Friday, April 29, 2011

നൈട്രജന്‍ സൈക്കിള്‍


ഒരു അക്വേറിയത്തിലെ ജൈവഭാഗം മീനുകള്‍ മാത്രമല്ല. അതില്‍ കോടാനുകോടി സൂക്ഷ്മ ജീവികളും ഉണ്ട്. മീനുകളുടെ വിസര്‍ജ്യം, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ ഡീകമ്പോസ് ചെയ്യിക്കുന്ന ബാക്റ്റീരിയകള്‍ അവയില്‍ നിന്നും അമോണിയ വെള്ളത്തിലേക്ക് വിടുന്നു. മറ്റൊരു തരം ബാക്റ്റീരിയ അമോണിയയെ നൈട്രൈറ്റുകള്‍ ആക്കി മാറ്റുന്നു. മൂന്നാമത്തെ തരം ബാക്റ്റീരിയ നൈട്രൈറ്റുകളെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റുകള്‍ ചെടികള്‍ വളമായി എടുക്കുകയോ അല്ലെങ്കില്‍ വെള്ളം മാറുമ്പോള്‍ പുറത്തു പോകുകയോ ചെയ്യുന്നു. ഇതാണ്‌ ടാങ്കിന്റെ നൈട്രജന്‍ സൈക്കിള്‍.

ഇതില്‍ അമോണിയയും നൈട്രൈറ്റുകളും മീനുകള്‍ക്ക് അപകടമുണ്ടാക്കും. അമോണിയ/ നൈട്രൈറ്റ് പോയിസണിങ്ങ് കൊണ്ട് മീനുകള്‍ ചത്തുപോകുന്നത് വലിയ വേദന സഹിച്ച് പിടഞ്ഞു പിടഞ്ഞാണ്‌. ഇവ രണ്ടിന്റെയും തോത് ഉയരാതെ നൈട്രജന്‍ സൈക്കിള്‍ പൂര്‍ണ്ണമായും കാര്യക്ഷമമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതാണ്‌ ടാങ്കിന്റെ സൈക്കിള്‍ മാനേജ്മെന്റ്. കൂടുതല്‍ ലളിതമായി താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന് മനസ്സിലാവും.


 
സാധാരണ ഗതിയില്‍, സെറ്റില്‍ ആയിക്കഴിഞ്ഞ, വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഫിഷ് ടാങ്കിന്റെ നൈട്രജന്‍ സൈക്കിള്‍ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിച്ചോളും എന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നൈട്രജന്‍ പോയിസണിങ്ങ് സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

ഒന്ന്: പുതിയ ഫിഷ് ടാങ്ക്. ഇത് സ്റ്റെറൈല്‍ ആയിരിക്കും. മീനുകള്‍ ജീവിച്ചു തുടങ്ങുന്നതോടെ ഡീകോമ്പോസിഷന്‍ ആരംഭിക്കുകയും അമോണിയ ലെവല്‍ ഉയര്‍ന്ന് മീനുകളെല്ലാം ചത്തുപോകുകയും ചെയ്യാനുള്ള സാദ്ധ്യത വളരെ വളരെ വലുതാണ്‌. ന്യൂ ടാങ്ക് സിന്‍ഡ്രോം എന്നാണ്‌ ഇതിനു പറയുക.

പരിഹാരം: കൃത്യമായും ശ്രദ്ധയോടെയും ടാങ്ക് സൈക്കിള്‍ ചെയ്ത് നൈട്രജന്‍ സൈക്കിള്‍ പൂര്‍ത്തിയായ ശേഷം മാത്രം മീനുകളെ ടാങ്കില്‍ ഇടുക ( ന്യൂ ടാങ്ക് സൈക്ലിങ്ങ് മറ്റൊരു കുറിപ്പാക്കാം)

രണ്ട്: ക്ലോറിനേറ്റ് ചെയ്ത ജലം. വെള്ളം മാറുമ്പോള്‍ മിക്കവരും ടാപ്പില്‍ നിന്ന് ക്ലോറിന്‍ അടങ്ങിയ വെള്ളമാണ്‌ ഒഴിക്കാറ്. ക്ലോറിന്‍ നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയയെ നശിപ്പിക്കുകയും അങ്ങനെ അമോണിയ തോത് ഉയരുകയും ചെയ്ത് വിഷബാധയുണ്ടാകുന്നു.

പരിഹാരം: വെള്ളം മാറുമ്പോള്‍ ഒപ്പം ഡീക്ലോറിനേറ്റര്‍ (നിസ്സാര വിലയ്ക്ക് ഏത് പെറ്റ് സ്റ്റോറിലും കിട്ടും) കുപ്പിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അളവില്‍ ചേര്‍ക്കുക. പൈപ്പുവെള്ളത്തില്‍ ക്ലോറിന്‍ ഉണ്ടെങ്കില്‍ ഓരോ തവണ വെള്ളം മാറുമ്പോഴും നിര്‍ബന്ധമായും ഇത് വേണം.

മൂന്ന്: പെട്ടെന്ന് ടാങ്ക് വൃത്തിശൂന്യമാകല്‍. നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയകള്‍ക്ക് മാനേജ് ചെയ്യാന്‍ പറ്റുന്നതിലപ്പുറം അമോണിയ ഉണ്ടായി മീനിനു വിഷമേല്‍ക്കാം.

പരിഹാരം: മീന്‍ മൂന്നു മിനുട്ടില്‍ പൂര്‍ണ്ണമായും തിന്നു തീര്‍ക്കുന്നതിലും കൂടുതല്‍ തീറ്റ ഒരിക്കലും റ്റാങ്കില്‍ ഇടരുത്. ടാങ്കിന്റെ അടിവശം രണ്ടാഴ്ചയില്‍ ഒരിക്കല്‍ സൈഫണ്‍ ചെയ്യണം. മാസത്തില്‍ രണ്ടുതവണ- ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും മൂന്നില്‍ രണ്ട് ഭാഗം വെള്ളം മാറണം.

നാല്‌: മിനി സൈക്ലിങ്ങ്. നൈട്രജന്‍ ഫിക്സിങ്ങ് ബാക്റ്റീരിയ വെള്ളത്തില്‍ ഒഴുകി നടക്കുന്നവയല്ല. ഫില്‍ട്ടറിലും ഗ്രേവലിലും ഡെക്കറേഷന്റെ പുറത്തും ഒക്കെ ഇവ കോളനിയായി താമസിക്കുകയാണ്‌. ഫില്‍ട്ടര്‍ കോട്ടണ്‍, സബ്സ്റ്റ്റേറ്റ് ഗ്രേവല്‍ എന്നിവ പൂര്‍ണ്ണമായും മാറ്റിയാല്‍ ഇവയുടെ കുലമറ്റ് ടാങ്ക് മിനി സൈക്ലിങ്ങിലേക്ക് പോയി അമോണിയ പോയിസണിങ്ങ് ഉണ്ടാവും.

പരിഹാരം: കോട്ടണും ഗ്രേവലും ഒരേ സമയം മാറ്റുകയോ കഴുകുകയോ ചെയ്യരുത്. നിവൃത്തിയുണ്ടെങ്കില്‍ കോട്ടണ്‍ രണ്ട് പീസ് ആക്കി മുറിച്ചിട്ടിട്ട് ഒരു സമയം പകുതി മാത്രം മാറ്റുക. ടാങ്കിലെ സാധനങ്ങളെല്ലാം എടുത്ത്, മീനിനെ മറ്റൊരു ടാങ്കില്‍ ആക്കി മൊത്തം കഴുകി വൃത്തിയാക്കല്‍ ചെയ്യരുത്. ഇനി അഥവാ അങ്ങനെ ചെയ്യേണ്ട ഒരു സാഹചര്യം ( ഉദാഹരണം- ലീക്ക് ഫിക്സ് ചെയ്യാന്‍, വീടുമാറാന്‍) വരികയാണെങ്കില്‍ അതിന്റെ പുതിയ ടാങ്കായി പരിഗണിച്ച് സൈക്കിള്‍ ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷം മീനിനെ തിരിച്ച് അതില്‍ വിടുക)

അഞ്ച്: മീന്‍ ചത്ത് അമോണിയ പോയിസണിങ്ങ് ഉണ്ടാകല്‍.
പരിഹാരം: ടാങ്കിനെ എല്ലാ ദിവസവും രണ്ടുമൂന്ന് മിനുട്ട് നിരീക്ഷിക്കണം. മീനുകള്‍ എന്തെങ്കിലും ചത്ത് ചെടികള്‍ക്ക് ഇടയിലോ മറ്റോ പോയിക്കിടപ്പുണ്ടെങ്കില്‍ അപ്പോള്‍ തന്നെ എടുത്ത് കളയുക.

ആറ്‌: ക്രൗഡിങ്ങ്.
മീനുകള്‍ ടാങ്കിനു താങ്ങാവുന്നതിലും കൂടുതല്‍ ആണെങ്കില്‍ അമോണിയ പോയിസണിങ്ങ് (മറ്റു നാനാവിധ കുഴപ്പങ്ങളും) ഉണ്ടാകും

പരിഹാരം: മീനിന്റെ അഡല്‍റ്റ് സൈസ് കണക്കാക്കി ടാങ്കിന്റെ വലിപ്പത്തിനു പരമാവധി താങ്ങാവുന്നതിലും താഴെ മാത്രം മീന്‍ വളര്‍ത്തുക.

ഇതെല്ലാം പാലിച്ചാല്‍ അമോണിയ പോയിസണിങ്ങ് ഉണ്ടാവാന്‍ സാധ്യത തീരെക്കുറവായിരിക്കും. എന്നിട്ടും അമോണിയ കൂടി എന്ന് സംശയം എപ്പോഴെങ്കിലും ഉണ്ടായാല്‍:

1.മീനിനു തീറ്റ കൊടുക്കുന്നത് നിറുത്തുക.
2.വേസ്റ്റോ മറ്റോ ഉണ്ടെങ്കില്‍ സൈഫണ്‍ ചെയ്തു കളയുക.
3.മൂന്നില്‍ രണ്ട് വെള്ളം മാറുക. എയറേറ്ററുകള്‍ മാക്സിമത്തില്‍ ആക്കി ഇടുക.
4.ഒരു അമോണിയ ടെസ്റ്റ് കിറ്റ് വാങ്ങി (കടകളില്‍ കിട്ടും) ഓരോ ദിവസവും അമോണിയ ലെവല്‍ നോക്കുക.
5.ലെവല്‍ പൂജ്യത്തിനടുത്തെത്തും വരെ ദിവസേന മേല്പ്പറഞ്ഞത് എല്ലാം ആവര്‍ത്തിക്കുക (രണ്ടോ മൂന്നോ അഞ്ചോ ദിവസം തീറ്റയൊന്നും കൊടുത്തില്ലെങ്കിലും മീനിനു ഒന്നും സംഭവിക്കില്ല)


(സുധീഷ് രാജശേഖരന്‍ ആവശ്യപ്പെട്ട മൂന്നു പോസ്റ്റുകളില്‍ ആദ്യത്തേത്)

No comments:

Post a Comment