Monday, August 23, 2010

ഇരുളടഞ്ഞ ഏടുകളിലൂടെ- 3




ഒന്നാം അദ്ധ്യായം- “കേരളം കൊല്ലവർഷാരംഭത്തില്‍ “ ഇങ്ങനെ തുടങ്ങുന്നു “കൊല്ലം ഒന്നാം ശതകം കേരളത്തിന്റെ സുവർണ്ണ യുഗമായിരുന്നു. പ്രജാക്ഷേമ തൽ‌പ്പരരായ കുലശേഖരന്മാരുടെ ഭരണത്തിൽ രാജ്യം ഐശ്വര്യദേവതയുടെ കേളീരംഗമായി പരിലസിച്ചു. സാംസ്കാരികമായും സാമ്പത്തികമായും അതിപ്രാചീനകാലം മുതൽ കേരളം ഉന്നതമായ സ്ഥാനം സമാര്‍ജ്ജിച്ചിരുന്നു." മനോഹരമായ ആരംഭം.

എന്തുകൊണ്ട് അങ്ങനെ കരുതാം? പുസ്തകം തുടരുന്നു “ശങ്കരാചാര്യർ, കുലശേഖര അഴ്‌വാര്‍, ചേരമാന്‍ പെരുമാള്‍ നായനാർ തുടങ്ങി അനേകം ദിവ്യജ്യോതിസുകള്‍ ഒന്നിച്ച് ആ കാലഘട്ടത്തിൽ ഉദയം ചെയ്തത് യാദൃശ്ചികമെന്നു കരുതാൻ നിവൃത്തിയില്ല.‘ ഹിന്ദുമത പ്രചാരകനും വേദാന്തിയുമായ ശങ്കരന്‍, പിന്നെ സ്വന്തം രാജ്യം നിലനിർത്തുന്നതിലേക്കല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് മുന്‍ -പിന്‍ കാല പുസ്തകങ്ങളിൽ സാഹിതീ തൽ‌പ്പരർ എന്നല്ലാതെ വിശേഷാല്‍ രേഖയൊന്നുമില്ലാത്ത രണ്ട് രാജാക്കന്മാർ എന്നിവർ ജീവിച്ചിരുന്നെന്നതാണ് കേരളത്തെ ലോകോന്നത രാജ്യമാക്കാൻ ഇളംകുളത്തെ പ്രചോദിപ്പിക്കുന്നത്. ഈ “ദിവ്യതേജസ്സുകളെ” വിട്ടിട്ട് നമുക്ക് മുന്നോട്ട് പോകാം.

മസ്ലീന്‍ തുണിയുടെ ഉല്പത്തി കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം എന്ന് ഇളംകുളം നിരീക്ഷിക്കുന്നു. (പേജ് 34). പരുത്തിക്കൃഷിക്ക് യോഗ്യമല്ലാത്ത ഭൂപ്രദേശമാണ് കേരളത്തിന്റെ എന്ന് തോന്നിയതിനാലും കാകതീയ, ബംഗാള്‍ പ്രദേശങ്ങളാണ് മസ്ലീന്റെ ഉറവിടം എന്ന് സ്കൂള്‍ കാല ഓർമ്മ ഉള്ളതിനാലും Indian textiles: past and present By G. K. Ghosh, Shukla Ghosh ഗൂഗിള്‍ ബുക്സില്‍ നോക്കി. ഇരുപതാം നൂറ്റാണ്ടിലാണ് കേരളത്തിൽ മസ്ലീൻ നിർമ്മിക്കാനുള്ള വിഫലശ്രമമൊന്ന് നടത്തിയെന്നല്ലാതെ നമ്മുടെ തുണി നിർമ്മാണത്തെപ്പറ്റി ആ പുസ്തകത്തിലും ഒന്നും കാണുന്നില്ല.സഞ്ചാരികളും മറ്റു ചരിത്രകാരൻ‌മാരും കാണാത്ത ഈ കേരളാ മസ്ലീന്‍ നെയ്യുക വഴി ഇളംകുളം കേരളത്തിന്റെ കരകൗശല വൈദഗ്ദ്ധ്യം തെളിയിക്കാനാണ്‌ ശ്രമിക്കുന്നത് (പേജ് 35). ചരിത്രപുസ്തകങ്ങളില്‍ കാണാഞ്ഞ് അങ്ങാടികളുടെ ദീർഘവിവരണങ്ങളുള്ള ഉണ്ണുനെലിയാദി സന്ദേശങ്ങളിലും തിരക്കി. ചീനപ്പാത്രം മുതല്‍ മാന്‍‌തോല്‍ വരെ കണ്ടു, മസ്ലീ‍നില്ല.മുത്തും പവിഴവും ഇവിടെ നിന്നു കയറ്റി അയച്ചിരുന്നു എന്നും കാണുന്നു. അതിനെക്കുറിച്ചും വിവരമൊന്നും എനിക്കു കിട്ടിയില്ല. ശ്രീധരമേനോന്റെ പുസ്തകത്തില്‍ പരുത്തി വില്‍ക്കുകയും സില്‍ക്ക് വാങ്ങുകയും ചെയ്യുന്നെന്നല്ലാതെ മസ്ലീന്റെ കാര്യം പറയുന്നില്ല.


രണ്ടാം ചേരകാലത്ത് “നാട്ടിലെങ്ങും ഐശ്വര്യം കളിയാടിയിയിരുന്നു"- രാജശേഖരൻ സ്ഥാണുരവി, രാമവർമ്മ, കോതരവി, ഇന്ദുക്കോത രവി വർമ്മ എന്നിവരുടെ കാലത്തെപ്പറ്റിയാണ്. എന്തടിസ്ഥാനത്തില്‍ എന്ന് പറയുന്നേയില്ല. നാടുവാഴികൾക്ക് കാര്യമായ അധികാരമൊന്നുമില്ല നാട്ടുക്കൂട്ടം എന്ന ജനകീയ പഞ്ചായത്തുകൾ ആയിരുന്നു ഭരണം നടത്തിയിയിരുന്നത് എന്നത് ക്ഷേത്രങ്ങളുടെ പരമാധികാര സ്വഭാവം, പ്രത്യേകിച്ച് മൂഴിക്കുളം കച്ചം പോലെ ഭീകരശിക്ഷാനിയമങ്ങൾ എന്നിവയെക്കുറിച്ച് ഇളംകുളത്തിനു ധാരണയുണ്ടായിരുന്നിട്ടും അവയ്ക്കു വിപരീതമായ പ്രസ്താവനയാണ്. ഇത്തരം ക്ഷേത്രക്കമിറ്റികള്‍ കൊല്ലാരംഭകാലത്തു തന്നെ ഏതാണ്ട് പൂര്‍ണ്ണമായും നമ്പൂതിരിമാര്‍ക്കു മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നതെന്ന് ഇളംകുളം മറ്റൊരു പുസ്തകത്തില്‍ (മലയാളഭാഷയുടെ വികാസ പരിണാമങ്ങള്‍ പേജ് 41) പറയുന്നുണ്ട്. "ശൂദ്രന്‍ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനമാണ്‌ " എന്ന് നിരീക്ഷിച്ച ആചാര്യന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ന്യൂനപക്ഷം പോന്ന നമ്പൂതിരികളുടെ കമ്മിറ്റികള്‍ സമൂഹത്തെ നിയന്ത്രിച്ചിരുന്നു എന്ന് സമ്മതിക്കുന്നതിനു പകരം ഇളംകുളത്തിനു കുലശേഖരന്മാരുടെ ഭരണത്തെയും ഗ്രാമണികള്‍ നിയന്ത്രിച്ചിരുന്നു എന്ന് ഊഹിക്കാൻ ന്യായമുണ്ട് പക്ഷേ വേണ്ടത്ര രേഖയില്ലത്രേ. (പേജ് 37-38).


അങ്ങനെ കയറ്റുമതിച്ചരക്കും നിയമവാഴ്ചയും കഴിഞ്ഞു. അടുത്തത് സാംസ്കാരികം.

“ സ്പെയിനിൽ അറബ് രാഷ്ട്രമായ കതൂര്‍ബാ പോലെ ചുരുക്കം ചില രാജ്യങ്ങളേ അന്നു കേരളത്തെക്കാൾ സാംസ്കാരികമായി പുരോഗമിച്ചിരുന്നുള്ളൂ“ (പേജ് 38). രാജ്യത്തിന്റ് നാനാഭാഗത്തും ഹിന്ദു ബുദ്ധ പാഠശാലകളും കലാശാലകളും ഉണ്ടായിരുന്നു ബുദ്ധമതക്കാർ അവിടെ വൈദ്യവും ഹിന്ദുമതക്കാർ വേദം, തർക്കം, വ്യാകരണം, ജ്യോതിശാസ്ത്രം എന്നിവയും പഠിപ്പിച്ചിരുന്നു എന്ന് തുടർന്നു പ്രസ്താവിക്കുന്നു. കലാശാകളെക്കുറിച്ച് വിശദമായ ഒരദ്ധ്യായം ഈ പുസ്തകത്തിൽ ഉണ്ട്, ദീർ‌ഘമായ ചർച്ച അവിടെയാകാം. ഇവിടെ ഒരു പ്രാധമിക വിശകലനം നടത്തിപ്പോകാം.


രാജ്യത്തെങ്ങും ബുദ്ധമത പാഠശാലകൾ ഉണ്ടായിരുന്നു ( ഒമ്പത് പത്ത് നൂറ്റാണ്ടിൽ) എന്നു പറയുന്ന ഇളംകുളം പേജ് 46-47കളില്‍ പറയുന്നത് നോക്കുക. ആറ് ഏഴ് എട്ട് നൂറ്റാണ്ടുകളിൽ ബുദ്ധസന്യാസികളെ പിടികൂടി പല്ല് പറിക്കുക, സന്യാസിനികളെ വേശ്യളാക്കി വിടുക, അവരെ അങ്ങനെ ചിത്രീകരിച്ച് കാവ്യങ്ങളും പ്രഹസനങ്ങളും എഴുതുക, പിടിച്ച് കഴുവേറ്റുക, ബുദ്ധപ്രതിമകളും വിഹാരങ്ങളും തച്ചു തകർത്ത് അവരെ കാട്ടിലേക്കാറ്റിപ്പാ‍യിക്കുക തുടങ്ങിയ ഭീകര നടപടികൾ കേരളത്തിൽ അരങ്ങേറിക്കഴിഞ്ഞെന്നാണ്. എന്നിട്ട് അടുത്ത നൂറ്റാണ്ടുകളുടെ കഥയിൽ കേരളത്തിലെ ബുദ്ധ പാഠശാലകളുടെ വലിപ്പവും പറയുന്നു. "രാജ്യമെങ്ങും" പോയിട്ട് ഒരെണ്ണത്തിന്റെ പോലും പേര്‍ എവിടെയും കാണുന്നുമില്ല



ഇനി “ഹിന്ദു” ശാലകളുടെ കാര്യം നോക്കാം- പേജ് 149 ലേക്ക് മറിച്ചാൽ “ശൂദ്രനു വിദ്യക്കധികാരമില്ല, അവൻ രണ്ടുകാലില്‍ നടക്കുന്ന ശ്മശാനം പോലെ നികൃഷ്ടനാണ് “.. എന്നു തുടങ്ങി ശൂദ്രൻ വേദം ഉച്ചരിച്ചാല്‍ നാക്കു മുറിക്കണം, വിദ്യാഭ്യാസം നടത്തിയാൽ ശരീരം തന്നെ മുറിക്കണം എന്നു വരെ പോകുന്ന ശങ്കരാചാര്യവചനങ്ങള്‍ ഇളംകുളം തന്നെ ഉദ്ധരിച്ചിരിക്കുന്നു. ഹിന്ദുശാലകളില്‍ ബ്രാഹ്മണര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. പ്രിവിലേജ്ഡ് ആയ ചിലര്‍ താമസിച്ചു പഠിക്കുന്നെന്ന് ഇളംകുളം അവകാശപ്പെടുന്ന ചില ബ്രാഹ്മണ ശാലകളുടെ ബലത്തിലാണ്‌ കര്‍തൂബയ്ക്ക് കിടപിടിക്കുന്ന അഭ്യസ്ഥവിദ്യരുടെ കേരളം നിര്‍മ്മിച്ചുകളഞ്ഞത്!



തൊട്ടു താഴെ ശില്പകലയിലെ കേരളത്തിന്റെ ഔന്നത്യ പ്രസ്ഥാവന കാണുന്നു. പ്രശസ്ത ക്ഷേത്രങ്ങളെല്ലാം അക്കാലത്ത് നിര്‍മ്മിച്ചു എന്നതാണ്‌ ആധാരം- ഇവയില്‍ ഇന്നു കാണുന്ന ശില്പകല പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണോ എന്ന അന്വേഷണം പോലുമില്ല. അതു പോകട്ടെ- മെകോങ്ങ് നദീതടത്തിലും ആങ്ങ്‌കോര്‌വത്തിലും ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാല്‍ പോയവരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉണ്ടെന്ന് "ഊഹിക്കണം" പോലും!. എങ്ങനെ ഊഹിക്കണം ? അവിടത്തെ ക്ഷേത്രങ്ങളില്‍ വ്യക്തമായും ചോള- ഗുര്‍ജ്ജര ശില്പമാതൃകകള്‍ ഉള്ളത് പണ്ടേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ചോളന്റെ പടയോട്ടവും ഗുജറാത്തികളുടെ കുടിയേറ്റവും നടന്ന കാലത്തിനു ശേഷം പണിതവ എന്ന നിലയില്‍ അതില്‍ അതിശയിപ്പിക്കുന്ന ഒന്നുമില്ല താനും.   ( ഇളം കുളം പറയുന്നതു പത്താം നൂറ്റാണ്ടിലെ കാലം, ആങ്ങ്കോര്‍ വത്ത് പതിമൂന്നാം നൂറ്റാണ്ടില്‍ പണിതതും). കേരള ക്ഷേത്രനിര്‍മ്മാണ രീതിയുടെ ഛായ പോലും ഇപ്പറയുന്ന ഖമ്ര് ക്ഷേത്രങ്ങള്‍ക്കില്ലെന്ന് ആര്‍ക്കിയോളജിയിലും പരിചയമുള്ള ഇളംകുളത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.



(സമയ പരിമിതി മൂലം ഒന്നാം അധ്യായത്തെക്കുറിച്ചുള്ള ഈ  പഠനത്തിന്റെ   ബാക്കി അടുത്ത പോസ്റ്റിലേക്ക് നീട്ടിവയ്ക്കുന്നു)

4 comments:

  1. ദേവേട്ടാ, ആദ്യത്തെ ഇളംകുളം ഇത് ബസ്സിലും ഇടണം. പ്ലീസ്.
    എന്നാലേ ബസ്സിൽ അത് ട്രാക്ക് ചെയ്യുന്നവർക്ക് അപ്ഡേറ്റ്സ് കിട്ടൂ.

    ReplyDelete
  2. ബസ്സില്‍ അപ്ഡേറ്റ് ഇട്ടു, നന്ദി :)

    ReplyDelete
  3. ദേവാ, കേരളത്തിലെ മസ്ലിന്‍ പ്രൊഡക്ഷന്‍ - south indian muslin എന്നു ഗൂഗ്ല് ബുക്സില്‍ തിരക്കിയാല്‍ മതി.

    ReplyDelete
  4. ഒരു ലിങ്ക് തരൂ, സംഗതി എനിക്കു കിട്ടിയില്ല.

    ReplyDelete