്ഥിതിയില്‍ ബ്രീഡ് ചെയ്യുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചു കഴിഞ്ഞു, മാത്രമല്ല, ഇവയെ കാളാഞ്ചി പോലെയുള്ള സ്വാഭാവിക മീനുകള്‍ക്ക് തീറ്റയായി മാറ്റുകയാണിപ്പോള്‍.

ദേവന്‍: സ്വാഭാവിക മത്സ്യങ്ങള്‍ നേരിടുന്ന ഭീഷണി എന്താണ്‌? അവയുടെ പോപ്പുലേഷന്‍ കുറഞ്ഞു പോകാന്‍ കാരണവും അതാവുമല്ലോ. പരിസ്ഥിതി സം‌രക്ഷകരുടെ ശ്രദ്ധ അതിലേക്കല്ലേ പോകേണ്ടത്?
പ്രസാദ്: വയല്‍-തോടു മീനുകള്‍ അടക്കം ഉള്‍നാടന്‍ ജലാശയ മീനുകള്‍ക്കും കായല്‍ മത്സ്യങ്ങള്‍ക്കും അപകടകരമാം വിധം അംഗസംഖ്യയില്‍ കുറവ് കാണുന്നു.   നെല്പ്പാടങ്ങളിലെയും എസ്റ്റേറ്റുകളിലെയും കീടനാശിനി പ്രയോഗം, മണല്‍ വാരല്‍, ഡാമുകളിലും മറ്റും എസ്റ്റേറ്റുകളില്‍ നിന്ന് ഒഴുകിയെത്തുന്ന രാസവസ്തുക്കളും മാലിന്യങ്ങളും, കായലിലെ ഹെവി മെറ്റല്‍ മുതല്‍ മറ്റനേകം മാലിന്യം കുന്നുകൂടല്‍, അമിത ചൂഷണം, മണല്‍ വാരല്‍, പുഴകള്‍ വറ്റിപ്പോകല്‍, തോട്ട പൊട്ടിച്ചും നഞ്ചു കലക്കിയും പരിസ്ഥിതി തകര്‍ത്തു കളയല്‍ ഇതൊക്കെയാണ്‌ മുഖ്യ കാരണം. വയലും ചെളിപ്രദേശങ്ങളും നികത്തി പുരയിടമാക്കുകയും ചെയ്യുന്നു.

ദേവന്‍: ഫിഷറീസ് വകുപ്പിനു ഒന്നും ചെയ്യാനില്ലേ ഇതില്‍?
പ്രസാദ്: മീന്‍ വളരാന്‍ ഇടമില്ലാതെ ആകുന്നതില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ്, അല്ലെങ്കില്‍ ഒരു കൂട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമായി ചെയ്യാന്‍ കഴിയുന്നത് പരിമിതമാണ്‌. കരിമീന്‍ കാളാഞ്ചി തുടങ്ങിയവയെ റിലീസ് ചെയ്യുന്ന  പ്രോജക്റ്റ് ആശാവഹമാണ്‌. ഉജ്വലവിജയം ആറ്റു‌കൊഞ്ചിലാണ്‌ സാധ്യമായത്. ആറ്റുകൊഞ്ച് വംശനാശത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ്‌ ഞങ്ങള്‍ 'ഒരു നെല്ലും ഒരു മീനും' പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്.  അമ്പതു വര്‍ഷം മുന്നേയുണ്ടായിരുന്ന പോപ്പുലേഷനില്‍ എത്തിച്ചു ആറ്റുകൊഞ്ചിനെ ഇപ്പോള്‍.

7 comments:

  1. Thanks a million ദേവേട്ടാ ... ചുമ്മാ ഇൻഫമേറ്റിവ് എന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് ഏറ്റവും കുറഞ്ഞ വിശേഷണമാകും...!

    പല ആശങ്കകളും അകറ്റുന്നതിലുപരി, ഇത്രയേറെ concerned and dedicated ആയി പണികൾ നടക്കുന്നുണ്ട് ഈ വകുപ്പുകളിൽ എന്നതിൽ അഭിമാനമുയർത്തുന്ന പോസ്റ്റ് !

    പി.സി പിള്ള സാറിനു ഒരു മുയ്ത്ത നന്ദി !

    ReplyDelete
  2. നന്നായിട്ടുണ്ട്... ഇനി ചർച്ചയിലൂടെ കാര്യങ്ങൾ വെളിവാകട്ടെ...

    ReplyDelete
  3. ഇതിന്റെ ഒരു ലിങ്ക് http://jagrathablog.blogspot.com/2010/12/blog-post_5108.html ഇവിടെ ഇട്ടിട്ടുണ്ട്. നന്ദി ദേവന്‍.

    ReplyDelete
  4. ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും അറിവുകളുമാണ് നമ്മുടെ മീഡിയയില്‍ നിറയേണ്ടത്. ആത്മാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്നവര്‍ക്ക് പബ്ലിസിറ്റിക്കായി പിച്ചപ്പാത്രവുമായി മീഡിയകള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാന്‍ മനസ്സും സമയവുമുണ്ടാകില്ല എന്നതുകൊണ്ടാകാം സമൂഹത്തിന്റെ ശരിയായ അച്ഛന്മാരായിരിക്കേണ്ട മനുഷ്യസ്നേഹികളായ ഋഷിമാര്‍ സ്വന്തം തപസ്സില്‍ സ്വയം അലിഞ്ഞില്ലാതാകുന്നത് ആരും അറിയുകപോലുമില്ല.
    മൌനമായി കേരളത്തിലെ ജനങ്ങളെ ഒന്നാകെ സ്നേഹിക്കുന്ന വിധം നമ്മുടെ മത്സ്യസംബത്തിനെ സംരക്ഷിക്കാനും വളര്‍ത്തിയെടുക്കാനുമായി
    വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്ന ശ്രീ.പ്രസാദ് ചന്ദ്രന്‍ പിള്ളയെപ്പോലുള്ള നല്ല മനുഷ്യരോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. ശ്രീ.പ്രസാദ് ചന്ദ്രന്‍ പിള്ളയേയും അഭിമുഖകാരന്‍ ദേവനേയും ചിത്രകാരന്‍ അഭിനന്ദിക്കട്ടെ !!!

    കൊങ്കണ്‍ റയില്‍ വേയുടെ പിതാവായ ശ്രീധരനെപ്പോലെ സ്വന്തം ജോലിയെ ജനസേവനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്ന ശരിയായ അച്ഛന്മാര്‍ നമ്മുടെ സമൂഹത്തില്‍ ബ്ലോഗുകളിലൂടെയെങ്കിലും ശ്രദ്ധിക്കപ്പെടട്ടെ. കണ്ടലുകളുടെ സംരക്ഷണത്തിലൂടെ ഋഷിയായിമാറിയ പൊക്കുടനെപ്പോലെ.... ശില്‍പ്പകലയുടെ ജനകീയവല്‍ക്കരണത്തിലൂടെ
    സമൂഹത്തെ സംസ്ക്കരിക്കുന്ന കാനായി കുഞ്ഞിരാമനെപ്പോലെ........ നമ്മുടെ തന്തയില്ലാതെ കിടക്കുന്ന റോഡുകളേയും മൂല്യമറിയാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന ജലാശയങ്ങളേയും നമ്മുടെ
    അഭിമാനമാക്കിമാറ്റാന്‍ കഴിവുള്ള എഞ്ചിനീയറിങ്ങ് പ്രതിഭകളായ സത്യസന്ധതയുള്ള മനുഷ്യര്‍ ജനശ്രദ്ധയിലേക്കുവരാനായി ബ്ലോഗര്‍മാര്‍ ദേവനെപ്പോലെ ഉണര്‍ന്നിരിക്കട്ടെ എന്നാശംസിക്കുന്നു.
    അദ്ധ്വാനത്തിന്റെ മഹത്വത്തെയും, അതു നല്‍കുന്ന ആത്മ നിര്‍വൃതിയുടേയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിത്രകാരന്‍ എഴുതിയ ഒരു പോസ്റ്റിലേക്കുള്ള ലിങ്കു കൂടി ഇവിടെ ചേര്‍ക്കുന്നു.

    മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?

    ReplyDelete
  5. കേരളത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുകയും പുഴകളെ ഒഴുകാൻ അനുവദിക്കുകയും ചെയ്ത് നമ്മുടെ സ്വാഭാവിക മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കുകയാണ് ശരിയായ വഴി...

    ReplyDelete